തെരുവോരത്തെപ്പട്ടി കുരയ്ക്കട്ടെ,നാമതിൻ
കുരയൽ കേൾക്കാതേവം നടന്നേനീങ്ങീടുക
കാരസ്കരത്തിൻകായ മധുരിക്കുമോ,പാലി-
ലാരൊരാളൊരു നൂറുവർഷമിട്ടുവയ്ക്കിലും?
മനസ്സിൽ മാലിന്യത്തിൻ കൂമ്പാരംപേറീടു ന്നോർ-
ക്കനിശം ദുർഗ്ഗന്ധമല്ലാതെമറ്റെന്തുണ്ടാവൂ!
ബുദ്ധിശൂന്യൻമാർക്കറിഞ്ഞീടുവാനായീടുമോ,
ഹൃദ്യതയോലും കാവ്യബിംബങ്ങൾ തൻസാരങ്ങൾ?
തെരുവോരത്തെപ്പട്ടിക്കുണ്ടാമോ പിതൃത്വത്തിൻ
പരിപാവന സങ്കൽപ്പങ്ങളിന്നൊട്ടെങ്കിലും?
വല്ലതുമുച്ഛിഷ്ടങ്ങൾ ലഭിച്ചീടിലേയതി-
നുല്ലാസമുണ്ടായിടൂ,വാലൊന്നു കുലുക്കിടൂ!
എത്രകണ്ടധപ്പതിച്ചിന്നുനാം കാണുംലോകം!
എത്രനാളതിൻ വ്യാപ്തിയുണ്ടാകുമൊന്നോർക്കുകിൽ!
കാലമേ,നിൻകരങ്ങൾക്കാവട്ടേ ദുഷ്കർമ്മത്തെ,
കാലേയൊടുക്കി,സത്യധർമ്മത്തെപ്പുലർ ത്തുവാൻ
നീചമാർഗ്ഗങ്ങൾ തേടിനടക്കും നിഷാദൻമാർ-
ക്കാജൻമം ലഭിക്കുമോ ജ്ഞാനത്തിൻ നറുവെട്ടം?
പതിരിൻപൊള്ളത്തരം കണ്ടറിഞ്ഞീടാനായി-
ട്ടതിരില്ലാതുണ്ടാകും പുതുനാമ്പുകൾ നീളേ!
മദ്യത്തിൻ ലഹരിയിൽപ്പെട്ടുഴന്നീടുന്നോർക്കി-
ന്നത്യപാരമാം പ്രപഞ്ചത്തെ വീക്ഷിക്കാനാമോ?
പാരിജാതത്തിൻ പരിമുഗ്ധഗന്ധത്തെപ്പറ്റി-
യാരൊരാൾ പരിഹസിച്ചാലുമതെല്ലാംവ്യർത്ഥം
തെരുവോരത്തെപ്പട്ടി കുരച്ചാൽ നമുക്കെന്തേ,
കുരയ്ക്കാനല്ലാതതി,നെന്തുസാധിപ്പൂചിരം!
വംശപാരമ്പര്യത്തെ മാറ്റിടാനാർക്കാവുന്നൂ,
ദംശനമേറ്റീടാതെ നടന്നേനീങ്ങീടുനാം.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *