പകൽനേരത്ത്
റൂഹാങ്കിളി
കരയുന്നത് കേട്ടാൽ
അവളോടി
ഉമ്മൂമ്മാന്റടുക്കലെത്തും…
കണ്ണിറുക്കിയടച്ച്
ഇരുകരങ്ങളും
ചെവികളിലമർത്തിയ
അവളുടെയാ
നിൽപ്പ് കാണുമ്പോൾ,
ഉമ്മൂമ്മയവളെ
മാറത്തേക്കടുക്കിപ്പിടിച്ച്
ആയത്തുൽ കുർസിയ്യോതി
മൂർദ്ധാവിലൂതും…
റൂഹാങ്കിളി കരഞ്ഞാൽ
അടുത്തെവിടെയോ
മരണമുണ്ടാവുമെന്ന്
അവളെയാരോ പണ്ട്
പേടിപ്പിക്കാൻ
പറഞ്ഞിരുന്നത്രെ!
രാത്രിയിൽ
നത്തുകരയുന്ന
ഒച്ചകേട്ടാലവൾ
ഓടിച്ചെന്നുമ്മാന്റെ
മുറിയുടെ
കതകിന് മുട്ടും…
നത്ത് കരഞ്ഞാൽ
ഒത്തു കരയുമെന്ന്
പ്രാസമൊപ്പിച്ചാരോ
പറഞ്ഞുകേട്ടതിൽ
പിന്നെയാണത്രെ
നത്തിന്റെ മൂളലവൾക്ക്
മരണത്തിന്റെ,
വേർപാടിന്റെ,
ഒത്തുകരച്ചിലിന്റെ
താളമായത്!
ബാല്യേക്കാരത്തിയായിട്ടും
പേടിമാറാത്തവളെ,
തള്ളമലൊട്ടീന്നും
പേടിത്തൂറീന്നും
വിളിച്ചോണ്ടനിയന്മാർ
കളിയാക്കിയാലും,
ഉമ്മാനെ കെട്ടിപ്പിടിച്ച്
കിടന്നാലവൾ
നത്തിന്റൊച്ചയെ
പേടിക്കാതങ്ങനെ
ഉറങ്ങിപ്പോയിരുന്നത്
പടച്ചോന്റെ മാത്രം
ഖുദ്റത്തോണ്ടല്ലെന്നും,
ഉമ്മാന്റെ ദേഹത്തിന്റെ
ഇളംചൂടിനും
സുബർക്കത്തിലെ
ഇളംകാറ്റിനും
ഒരേ കുളിരാണെന്നും
അവളിടക്കിടെ
വീമ്പിളക്കിയിരുന്നു.
“ഉം…മ് ഉം… മ്” ന്നും പറഞ്ഞിട്ട്
നത്ത് മൂളുമ്പോഴും,
“റൂഹൈ…”ന്ന് പറഞ്ഞിട്ട്
റൂഹാങ്കിളി കരയുമ്പോഴും,
റൂഹ് പിടിക്കാനെത്തുന്ന
മലക്കുൽമൗത്ത്
അസ്റാഈലിനെ
പറ്റിക്കാനെന്ന മട്ടിലന്ന്
തലയിലൂടെ പുതപ്പിട്ട്
മൂടിക്കിടന്നവളിന്ന്,
അകത്തളത്തിലിട്ട
വീതിയുള്ള മരബെഞ്ചിൽ,
മൂന്നുകഷണം
വെള്ളത്തുണിപൊതിഞ്ഞ്
അനങ്ങാതെ കിടപ്പുണ്ട്…
വെളുപ്പ്
മുന്തിയ നിറമാണെന്ന്
കേട്ടുപഠിച്ചൊരു
പമ്പരവിഡ്ഢിക്ക്
ഉപ്പയവളെ,
നിക്കാഹ് ചെയ്ത്,
ഹലാലായ ഭാര്യയാക്കി
കൈപിടിച്ച്
കൊടുത്തതിൽപ്പിന്നെയാണത്രെ,
കറുപ്പെന്നതേറ്റവും
മോശപ്പെട്ട നിറമാണെന്ന്
നിരന്തരം വിളിച്ച,വളെ
കുറ്റപ്പെടുത്തിയവൻ
കഴുത്തിലണിയിച്ച
മഹർമാലയവൾക്ക്
പെരുംകുരുക്കായി
തോന്നിത്തുടങ്ങിയത്…
നിറംകുറഞ്ഞവളെ
ചുമക്കാനാവില്ലെന്ന്
വിളിച്ചോതിയപ്പോൾ,
നിറംകെട്ടുപോയ
മംഗല്യസ്വപ്നങ്ങളെല്ലാം
തകർന്നടിഞ്ഞ തീരത്ത്
ഒറ്റപ്പെട്ട്, മനസ്സുലഞ്ഞൊരു
ദുർബല നിമിഷത്തിലവൾ
നത്തിന്റെ മൂളലിനെ
പേടിക്കാതെ,
റൂഹാങ്കിളിയുടെ കരച്ചിൽ
വകവെക്കാതെ,
ഒരുമുഴം കയറെടുത്ത്
കഴുത്തിലണിഞ്ഞ്,
റൂഹ് പിടിക്കാനെത്തിയ
മലക്കുൽ മൗത്തിനൊപ്പം,
ബോഡി ഷെയിമിംഗില്ലാത്ത,
കറുപ്പിനും വെളുപ്പിനും
തുല്യതയുള്ളൊരു
ലോകത്തേക്ക്,
ആരോടുമൊന്നുമുരിയാടാതെ,
ഇറങ്ങിപ്പോയ്ക്കളഞ്ഞത്…

By ivayana

Leave a Reply

Your email address will not be published. Required fields are marked *