“ഇന്നലെ രാത്രി പന്ത്രണ്ടര സമയം. ഡൽഹി അന്തർദേശീയ വിമാനത്താവളം. ടെർമിനൽ 3. ഒരാഴ്ച നീണ്ട യാത്രകൾക്ക് ശേഷം വെളുപ്പിന് നാലേമുക്കാലിന് തിരുവനന്തപുരത്തേയ്ക്കുള്ള അടുത്ത വിമാനം പിടിക്കാനുള്ള ശ്രമത്തിലാണ് ഞാൻ.
ഡൽഹിയിലെ ടെർമിനൽ 3 വലുപ്പത്തിലും കാഴ്ചയിലും മഹത്തരമാണ്. നാല് മണിക്കൂർ കൈയിലുള്ളതിനാൽ ഞാൻ റിലാക്സ്ഡ് ആയിരുന്നു. അതുകൊണ്ട് തന്നെ പതിവിന് വിപരീതമായി പല കാര്യങ്ങളും സമയമെടുത്ത് ചെയ്തു. ചുറ്റിനും നടക്കുന്ന കാര്യങ്ങൾ ഇത്തവണ കൂടുതൽ ശ്രദ്ധിച്ചു.

‘ഡൊമസ്റ്റിക് ട്രാൻഫർ’ എന്ന ബോർഡ് കണ്ടപ്പോൾ അവിടെ നിന്ന സ്റ്റാഫിനോട് എൻ്റെ ബോഡിംഗ് പാസ് കാണിച്ചു. അവിടത്തെ ക്യൂവിൽത്തന്നെ കയറാൻ അയാൾ പറഞ്ഞു. ക്യൂവിൽക്കയറി മുന്നിലെത്തിയപ്പോൾ അടുത്തയാൾ തടഞ്ഞു. പുറത്തിറങ്ങി ഒരറ്റത്തെ എസ്കലേറ്റർ വഴി രണ്ടാം നിലയിലേയ്ക്ക് പോകാൻ കുപിതനായി അയാൾ പറഞ്ഞു. ആ ചെറിയ വഴിയിൽ എൻ്റെ പിന്നിൽ ക്യൂ നിന്നിരുന്ന മനുഷ്യരെ മുഴുവൻ പാടുപെട്ട് തുഴഞ്ഞ് മാറ്റി ഞാൻ പുറത്തിറങ്ങി.

എസ്കലേറ്റർ വഴി രണ്ടാം നിലയിലെത്തിയപ്പോൾ വിമാനങ്ങളുടെ വിവരങ്ങൾ നോക്കാനുള്ള ഇലക്ട്രോണിക് ബോർഡ് വളരെ അകലെയാണ്. ഇത്രയും വലിയ വിമാനത്താവളത്തിൽ അവിടവിടെ ചെറിയ ടെലിവിഷനുകളെങ്കിലും വച്ച് ഈ വിവരങ്ങൾ കാണിക്കേണ്ടതുണ്ട്. അത് ചെയ്തിട്ടില്ല.
ബാഗുകളുമായി നടന്ന് ഒടുവിൽ ഞാൻ ആ ഏക ബോർഡിന് മുന്നിലെത്തി. അതിൽ കുറിച്ചിരിക്കുന്നത് എയർ ഇന്ത്യ യാത്രക്കാർക്ക് ‘എ’ മുതൽ ‘ഇ’ വരെയുള്ള കൗണ്ടറുകളിൽ ചെക്കിൻ ചെയ്യാമെന്ന്. ‘ഇ’ കൗണ്ടറായിരുന്നു ഏറ്റവും അടുത്തത്. അവടെച്ചെന്നപ്പോൾ ‘ഡി’ യിൽ പോകാൻ പറഞ്ഞു. എന്നാൽ യഥാർത്ഥ കൗണ്ടർ ‘ബി’ ആയിരുന്നു.

ചെക്ക് ഇൻ ചെയ്യാൻ ക്യൂ നിൽക്കുമ്പോൾ ക്യൂവിൽ നിൽക്കുന്ന ആരെയും കൂസാതെ ചിലർ മുന്നിൽ നിന്ന ഞങ്ങളെ വകവയ്ക്കാതെ കടന്നു പോയി. എൻ്റെ മുന്നിൽ നിന്നിരുന്ന വിദേശ വനിത ദേഷ്യത്തോടെ എന്തോ പറഞ്ഞിട്ട് തിരിഞ്ഞ് എന്നെ നോക്കി. ഞാൻ അവരോട് രാജ്യത്തിന് വേണ്ടി ക്ഷമ ചോദിച്ചു. ഇവിടെ പലരും ഇങ്ങനെയാണ്, ക്ഷമിക്കണം എന്ന് പറഞ്ഞു. അവർ തൽക്കാലം ക്ഷമിച്ചതായി തല കുലുക്കി. അവരുടെ ബാക്കി ദിവസങ്ങളെയോർത്ത് ഞാൻ ഉൽക്കണ്ഠപ്പെട്ടു 😃
ചെക്ക് ഇൻ കഴിഞ്ഞ് സെക്യൂരിട്ടി പരിശോധനയ്ക്കെത്തി. ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ഒഴികെ ഒരു വിധം വസ്തുക്കളെല്ലാം വലിയ ട്രേകളിൽ ഊരി വയ്ക്കണം. അതുമൂലണ്ടാകുന്ന താമസത്തിൽ ദേഷ്യം വന്ന് പിന്നിൽ നിന്ന ഒരു ചെറുപ്പക്കാരൻ എൻ്റെ ട്രേ പെട്ടെന്ന് മുന്നോട്ട് തള്ളി. കൃത്യ സമയത്ത് ഞാൻ പിടിച്ചതുകൊണ്ട് എൻ്റെ ലാപ്ടോപ്പ് കമ്പ്യൂട്ടർ ഉൾപ്പെടെ പലതും വച്ചിരുന്ന ട്രേ നിലത്തു വീണില്ല. അയാളുടെ അരിശം അപ്പോഴും അടങ്ങിയിട്ടില്ല.

സെക്യൂരിട്ടി പരിശോധനക്കാർക്ക് മുഴുവൻ പേർക്കും മുഖത്ത് വലിയ ദേഷ്യം. അവർക്കെല്ലാം ജനിച്ചപ്പോഴേ ഈ മുഖമായിരുന്നെന്ന് തോന്നി.
എൻ്റെ ചില ഇലക്ട്രോണിക് സാധനങ്ങൾ വിശദ പരിശോധനയ്ക്കായി മാറ്റിവയ്ക്കപ്പെട്ടു. കണ്ണിൽക്കണ്ട കിടുപിടി സാധനങ്ങളുമായി ഈ പാതിരാത്രി താനെവിടെപ്പോകുന്നു എന്ന ഭാവമായിരുന്നു അവിടത്തെ ഉദ്യോഗസ്ഥന്. അരിശം പൂണ്ട പരിശോധനയ്ക്കിടയിൽ എൻ്റെ മെഡിക്കൽ കിറ്റിലെ സ്റ്റെതസ്കോപ്പ് കണ്ടപ്പോൾ അയാൾ എന്നെ നോക്കി ഡോക്‌ടറാണ് അല്ലേ എന്ന് ചോദിച്ചു. അയാൾ അല്പം മയപ്പെട്ടിരിക്കുന്നു. ഭാഗ്യത്തിന് വിമാനത്താവളം ഡൽഹിയായിരുന്നു. കേരളമായിരുന്നെങ്കിൽ സ്റ്റെതസ്കോപ്പിന് ചിഹ്നത്തിൻ്റെ അർത്ഥവും ഉണ്ടല്ലോ.

സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് മുന്നോട്ട് നീങ്ങുമ്പോൾ കഴുത്തിൽ ഐഡി കാർഡിട്ട കുറച്ച് ചെറുപ്പക്കാർ തമാശ പറഞ്ഞ് ഒച്ചവച്ച് ചിരിക്കുന്നു. പെട്ടെന്ന് അതിലൊരാൾ ചുമയ്ക്കുന്നു. പിന്നെ താമസിച്ചില്ല. തൊട്ടടുത്തുള്ള ഡസ്റ്റ് ബിന്നിലേയ്ക്ക് അയാൾ കാർക്കിച്ച് തുപ്പുന്നു. വിവിധയിനം വേസ്റ്റുകൾ ഇടാൻ പ്രത്യേകം ബിന്നുകൾ ഉണ്ട് അവിടെ. ജൈവമാലിന്യത്തിനുള്ള ബിന്നിലേയ്ക്കല്ല അയാൾ തുപ്പിയത് 😃 കൂടെ നിന്നവർക്കാർക്കും ആ തുപ്പലിൽ അപാകത തോന്നിയില്ല. മാത്രമല്ല, ഐക്യദാർഡ്യം പ്രകടിപ്പിക്കാൻ മറ്റൊരു ചെറുപ്പക്കാരൻ കൂടി അതിൽ ആഞ്ഞു തുപ്പി.
ഒരുപാട് രാജ്യങ്ങൾ സഞ്ചരിച്ചിട്ടുള്ള ഒരു സായിപ്പ് ജനീവയിൽ ജോലി ചെയ്യുമ്പോൾ എന്നോട് ചോദിച്ചു, എന്തിനാണ് ഇന്ത്യക്കാരെല്ലാം എപ്പോഴും എവിടെയും ഇങ്ങനെ തുപ്പുന്നതെന്ന്. ഉമിനീർ തുപ്പുന്നതേ സായിപ്പ് കണ്ടിട്ടുള്ളൂ. ഭാഷയറിയാത്തതുകൊണ്ട് മതവും ജാതിയും തെറിയുമൊക്കെ നമ്മൾ തുപ്പുന്നത് അയാൾക്കറിയില്ല.
ഒരു ഇന്ത്യൻ റെസ്റ്റോറൻ്റിൽ ചെന്ന് ഒരു കപ്പ് യോഗർട്ട് ചോദിച്ചു. ഒപ്പം കഴിക്കാനെന്ത് വേണമെന്ന് കടക്കാരൻ ചോദിച്ചു. മറ്റൊന്നും വേണ്ടെന്ന് പറഞ്ഞപ്പോൾ അയാൾക്കും ദേഷ്യം. തൈര് മാത്രം തരില്ലെന്നായി അയാൾ. കാപ്പി ഉണ്ടോന്ന് ചോദിച്ചപ്പോൾ അതിന് സ്റ്റാർബക്സിൽ പൊയ്ക്കൂടേയെന്ന മറുചോദ്യം. ഇവിടെ ചായയേ ഉള്ളൂ എന്ന് പരുക്കനായ അയാൾ പറഞ്ഞു.

സ്റ്റാർബക്സിൽ കപുച്ചിനോ തയ്യാറക്കിത്തന്ന തൊഴിലാളിക്ക് വലിയ സ്നേഹം. കട സായിപ്പിൻ്റേത്. തൊഴിലാളി ബിഹാറുകാരൻ. കപുച്ചിനോ കുടിച്ചിരിക്കുമ്പോൾ ഞാനോർത്തു. എന്താണ് ഈ സായിപ്പ് വക കടയിലെ തൊഴിലാളി ഒഴികെ മറ്റെല്ലാവർക്കും ഇന്നിത്ര ദേഷ്യം? പിന്നീടാണ് ഒരു കാര്യം ഓർത്തത്. ആരെയും കുറ്റം പറയാൻ കഴിയില്ല. അവർക്കാർക്കും ഒന്നും സംഭവിച്ചിട്ടില്ല. ഇന്നാണ് ഈ ദേഷ്യമൊക്കെ നടന്ന് കാണാൻ എൻ്റെ കൈയിൽ ആവശ്യത്തിന് സമയമുണ്ടായത്. മുൻപുള്ള തിരക്കിട്ട യാത്രകളിൽ ദേഷ്യം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമായിരുന്നു.
ഡൽഹി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ ഒരുപാട് മാറേണ്ടിയിരിക്കുന്നു. നമ്മൾ പൗരന്മാരും മാറണം. ഒരുപാട് വിദേശികൾ വരുന്ന നാടാണ് നമ്മുടേത്. വികസിച്ച നാടുകളിൽ നിന്ന് വരുന്നവരും ധാരളമാണ്. ഇന്ത്യയെപ്പറ്റി പലതും വായിച്ചറിഞ്ഞ് അവർക്കൊക്കെ നമ്മളെപ്പറ്റി ഒരുപാട് പ്രതീക്ഷകളുണ്ട്. രാജ്യത്തിൻ്റെ സംസ്കാരത്തിലേയ്ക്കുള്ള ഒരു വലിയ വാതിലാണ് വിമാനത്താവളം. അവിടെ നമ്മൾ സൗമ്യമായ പെരുമാറ്റവും പുഞ്ചിരിയും ക്ഷമയും ഒക്കെ ശീലിക്കണം. എല്ലായിടത്തും തുപ്പരുത്, ആരെയും ചൊറിയരുത്.

കണ്ടിടത്തൊക്കെ തുപ്പുന്ന ശീലം മാറ്റാൻ രാജ്യത്ത് ഒരു വലിയ കാമ്പയിൻ തന്നെ ആവശ്യമാണ്. ക്യൂ തെറ്റിച്ച് എവിടെയും കയറിപ്പോകുന്നതും ഇതുപോലെ തന്നെ വൃത്തികെട്ട ഒരു ശീലമാണ്. ആ ശീലം മാറ്റാനും രാജ്യത്ത് പ്രചരണ പരിപാടികൾ വേണം.
വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ അല്ലമെങ്കിലും ചിരിക്കാനും മര്യാദയോടെ പെരുമാറാനും ശീലിച്ചാൽ വിദേശികൾക്കിടയിൽ നമ്മളെപ്പറ്റിയുള്ള മതിപ്പ് ഇനിയും കൂടും. ഇന്തോനേഷ്യയിൽ, പ്രത്യേകിച്ച് ബാലിയിൽ, പോയിട്ടുള്ളവർക്ക് അതറിയാം. വിമാനത്താവളം മുതൽ മനുഷ്യർ ചിരിയോടെ എതിരേൽക്കും. അതു തന്നെയാണ് ആ നാട്ടിലെ വൻ ടൂറിസത്തിൻ്റെ ഒരു പ്രധാന കാരണവും.
ഇനിയും വലിയ വിഷയങ്ങളുണ്ട്. .

വാലറ്റം: വേറേ ചില നാടുകളും ഇങ്ങനെയാണ്, നമ്മുടെ നാടിനെ നമ്മൾ കുറ്റം പറയരുത് തുടങ്ങിയ ന്യായങ്ങൾ ഇവിടെ എടുക്കില്ല. അമ്മാതിരി കമൻ്റുകൾ വേണ്ട 😃 മറ്റ് നാടുകളിലെ മോശം കാര്യങ്ങൾ ഇവിടെ പകർത്താതിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പിന്നെ, നമ്മുടെ നാട്ടിലെ മോശം കാര്യങ്ങളെ നമ്മൾ തന്നെയാണ് വിമർശിക്കേണ്ടത്. നമ്മുടെ നാട് കണ്ട് തിരികെപ്പോകുന്ന അന്യനാട്ടുകാർ ലോകം മുഴുവനും നടന്ന് നമ്മളെ വിമർശിക്കാൻ അവസരം കൊടുക്കരുത്.”(ഹാരിസ് റഹ്മാൻ)

By ivayana

Leave a Reply

Your email address will not be published. Required fields are marked *