രചന : വൈഗ ക്രിസ്റ്റി ✍
പെരുന്നാള് വർക്കിയെ അറിയാവോ ?
ഹ! ആ ഒടങ്കൊല്ലിക്കേറ്റം കേറിച്ചെന്ന് നിക്കുന്നെടത്ത്
നമ്മടെ തൊരപ്പൻ തങ്കൻ്റെ വീടിൻ്റെ മോളില് ..?
ആ … അതു തന്നെ
നല്ല അധ്വാനിയാന്നേ
രണ്ടേക്കറ് നെറച്ചും ദേഹണ്ണം
കാപ്പി ,കുരുമൊളക് ,പ്ലാവ്,
മാവ് ,അങ്ങനെയങ്ങനെ
ഒറ്റക്കൊഴപ്പവേയൊള്ളു
പുള്ളി പള്ളീ പോകത്തില്ല
എടവക വികാരി മാറിയാലും
ആനയെറങ്ങിയാലും
വർക്കിക്ക് പുല്ലാ … പുല്ല്
അല്ലേത്തന്നെ പള്ളീ പോയിട്ടിപ്പം എന്നാത്തിനാന്നാ അങ്ങേര് പറയുന്നെ
ദൈവമെങ്ങാനുമവിടെയൊണ്ടോ ?
ഒണ്ടേത്തന്നെ…
എടവകേലെ പ്രമാണിമാരുടെ പള്ളും പത്രാസും
അച്ചമ്മാരുടെ തമ്മീത്തല്ലും
പെണ്ണുങ്ങടെ കരച്ചിലും പ്രാക്കും നേർച്ചയും
കണ്ടു കണ്ടെപ്പഴേ കുരീശേന്നെറങ്ങിയോടിക്കാണും
സാമം …ദാനം … ഇത്യാദി വഹകളിലൊന്നും
അങ്ങേര് വീഴത്തില്ല
‘എൻ്റെ പൊന്നച്ചോ …!
നമ്മളെയങ്ങ് വിട്ടേര് .. ‘
ഉപദേശിക്കാൻ വരുന്ന അച്ചനോട്
വർക്കി പറയും
‘പെണ്ണുംമ്പുള്ള പണ്ടേ ഭക്തമണിയായിരുന്നു
അതുകൊണ്ടായിരിക്കും
നാലാമത്തവളെ പെറ്റും വച്ച്
അങ്ങോട്ട് പോന്നിട്ടൊണ്ട് …
മൂത്തവൻ
പൂപ്പത്തലയൻ തൊമ്മി
അതിൻ്റെളേവൻ
വെടിവച്ചാലും കൂടി കേക്കത്തില്ലാത്ത
തങ്കി
പിന്നെ …
മോളമ്മയെന്ന കുടുംബവെളക്ക്
( മണ്ണെണ്ണ കൊറവായോണ്ട്
എടക്കേ കത്താറൊള്ളു)
പിന്നെ മൊയലുംകുഞ്ഞ് മത്തായി
ഇത്രേം മക്കളും
എവമ്മാരുടെ പെമ്പറന്നോത്തിമാരും
മക്കളും
പേരൊക്കെ പറയാന്നിന്നാ
പേജ് തെകയത്തില്ല
ഞാൻ മറന്നും പോകും
അതുകൊണ്ടത് വേണ്ട
എല്ലാരും ,
നല്ലൊന്നാന്തരം ദൈവഭക്തരാ
എല്ലാ ദെവസോം പള്ളീപ്പോകും
പിരിവെല്ലാം തരും
പെരുന്നാളിന് അണിഞ്ഞൊരുങ്ങി
റാസയ്ക്ക് ചെല്ലും
അപ്പൻ ഉണ്ടോ തിന്നോന്ന്
ഏഹേ!
അല്ല അവർക്കതിനെവിടെ നേരം!
പിരിവിൻ്റെ കാര്യവും
ദൈവസ്നേഹവും
പിന്നെ വഴക്കു പെണക്കങ്ങളും
ഒക്കെ വിസ്തരിക്കുന്നേനെടക്ക്
തമ്മീ സ്നേഹിക്കാനാര് പറയുന്നു !
അതു കൊണ്ടച്ചോ !
എന്നെ വിട്ടേര്
ഞാനൊരു വരവൊണ്ട് …
അതെൻ്റെ കുഞ്ഞന്നത്തിൻ്റെ
കൂടെ കുഴീലേക്കാരിക്കും
അതോണ്ടിപ്പഴച്ചൻ പോ …
പോയിട്ടാ പള്ളിമുറി നന്നാക്കാനൊള്ള
കാശു പിരി…’
എങ്ങനൊണ്ട് !
ഇതാണ് പെരുന്നാള് വർക്കി
പെരുന്നാളിന് പോലും പള്ളി കാണാത്തവൻ