പ്രണയത്തിന്
പുതുമാനം രചിച്ച്
ഇന്നിൻ്റെ കമിതാക്കൾ.
പ്രണയത്തിൻ്റെ സ്വപ്ന
സുന്ദര ഭാവനാ തീരങ്ങളെ
സ്വാർത്ഥതയുടെ
വഞ്ചനയുടെ മരണത്തിൻ്റെ
മാലിന്യക്കൂനകളാക്കി
ഇന്നിൻ്റെ കമിതാക്കൾ. അധുനാതനൻമാരുടെ
കോപ്രായങ്ങളിൽ കവിഞ്ഞ് മൂല്യങ്ങൾക്കെന്തു
വിലയാണിന്നിന് ?
മാനുഷിക മൂല്യങ്ങളെ
ലാഭക്കൊതിയുടെ
കഴുകുകൾ കൊത്തി
വലിക്കുമ്പോൾ
അവശിഷ്ടങ്ങൾക്കായി
നാവു നുണഞ്ഞു ചുറ്റിലും
എത്രയെത്ര ജീവികൾ.
വിശപ്പിനാൽ വലയുന്ന
ഇന്നിൻ്റെ കഴുകുകൾ
കിളുന്ത് മാംസത്തിൽ
കൂർത്ത ചുണ്ടുകളാൽ
കാവ്യം രചിച്ചും
മഞ്ഞലോഹത്തെ തഴുകിയും പച്ചനോട്ടുകളിലുമ്മവച്ചും
നന്മയുടെ കവചങ്ങൾ
വലിച്ചെറിഞ്ഞു
നാണക്കേടിൻ്റെ നഗ്നത കാട്ടി
അന്തസ്സുമഭിമാനവും
പണയപ്പെടുത്തി
ആണത്തവും നാരിത്തവും
കാഴ്ചവച്ചു കോടികൾ നേടിയും
കോടികൾ പുതപ്പിച്ചും
കുതിക്കുമ്പോൾ
സംസ്കാരം ലജ്ജിച്ചു
തല കുനിച്ചു നിൽപൂ.
ചീഞ്ഞളിഞ്ഞ മനസ്സുകളിൽ
ചോരയുടെ, അഴുകിയ
മാംസത്തിൻ്റെ ദുർഗന്ധം.
പുരോഗമനത്തിൻ്റെ
വിസ്തൃത പാതകളിൽ
പുകയുന്ന മനസ്സുകളും
മങ്ങിയ മിഴികളും
തളർന്ന യൗവനങ്ങളും
അസ്വസ്ഥതകളും കണ്ണീരും
ചതഞ്ഞരഞ്ഞ കിനാക്കളുടെ
ഞരക്കങ്ങളും മാത്രം.
പ്രണയത്തിൻ്റെ
മുന്തിരിച്ചാറു നുകർന്നു
മടുക്കുമ്പോൾ
ചിലന്തികളെപ്പോൽ
ഇന്നിൻ്റെ കമിതാക്കളും.
ഷാജി പേടികുളം

By ivayana

Leave a Reply

Your email address will not be published. Required fields are marked *