രചന : അഹ്‌മദ് മുഈനുദ്ദീൻ.✍
കാത്തിരിക്കാത്ത
ഒരു മനുഷ്യനേയും
കവിത തേടിവന്നിട്ടില്ല
കവിതയിലേക്ക്
എളുപ്പവഴികളൊന്നുമില്ല
തീവ്രമായ ആഗ്രഹത്താലും
അനുഭവത്തിലുമാകാം
കവിതയൂറുന്നത്
അലസനടത്തങ്ങളിൽ
ഓർമ്മകളുടെ വീണ്ടെടുപ്പിൽ
കണ്ടെടുക്കുന്നതെന്ന്
പറയാമെന്നുമാത്രം.
കവിത അരൂപിയാണ്
നിറക്കുന്ന പാത്രത്തിന് വഴങ്ങുന്നുണ്ടാവാം
വായനക്കാരൻ്റെ ഉള്ളകത്തിലാണ്
അതിൻ്റെ രൂപപരിണാമം
കവിത
ഇത് വഴി പോകുമെന്നുറപ്പ്
കാഴ്ചയിൽ പതിയുന്നില്ലന്നേയുള്ളൂ
കൈകാണിച്ച്
കുശലാന്വേഷണം നടത്തണമെന്ന്
കാലേക്കൂട്ടി തീരുമാനിക്കണം
നഷ്ടനിമിഷങ്ങൾ
തിരിച്ചെടുക്കാനാവില്ലന്ന ബോധം
നിൻ്റെ ഉറക്കം കെടുത്തട്ടെ
രക്തയോട്ടം വേഗത്തിലാക്കട്ടെ.