കാത്തിരിപ്പിനൊടുവിൽ, പ്രവാസി മലയാളികളുടെ സ്വന്തം സംരംഭമായ എയർ കേരള വിമാന കമ്പനിയുടെ ആദ്യ സർവീസ് ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും.
ഇതിനായി അഞ്ച് വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസിനായി ഒരുക്കങ്ങൾ ആരംഭിച്ചതായി കമ്പനി ഭാരവാഹികൾ കൊച്ചിയിൽ അറിയിച്ചു.
രാജ്യത്തെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ച് ആഭ്യന്തര സർവീസുകളാണ് ആദ്യ ഘട്ടത്തിൽ നടത്തുന്നത്. പോക്കറ്റ് കാലിയാക്കാതെ സാധാരണക്കാർക്കും വിമാന യാത്ര സാധ്യമാകുന്ന വിധത്തിലായിരിക്കും ടിക്കറ്റ് നിരക്കുകൾ.

കേരളം ആസ്ഥാനമായുള്ള ആദ്യ വിമാന സർവീസായ എയർ കേരളയുടെ പ്രവർത്തന കേന്ദ്രം കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കുമെന്ന് ചെയർമാൻ അഫി അഹമ്മദ് അറിയിച്ചു.
കിടമത്സരം നടക്കുന്ന വ്യോമയാന മേഖലയിലെ മലയാളി സംരംഭകരുടെ രംഗപ്രവേശത്തെ ഏറെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്.
76 സീറ്റുകൾ ഉള്ള വിമാനത്തിൽ എല്ലാം ഇക്കണോമി ക്ലാസുകൾ ആയിരിക്കുമെന്ന് സി.ഇ.ഒ ഹരീഷ് കുട്ടി പറഞ്ഞു.

കുറഞ്ഞ ടിക്കറ്റ് നിരക്കും സമയ ബന്ധിതമായ സർവീസുമാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്. സ്വന്തമായി വിമാനങ്ങൾ വാങ്ങാൻ കമ്പനിക്ക് പദ്ധതിയുണ്ട്. എന്നാൽ ഇതിന് നാല് വർഷമെങ്കിലും വേണ്ടി വരുമെന്നതിനാലാണ് വാടകയ്ക്ക് വിമാനങ്ങൾ എടുക്കുന്നത്. വാടകയ്ക്കെടുക്കുന്ന വിമാനങ്ങൾ ഏപ്രിലിൽ കൊച്ചിയിൽ എത്തിക്കും. ഇതുസംബന്ധിച്ച് ഐറിഷ് കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ട്.
സെറ്റ്ഫ്‌ലൈ എവിയേഷൻസ് ആണ് എയർ കേരള എന്ന പേരിൽ വിമാന സർവീസ് ആരംഭിക്കുന്നത്. വിമാന ജീവനക്കാരിൽ കൂടുതൽ പേരും മലയാളികളായിരിക്കും. രണ്ട് വർഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം 20 ആക്കി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പിന്നാലെ വിദേശ സർവീസുകൾ തുടങ്ങാനും കമ്പനി പദ്ധതിയിടുന്നു. ഗൾഫ് മേഖലയിലായിരിക്കും ആദ്യ വിദേശ സർവീസ്.

By ivayana

Leave a Reply

Your email address will not be published. Required fields are marked *