അവരിൽ യൗവ്വനം
തുടിച്ച് നിന്ന നാൾ
അവർക്ക്
മരണം
വഴിമാറി നടന്ന
കാമുകനായിരുന്നു.
അവർക്കോ
ജീവിതം
ഇരുണ്ട
തുരങ്കത്തിലൂടൊള്ള
പ്രയാണവും.
അവർ
മരണത്തെ ഉപാസിച്ചു.
ഉപവസിച്ചു.
സ്വന്തങ്ങളും,
ബന്ധങ്ങളും,
മിത്രങ്ങളും
അപരിചിതത്വത്തിന്റെ
മുഖങ്ങളും
ഞെട്ടറ്റപൂക്കളായി
വീണപ്പോൾ
അവരും
അക്കൂട്ടത്തിൽ
ഒരു പൂവായിരുന്നെങ്കിൽ
എന്നാശിച്ചു.
ഗംഗ
കാലം പോലെ
കുതിച്ചൊഴുകി
അവരറിയാതെ,
ആരോരുമറിയാതെ.
ജീവിതത്തിന്റെ
പാലത്തിലൂടെ
യൗവ്വനവും,
മധ്യാഹ്നവും,
അപരാഹ്നവും,
സന്ധ്യയും,
രാത്രിയുമണഞ്ഞപ്പോൾ
അവർക്ക്
ജീവിതത്തോട്
അഗാധമായ
പ്രണയം തോന്നി.
അപ്പോൾ മരണം
എവിടെ നിന്നോ ഒക്കെ
കാലങ്കോഴിയായി
കൂവി
അവരുടെ ചെവികൾ
കൊട്ടിയടച്ച്
ഭയപ്പെടുത്തി.
അവർ
ജീവിതത്തിന്റെ തൂണിൽ
വാർദ്ധക്യത്തിന്റെ
മെലിഞ്ഞ്
ജരബാധിച്ച്
ശുഷ്ക്കമായ
കൈകളോടെ
വലിഞ്ഞ് കയറാൻ
വിഫലശ്രമം നടത്തി
നോക്കാതിരുന്നില്ല.
ഊർന്ന് വീണ്
പിടഞ്ഞെണീക്കാൻ
അവർ
പെടാപ്പാട് പെട്ടു.
കൊഴിഞ്ഞ് വീണ
പൂക്കളായി
അവരിൽ
നഷ്ടബോധം
വളർന്നു.
ഓരോ
മരണവാർത്തകളും
അവരിൽ
ഇടിമിന്നലുകളായി.
ജീവിതം
എത്രയോ സുന്ദരമെന്ന്
അവരപ്പോൾ
ഓർത്തിരിക്കണം.
തന്റെ
ജീവിതപങ്കാളിയായിരുന്ന
മനുഷ്യനും
ഇങ്ങനെയൊരു ഘട്ടം
പിന്നിട്ടിരുന്നല്ലോ
എന്നവർ ഓർത്തിരുന്നോ
എന്തൊ……

കെ.ആർ.സുരേന്ദ്രൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *