രചന : ശ്രീജ ഗോപൻ ✍
നീ എന്റെ അരികിലേക്ക് വരൂ ❤️
അപ്പോഴാണ്………
ആകാശത്തിലെ നക്ഷത്രങ്ങൾ
എന്നെ കൈമാടി വിളിച്ചത്
ഭൂമിയിലെ എന്റെ നക്ഷത്രമേ
നീ ഞങ്ങൾക്ക് അരികിലേക്ക് വരൂ
പെട്ടെന്ന്……❤️
ആകാശത്തുനിന്നും
മഴ താഴേക്ക് പെയ്തിറങ്ങി
എന്നെ പുതു മഴയാൽ പൊതിഞ്ഞു. .
കുളിർ കാറ്റുതഴുകി തലോടി കൂടെ നിന്നു
ഭൂമി പറഞ്ഞു
ഞാൻ നോക്കിക്കൊള്ളാം
നിങ്ങളെല്ലാം മാറിപ്പോകു….
പെട്ടെന്ന്
മഴ നനഞ്ഞ ഒരു കാക്ക
അവൾക്ക് അരികിലായി വന്നു നിന്നു
എന്തൊക്കെയോ
കുറുകി പറഞ്ഞുകൊണ്ടിരുന്നു
അവളുടെ മൗനവും
കാക്കയുടെ സംസാരവും
എന്താണെന്ന് ആർക്കും മനസ്സിലായില്ല
കടൽ തിരക്ക് കൂട്ടി
വരൂ നമുക്ക് പോകാം….
നക്ഷത്രങ്ങൾ താഴേക്ക് നോക്കി നിന്നു
ഭൂമിയിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ
അവൾ
ആകാശത്തിനും ഭൂമിക്കും
കടലിനും ഇടയിൽ
ഒരു ശീല പോലെ
ഭൂമിയിൽ തറച്ചു നിന്നു
അവൾ ആകാശത്തോട് പറഞ്ഞു
ഞാൻ ഭൂമിയുടെ അവകാശിയാണ്
എനിക്കുള്ളതെല്ലാം
പ്രിയപ്പെട്ടതെല്ലാം
ഈ ഭൂമിയിലാണ്
അവൾ പതിയെ കടലിനെ നോക്കി
പ്രിയപ്പെട്ട കടലേ
ദുഃഖങ്ങളെല്ലാം
പെരുമഴയായി പെയ്തിറങ്ങിയത്
നിന്റെ മാറിലേക്കായിരുന്നു
പലപ്പോഴും
നിന്റെ സിൽക്കാരങ്ങൾ
എനിക്ക് ആനന്ദപൂർണമായിരുന്നു
ഞാൻ തനിയെ
കടലിന്റെ ആഴങ്ങളിലേക്ക് വരുമ്പോൾ
എന്റെ പ്രിയപ്പെട്ടവരെല്ലാം
ഈ ഭൂമിയിൽ
എനിക്കുവേണ്ടി
എന്റെ പുഞ്ചിരിക്കു വേണ്ടി
കാത്തിരിക്കുകയാണ് ..
ഞാൻ പിച്ചവെച്ചതും
സ്വപ്നങ്ങൾ കണ്ടതും
കാലുകൾ ഇടറാതെ നടന്നതും
ഭൂമിയുടെ
വിരിമാറിലൂടെ ആണല്ലോ …
ആകാശവും കടലും
ഭൂമിയും
അവളെ ചേർത്തു പിടിച്ചു
ഇനിയും ഇനിയും
ഒരുപാട് ഒരുപാട് സ്വപ്നങ്ങൾ
നീ കാണുക
ആകാശത്തിന്റെ മകളായി
ഭൂമിയുടെ ഭാഗ്യമായി
കടലിന്റെ അലയടികൾ പോലെ
നീ ഭൂമിയിൽ എങ്ങും
ചിറകടിച്ചു പറക്കുക
ഞങ്ങൾ നിന്നെ
ചേർത്തുപിടിച്ചു കൊള്ളാം
ഒരു കാറ്റിലും
ആടിയുലയാതെ.
❤️❤️❤️❤️❤️