രചന : ജോൺ കൈമൂടൻ. ✍
അന്തേവാസികളെ കാണുവാനാശിച്ചു
ചിന്തിച്ചുനിൽക്കാതെ ചെന്നങ്ങൊരുദിനം.
ചന്തമായെത്തിഞാൻ ആ സ്നേഹപഞ്ജരം
പന്തിഭോജനവും ഉണ്ടുഞാനന്നേക്ക്.
അച്ചനെക്കണ്ടു വണങ്ങിഞാൻനിൽക്കവേ
പിച്ചവെച്ചെത്തിയിതാ ഗേഹവാസികൾ.
കൊച്ചനുമച്ഛനും ഒന്നായണിയായി
പച്ചമനുഷ്യരെപ്പോൽ അവരൊന്നായി.
പാടുവാനോടുന്നു ആടുന്നുപാടുന്നു,
പാടുന്നപാട്ടോ സ്ഫുടവുംഹൃദിസ്തവും.
പാട്ടിന്റെശീലിൽ കദനംനിഴലിപ്പൂ
പാട്ടിൽമയങ്ങി ഇരിക്കുന്നനേകരും.
കാട്ടവേ താത്പര്യം ഫോട്ടോപിടിക്കുവാൻ
കാട്ടുന്നമന്ദസ്മിതത്തിലും കരിനിഴൽ.
കാഷുവൽ, ടീഷർട്ട് കുട്ടിനിക്കറുമുണ്ട്
കണ്ടില്ലമുണ്ടുകൾ കണ്ടതോ ബെർമുഡ.
കാട്ടുന്നുനേരേ പരിചിതഭാവവും
നീട്ടുന്നുകൈകളും ഹസ്തദാനത്തിനായ്
ഊട്ടിനുശേഷം ചുംബിക്കുവാനായുന്നു
കെട്ടിപ്പിടിക്കുവാനുംശ്രമം ലോലരിൽ.
അച്ചടക്കംകാട്ടി പ്രാർത്ഥിക്കുവാൻനിൽക്കും
ഇച്ഛയുണ്ടേവർക്കും സ്വച്ഛമിരുന്നിടാൻ.
കച്ചമുറുക്കുന്നു വീടണഞ്ഞീടുവാൻ
ഇച്ചിരി സ്നേഹത്തിനായിട്ടു കേഴുന്നോർ.