രചന : ജയരാജ് പുതുമഠം.✍
ചുളിഞ്ഞ ഹൃദയത്തിൻ
തളർന്ന ധമനിയിലണിയാൻ
അപരിചിതരാഗങ്ങൾതേടി
‘കർണ്ണാടക’ത്തിലും
‘ഹിന്ദുസ്ഥാനി’യിലും
സ്വരസ്ഥാനങ്ങളേറെ
കയറിയിറങ്ങി പഥികൻ
ജാലകപ്പഴുതിലൂടെ ചിതറിയ
ഋതുപരിണാമ രശ്മികളിൽ
സമയസന്ധിതൻ ഗന്ധം
സപ്തവർണ്ണ നൃത്തച്ചുവടുകളായ്
തെളിഞ്ഞു അകക്കാഴ്ചയിൽ
നാട്യമില്ലാതെ
ജീവസാമ്രാജ്യത്തിൻ
ഉദ്യാനപാലകാ…
മേഘരാജ്യങ്ങളിൽ അങ്ങയോട്
കേണുനിന്ന ദിനങ്ങളിൽ
ഒരു നാദശലഭം പറന്നുവന്നെന്റെ
തോളിൽ മന്ത്രിച്ചു
“നെടുവീർപ്പുകളുടെ
ചിലങ്കമണികളിൽനിന്ന്
അപസ്വരങ്ങൾ
കൊഴിഞ്ഞു വീണിരിക്കുന്നു”
ഏറ്റുവാങ്ങൂ, കാലം നീട്ടുന്ന
കനിവിൻ പാരിതോഷികങ്ങൾ “
യാരോ ഒരാൾ അവിരാമം
ഉള്ളിന്റെയുള്ളിൽ കാറ്റുവിതച്ച്
ഹാർമോണിയത്തിൽ
തിരയിളക്കം തീർക്കുന്നു.