രചന : ഖുതുബ് ബത്തേരി ✍
നിങ്ങൾ മരിക്കുമ്പോൾ ആരൊക്കെ
കരയുമെന്നെപ്പോഴെങ്കിലും
ഓർത്തുനോക്കിയിട്ടുണ്ടോ.!
വേർപ്പാടിന്റെ നോവത്രമേൽ
ഉള്ളകങ്ങളിൽ മുറിവുകൾ കോറിയിടും
വിധം വിതുമ്പലുകൾ
അടക്കിപിടിക്കുവാൻ ആയാസപ്പെടുന്ന
ഒരു മുഖമെങ്കിലും,
ജീവിക്കുമ്പോൾ ഓർമിക്കാതെ
പങ്കപ്പാടുകളിൽ
ധൃതിപ്രാപിച്ച നാം
ഒരു നിമിഷദൈർഘ്യത്തിൽ
അപഹരിച്ചു
മിന്നായം കണക്കെ
വന്നുപോകുന്ന
മൃത്യുവിനു മുൻപിലൊരു
ഉത്തരമില്ലാത്ത ചോദ്യചിഹ്നമാവും.
ജീവിതമെന്നത്
ജീവിക്കുമ്പോളുള്ള
പൂർണ്ണത മാത്രമല്ല
മരണത്തിലും
മരിക്കാത്ത
ഓർമ്മകളായി നാം
അപരന്റെ ഉള്ളിൽ
ജീവിക്കുകയെന്നതും
കൂടിയാണ്.
മരിക്കാത്ത ഓർമ്മകളിൽ
ജീവിക്കുവാൻ പ്രാപ്തിനേടുമ്പോൾ
കരച്ചിലുകൾ കൈകോർത്ത നയനങ്ങൾ
വേർപ്പാടിന്റെ വേദനയിൽ
മുറിവേറ്റ് നീറുന്നത് കാണാം.
🎋🎋