രചന : സെഹ്‌റാൻ ✍
മൂടൽമഞ്ഞിനിടയിലൂടെയാണ് ഞാനാ
നായ്ക്കളെ കാണാറുള്ളത്.
മഞ്ഞിനും, നായ്ക്കൾക്കും
ഒരേ വെളുപ്പുനിറമാണ്.
മഞ്ഞേത്, നായേതെന്നറിയാനാവാതെ…
ദിവസവും ഞാനൊരേ സംഗീതജ്ഞൻ്റെ
ഗാനങ്ങൾ കേൾക്കുന്നു.
അയാളുടെ പേരുപോലും
ഓർമ്മയിൽ സൂക്ഷിക്കുന്നില്ല.
ദിവസവും ഞാനൊരേ പുസ്തകം വായിക്കുന്നു.
വരികൾ മറവിയുടെ പാഴ്നിലങ്ങളിൽ
ഉപേക്ഷിക്കുന്നു.
ദിവസവും ഞാനൊരേ ഭക്ഷണം കഴിക്കുന്നു.
രുചിയുടെ നേർത്ത പാടപോലും
നാവിൽ നിന്നും കഴുകിക്കളയുന്നു.
ദിവസവും മൂന്നു പെൺനായ്ക്കളെ വീതം
ഭോഗിക്കുന്നു.
അവരുടെ ഉണർവ്വുകളുടെ ഓരോ തുള്ളികളെയും
അവയവത്തിൽ നിന്നും
തുടച്ചുമാറ്റുന്നു.
എല്ലാ നായ്ക്കളോടും ഞാൻ പറയുന്നു;
എനിക്കിഷ്ടമുള്ള സംഗീതജ്ഞൻ്റെ
പാട്ടുകൾ മാത്രം കേൾക്കൂ…
ഞാൻ വായിക്കുന്ന പുസ്തകം മാത്രം വായിക്കൂ…
ഞാനിഷ്ടപ്പെടുന്ന ഭക്ഷണം മാത്രം കഴിക്കൂ…
ഞാൻ ഭോഗിച്ചുപേക്ഷിച്ച പെൺനായ്ക്കളുമായ് മാത്രം രമിക്കൂ…
കുരയ്ക്കുന്ന നായ്ക്കൾ എന്നെ
ഏകാധിപതിയെന്ന് വിളിക്കുന്നു.
മഞ്ഞിനിടയിലവർ എനിക്കെതിരെ
സംഘടിക്കുന്നു.
മുദ്രാവാക്യങ്ങൾ കുരയ്ക്കുന്നു.
ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്നു.
വിപ്ലവങ്ങൾ എല്ലാ ആധിപത്യങ്ങളെയും
മൂടൽമഞ്ഞുപോൽ പൊതിയുമെന്ന
പാഴ്സ്വപ്നത്തിൽ മുഴുകുന്നു.
ഞാനോ, ശിഖരങ്ങൾ പടർത്തിയ
ഒരു വൃക്ഷരൂപം മഞ്ഞിൻപാളികളിൽ
കൊത്തിയെടുക്കുന്നു.
തവിട്ടുനിറമുള്ള വസ്ത്രങ്ങൾ
നായ്ക്കൾക്കായ് തുന്നിയെടുക്കുന്നു.
തവിട്ടുനിറമുള്ള നായ്ക്കളെ
മരശിഖരങ്ങളിൽ തൂക്കിയിടുന്നു.
ഇപ്പോഴെനിക്ക് വേർതിരിച്ചറിയാം
മഞ്ഞേത് നായേതെന്ന്.
ഇനിയവയുടെ ശബ്ദങ്ങൾ
നേർത്തുനേർത്ത് ദുർബലമായ് വരും.
ആക്രോശമേത്, നിലവിളിയേതെന്ന്
തിരിച്ചറിയാനാവാതെ.
മൂടൽമഞ്ഞിനിടയിലൂടെയാണ് ഞാനാ
നായ്ക്കളെ കാണാറുള്ളത്.
വെളുത്ത മഞ്ഞിനിടയിൽ
തവിട്ടുനിറത്തിൽ നിശബ്ദരാണവർ.
അവർ എനിക്കിഷ്ടമുള്ള പാട്ടുകൾ മാത്രം കേൾക്കുന്നു.
എനിക്കിഷ്ടമുള്ള പുസ്തകം മാത്രം വായിക്കുന്നു.
ഞാനിഷ്ടപ്പെടുന്ന ഭക്ഷണം മാത്രം കഴിക്കുന്നു.
ഞാൻ ഭോഗിച്ചുപേക്ഷിച്ച
പെൺനായ്ക്കളുമായ് മാത്രം രമിക്കുന്നു.
അവയുടെ മറവിയുടെയോ,
വെറുപ്പിൻ്റെയോ നിഘണ്ടുവിൽ
ഏകാധിപതിയെന്ന വാക്കിനർത്ഥം
മറഞ്ഞുകിടക്കുന്നില്ല എന്നത്
എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല.
കാഴ്ച്ചകളെ മറയ്ക്കുന്നയീ മൂടൽമഞ്ഞിൻ്റെ
അസുഖകരമായ തണുപ്പ് മാത്രം
തെല്ലൊന്ന് അലോസരപ്പെടുത്തുന്നു.
⚫