രചന : എം പി ശ്രീകുമാർ ✍
മഞ്ഞു പുതച്ചു മാവുകൾ പൂക്കും
മകരം വരവായ്
മാന്തളിർ പോയി പൂങ്കുലയാടി
പൂമണ മെത്തുന്നു
മഞ്ഞു പൊഴിഞ്ഞു മഞ്ജിമ ചിന്നി
മധുരം കായ്ക്കുന്നു
സഞ്ചിതപുണ്യം മണ്ണിലുണ്ടതു
മാമ്പഴമായിട്ട്
മലയാളത്തിൽ തേൻമഴപോലെ
വന്നു പതിക്കുന്നു
ചെങ്കൽകാന്തി ചൊരിഞ്ഞു വിളങ്ങും
ചെങ്കൽവരിക്കകൾ
കിളിതൻ ചുണ്ടു കണക്കെ ചേലിൽ
നല്ല കിളിച്ചുണ്ടൻ
മൂത്തു പഴുത്തു വിളഞ്ഞു വീഴും
മുഴുത്ത മൂവ്വാണ്ടൻ
കർപ്പൂരത്തിൻ സുഗന്ധം നിറഞ്ഞ
മാമ്പഴമുണ്ടൊന്ന്
നാവിനു നല്ലൊരുത്സവമല്ലൊ
വാസന ചേരുമ്പോൾ
തേങ്ങയ്ക്കൊപ്പം വലുപ്പമേറിയ
മറ്റൊരു കൂട്ടരെ
കണ്ടാൽതന്നെ വയറു നിറയും
തിന്നാൽ പറയണൊ
ഒരു കാറ്റത്തു തേൻമഴപോലെ
മാമ്പഴം പെയ്യുന്ന
നാട്ടിലുയർന്നു പടർന്നു നില്ക്കും
മാവിൻ രാജാക്കൾ
നാടൻമാവുകളെവിടേമിപ്പോൾ
കുറഞ്ഞു പോകുന്നു
പേരയ്ക്കാതൻ രുചിയും മണവും
പേറുന്നൊരു കൂട്ടർ
ചന്ദനകാന്തി തൂകി തിളങ്ങും
മറ്റൊരു കൂട്ടരും
ചെമ്മാനം പോൽ പഴങ്ങൾ നിറഞ്ഞ
മാങ്കൊമ്പുലയുമ്പോൾ
ചെറുമഴയായ് മാമ്പഴം പെയ്യും
മാവിൻ ചോടുകളിൽ
പറഞ്ഞു വന്നാൽ തീരില്ലിങ്ങനെ
മാമ്പഴവൃത്താന്തം
മാമലനാടിൻ പെരുമയേറും
മധുരവൃത്താന്തം !