രചന : രാജേഷ് മനപ്പിള്ളിൽ✍
ഏവർക്കുമുണ്ടവരുടേതായൊരു സൗന്ദര്യം
ഏവരിലുമത് തെളിഞ്ഞിരുപ്പതുമുണ്ട്
കണ്ടെടുക്കേണ്ടതായിട്ടൊന്നുമില്ല
കാണാത്തതാണ് തിരിച്ചറിയാത്തതാണ്
ആരും ആരേക്കാൾ സൗന്ദര്യമുള്ളവരല്ല
ഒരു രൂപവും മറ്റൊന്നിനേക്കാൾ മികച്ചതുമല്ല
ഏതിനുമുണ്ടതിൻ്റെതായൊരു വശ്യത
ഏത് നിറത്തിനുമുണ്ടതിൻ്റെതായ കാന്തി
ഒന്നും ആരും സ്വയം സൃഷ്ടിച്ചതുമല്ല
ഒന്നിൻ്റേയുമേൽ ആർക്കും അധികാരവുമില്ല
ഒന്നു ഇടറിയാൽ തീരാവുന്നതേയുള്ളൂ
ഒരു ഞെട്ടലിൽ കൊഴിയാവുന്നതേയുള്ളൂ
കാണുമ്പോഴുള്ള ആകർഷണത്തിനപ്പുറം
കൂടുമ്പോൾ തെളിഞ്ഞീടും യഥാർത്ഥ സൗന്ദര്യം
പുറം മോടികളിൽ തെളിയുന്നതല്ല സൗന്ദര്യം
അകമെ നടനമാടീടും ഭാവതാളം സൗന്ദര്യം.