രചന : കാവല്ലൂർ മുരളീധരൻ✍
വലിയൊരു പാതാളം തേടി നടക്കുകയാണ് ഞാൻ, എന്റെ തലയിൽ തിങ്ങിവിങ്ങുന്ന ഭാരം ഒന്നിറക്കി വെക്കാൻ, അല്ല ആ പാതാളത്തിൽ വീണ് അപ്രത്യക്ഷനാകാൻ.
അഭിലാഷങ്ങൾ ക്രൂരമായ വിഷമാണ്, നമ്മുടെ ജീവിതം മുഴുവൻ ഊറ്റിക്കുടിക്കുന്ന വിഷം. അതിനെ ക്രൂരമെന്നോ, മനോഹരമെന്നോ വേണമെങ്കിൽ പറയാം. മനോഹരമായ ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ, എന്നാൽ അത് പൂർത്തീകരിക്കാൻ നാം ജീവിതം മുഴുവനുമെന്നപ്പോലെ യുദ്ധം തുടരുന്നു.
സ്റ്റെല്ല, കുറച്ചധികം നാളായിരിക്കുന്നു നിന്നെ എഴുതിയിട്ട്. തിരക്കുകളിൽ ഞാൻ അഭിരമിക്കുകയാണോ, അതോ തിരക്കുകൾ എന്നെ കീഴടക്കുകയാണോ എന്നറിയില്ല. രണ്ടായാലും, അതിനിടയിലൂടെ ജീവിതം അതിവേഗത്തിൽ പാഞ്ഞുപോകുന്നുണ്ട്.
മഹാനഗരത്തിലെ നിന്റെ ജീവിതവും മറ്റൊന്നാകാൻ ഇടയില്ലല്ലോ. തിരക്കിനിടയിൽ നമുക്കായുള്ള ചില നിമിഷങ്ങൾ പെറുക്കിയെടുക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നവരാണല്ലോ നമ്മൾ.
എങ്കിലും നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള നമ്മുടെ വീടിനെ എന്നും ഞാൻ സ്വപനം കാണാറുണ്ട്, കുറച്ചകലെക്കൂടി ഹോണടിച്ചു പാഞ്ഞുപോകുന്ന തീവണ്ടികളെയും.
എനിക്കായി വാങ്ങിയ, കാലുകൾ നീട്ടിവെക്കാവുന്ന ആ പഴയ മരക്കസേരയിൽ ആണല്ലോ നീയിപ്പോൾ അധികവും ഉറങ്ങാറ്.
ഒരുപക്ഷെ എന്റെ ജീവിതം നീയാണോ അനുഭവിക്കുന്നത് എന്നാണ് എനിക്ക് തോന്നാറ്.
ഇഷ്ടപ്പെട്ട പുസ്തകം കൈകളിലെടുത്തു, ആ കസേരയിലങ്ങനെ നീണ്ടു നിവർന്നു കിടന്നു വായിക്കണം. അതിലെ കഥാപാത്രങ്ങളായി മാറി, അക്ഷരങ്ങളിലൂടെ ജീവിക്കണം. വായിച്ചു തളരുമ്പോൾ, കണ്ണുകൾ അറിയാതെ അടഞ്ഞുപോകും. കുറച്ചുറങ്ങിക്കഴിയുമ്പോൾ, വലിയ ഹോണടിച്ചുവരുന്ന ഒരു തീവണ്ടി എന്നെ ആ മയക്കങ്ങളിൽ നിന്ന് ഉണർത്തും.
ആവി പറക്കുന്ന ഒരു ചായയുമായി വന്ന്, നീ വീടിന്റെ പടികളിൽ തൊട്ടടുത്ത് ഇരിക്കും. ചിലപ്പോൾ പറയുമായിരിക്കും. മുരൻ, നമുക്ക് എവിടെയാണ് ജീവിതം കൈമോശം വന്നത്? നാം ജീവിച്ചത് അക്ഷരങ്ങളിലൂടെ മാത്രമല്ലേ?
നമുക്കിടയിലുള്ള ബന്ധങ്ങൾ നിർവ്വചിക്കാനാവാതെ നാം എന്നും മുന്നോട്ട് പോകുന്നു. വാക്കുകളുടെ ഇഴകൾ നമ്മിൽ നെയ്തുകൂട്ടിയ ചിന്തകൾ ജീവിതത്തിൽ നമുക്കണിയാവുന്ന, നമുക്ക് ധരിക്കാവുന്ന ഒരു വസ്ത്രമാക്കി മാറ്റുന്നതിൽ നാം പരാജയപ്പെട്ടോ?
പരാജയം എന്നൊന്നില്ലല്ലോ സ്റ്റെല്ല, അനുഭവങ്ങൾ മാത്രം.
വിജയങ്ങൾ ആഘോഷിച്ചും, പരാജയങ്ങൾ പല്ലിറുമ്മി കടിച്ച് തലച്ചോറിനെ ചവച്ചരക്കുമ്പോഴും, അതിൽ നിന്ന് ഒരു വിജയം കണ്ടെത്തുമെന്ന് നാം ചിന്തിക്കുന്നുണ്ട്. പരാജയങ്ങൾ എന്ന് നാം കരുതുന്ന അവസ്ഥകളിൽ നിന്ന്, യാഥാർത്ഥ്യങ്ങളിലേക്ക് സഞ്ചരിച്ചു ജീവിതം കണ്ടെത്താനല്ലേ നാം ഇത്രയും കാലമായി ശ്രമിച്ചത്.
ഒരുപക്ഷെ ജീവിതത്തിന്റെ തിരക്കുള്ള വഴികളിൽ പരസ്പരം കാത്തു നിൽക്കാനായിരുന്നു നമ്മുടെ വിധി.
ജീവിതം വലിയൊരു ഭാരമാണോ മുരൻ!
ആയിരിക്കണം, സ്വയം താങ്ങാൻ കഴിയാതെ നാം പരിക്ഷീണർ ആകുമ്പോൾ, ഒരു താങ്ങ് നാം ആഗ്രഹിക്കും, ആ താങ്ങ് ഇല്ല എന്ന സത്യം തിരിച്ചറിയുമ്പോൾ, നാം അറിയാതെ തളർന്നുപോകും.
എന്നാൽ നാം യുദ്ധങ്ങളുടെ ലോകത്തിലാണ്. ആരാണ് വലുത് എന്ന് തിരിച്ചറിയാനുള്ള പരീക്ഷണങ്ങളിൽ ആണ്. പരസ്പരം തിരിച്ചറിയുമ്പോൾത്തന്നെ, തൊട്ടടുത്താണെങ്കിലും, തൊടാനാവാത്ത ദൂരങ്ങളിൽ ആണ് പരസ്പരമുള്ള നമ്മുടെ ചിന്തകൾ.
വളരെ ദൂരെ ആരെയെങ്കിലും കണ്ടെത്തും എന്ന വിശ്വാസത്തിൽ നാം ആരെയൊക്കെയോ തേടുകയാണ്.
എന്നാൽ ആരെയും കണ്ടെത്തില്ല എന്ന് തിരിച്ചറിയാൻ വളരെ കാലമെടുക്കും, അപ്പോഴേക്ക് ജീവിതം വളരെയധികം ദൂരം പിന്നിട്ടിരിക്കും, നമ്മൾ നഷ്ടപ്പെടുത്തിയ നല്ലകാലങ്ങളെകുറിച്ചായിരിക്കും, പിന്നെ നമ്മുടെ ചിന്തകൾ. സ്വയം ഹോമിച്ചുകളഞ്ഞ ആ നല്ല നാളുകൾ നമ്മെ നോക്കി പല്ലിളിക്കും.
പ്രണയ ദാരിദ്ര്യങ്ങളിൽ മനുഷ്യൻ സ്വയം പഴിക്കും. സ്വയം പ്രണയിക്കാൻപോലും മറന്നുപോകുന്ന മനുഷ്യർ.
എന്റെ ജീവിതം ഞാനറിയാതെ ഏതൊക്കെയോ ലക്ഷ്യങ്ങളിലേക്കായിരുന്നു. എന്നാൽ ആ ലക്ഷ്യങ്ങളിലേക്കു ഞാൻ എത്തിയോ? എന്നെങ്കിലും എത്തുമോ? ഉണ്ടാകില്ല.
എന്നിലൂടെ ഊർന്നുപോയ വർഷങ്ങളെ തിരിച്ചുപിടിക്കാൻ എനിക്കാകുമോ? ഒരിക്കലുമില്ല.
ഭാരംകൂടി വരുന്ന ഈ ചിന്തകൾ എനിക്ക് അഹങ്കാരത്തിന്റെ മേലങ്കി മാത്രമല്ലേ സമ്മാനിച്ചത്?
മുരന്റെ കൈയ്യിൽ നിന്ന് ചായക്കപ്പ് വാങ്ങി മാറ്റിവെച്ചു, സ്റ്റെല്ല അയാളുടെ കൈത്തലം തന്റെ കൈത്തലങ്ങളിൽ ചേർത്ത് വെച്ചു.
ഓരോ മനുഷ്യരും അവരവരുടെ ജീവിതഭാരങ്ങൾ താങ്ങി നടക്കുന്ന ഒട്ടകങ്ങൾ ആണ്, നമ്മുടെ കാലടികൾ തളരാതെ നോക്കാൻ മാത്രമേ നമുക്ക് കഴിയൂ. അയാളുടെ കൈകൾ തഴുകിക്കൊണ്ട് സ്റ്റെല്ല പറഞ്ഞു.
ഞാൻ എന്നായിരിക്കും നിന്നെ നേരിൽ കാണുക സ്റ്റെല്ല? ഫോണിലൂടെയുള്ള മുരന്റെ ശബ്ദം ഒരു അലയടിയായി സ്റ്റെല്ലയുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
കാണും, കാണാതിരിക്കാൻ നമുക്കാകില്ലല്ലോ.
ആ നീണ്ട മരക്കസേരയിൽ കിടന്നുകൊണ്ട് വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി സ്റ്റെല്ല കണ്ണുകൾ അടച്ചു.