രചന : ബിനോ പ്രകാശ് ✍️
ഒത്തു പോകില്ലൊരിക്കലും നമ്മൾ
വെറുതെ സമത്വം പറയല്ലേ മാനവാ.
നിങ്ങൾ പണക്കാർ ഞങ്ങളോപാവങ്ങൾ
നിങ്ങളുടെ കീഴിൽ പണികൾചെയ്യുന്നവർ
അതുകൊണ്ടൊരിക്കലും ഒത്തു പോകില്ല നാം
വെറുതെ നാമൊന്നെന്ന് പറയല്ലേ മാനവാ.
നിങ്ങൾ വെളുത്തവർ ഞങ്ങൾ കറുത്തവർ
നിറങ്ങളിൽ ഭേദമുണ്ടല്ലോ മാനവാ.
നിങ്ങൾ വരുമ്പോൾ അത്തറിൻ സുഗന്ധം
ഞങ്ങൾ വരുമ്പോൾ വിയർപ്പിന്റെ ഗന്ധം
നിറത്തിലും മണത്തിലും വേർതിരിവുണ്ടാക്കി
അകറ്റി നിർത്തുന്നു ഞങ്ങളെയെന്നെന്നും.
പള്ളിയിൽ നിങ്ങൾക്ക് മുഖ്യാസനങ്ങൾ
ഞങ്ങൾ പുറകിലെ കാഴ്ച വസ്തുക്കൾ
അവിടെയും വേർതിരിവുണ്ടല്ലോ മാനവാ
പിന്നെന്ത് ഭക്തി ചിന്തിക്കൂ മാനവാ.
കഴിവില്ലാ നിങ്ങൾക്ക് പണത്തിന്റെ ശക്തിയാൽ
ഒരുങ്ങുന്നു വേദികൾ നിരവധിയായ്
കഴിവുണ്ട്,കലയുണ്ട് പണമില്ലാ കാരണം
കലയെ ചുമന്നുകൊണ്ടലയുന്നു ഞങ്ങൾ.
നിങ്ങളുടെ മക്കളടി വസ്ത്രമണിഞ്ഞു
തെരുവിൽ നടന്നാലത് ഫാഷനാകും
ഞങ്ങളുടെ മക്കളങ്ങനെ നടന്നാൽ
പരിഹാസമഴപെയ്യും വീഥികളിൽ.
നീതിയും ന്യായവും നിങ്ങൾക്ക് മാത്രം
ഞങ്ങൾക്ക് മുന്നിൽ അടഞ്ഞ വാതിൽ
കയ്യിൽ പണമുള്ളവനെന്തുമാകാം
ഇല്ലാത്തവനോ അഴികളെണ്ണാം.
സമത്വം പറയുമ്പോൾ ഒന്നോർക്കുക മാനവ
വേർതിരുവുകൾ ഭരിക്കുന്നു മാനവനെ.