രചന : രാഗേഷ് ✍
ഇന്നലെ അവൾക്കയച്ച മെസ്സേജ്
ബ്ലു ടിക്ക് ആവുന്നതും നോക്കിയിരിക്കുമ്പോൾ
തികച്ചും ഒരു നേരംപോക്കിന്,
ആമസോൺ കാട്ടിൽ
പേറടുത്ത പേടമാൻ
പൊടിമാനെ
ഡോക്ടർ ആക്കണോ
എഞ്ചിനീയർ ആക്കണോ
എന്ന് ചിന്തിച്ചിരിക്കാൻ വഹയുണ്ടോ
എന്നോർക്കുന്നു!.
കൂടിപ്പോയാൽ
വേഗതയുടെ പുതു റെക്കോർഡുകൾ തുന്നിച്ചേർക്കുന്ന പുള്ളിപ്പുലിയെ
ഓടിത്തോൽപ്പിക്കാൻ മാത്രം
ബലമുള്ള കാലുകളെ
സ്വപ്നം കണ്ടേക്കാം,
മറ്റേ താടിക്കാരന്റെ നിശബ്ദ ഗർജ്ജനം
ഏറെ അകലെനിന്നും കേൾക്കാൻ പാകത്തിലുള്ള
ഘ്രാണശക്തിക്കു വേണ്ടി
പ്രാർത്ഥിച്ചേക്കാം,
അതുമല്ലെങ്കിൽ
പുഴ കടക്കുമ്പോൾ മാത്രം
ഇയാൻ തോർപ്പിന്റെ
ആത്മാവ് ആവേശിക്കണമെന്ന്…
അവളുടെ ബ്ലൂട്ടിക്ക് ഉടനെ തന്നെ സംഭവിച്ചില്ലെങ്കിൽ ചിന്തകൾ ഒരുപാട്
കാട് കയറിപ്പോയേക്കാം.
അവളിപ്പോൾ പൂർവ കാമുകന്
നഗ്നതാ പ്രദർശനം നടത്തുകയായിരിക്കുമെന്ന്
മുൻപരിചയമുള്ള ഒരു പേടമാൻ
സ്വകാരിച്ചു
ഞാൻ അപ്പോൾ ഒട്ടും പ്രിയതരമല്ലാത്ത
ജിന്നിലേക്ക് ചെറുനാരങ്ങാ പിഴിഞ്ഞൊഴിച്ചു.
ഞാൻ അവളുടെ
ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത
ബ്ലൂ ടിക്കിനെ മറന്നുവെന്ന്
എന്നോട് പറഞ്ഞു.
പേടമാന്റെ പൊടിക്കുട്ടിയുടെ പേരിൽ
ഒരു പോളിസി എടുക്കുന്നതിനെക്കുറിച്ച്
ഓർത്തു.
ഞാൻ എത്ര നല്ലവൻ എന്നോർത്തു.