രചന : ഷിബിത എടയൂർ✍
എനിക്കു
പ്രണയമമൂഹൂർത്തമാകുമ്പോൾ
അയാളെന്റെ
നെഞ്ചിൽ നിറയും.
അഞ്ചരയടിയിൽ
ഒത്തൊരു
ആൺകവിത
മീശ തടവി
എന്നെ നോക്കിനിൽക്കും.
നോട്ടമൊരൊന്നൊന്നര
വീശുവല,
കുടുങ്ങാതെ വയ്യ
പിടയ്ക്കലാണുള്ള്
കരയ്ക്കിട്ടപോൽ
വിറയ്ക്കുന്ന
ചുണ്ട്,
ഇരയ്‌ക്കെന്നപോൽ
കോർക്കുന്ന
നോട്ടം
നീളൻ കാൽവിരലിൽ
എന്റെ ഇമ്മിണിപ്പെരുവിരൽ
കൊരുക്കുന്നതാണെനിക്ക്
അയാളോടുള്ള
പ്രേമം.
ഉലച്ചുപോയ
കാറ്റിന്റെ
ഗതിയിലേക്കാടിയ
കറുകത്തല തോൽക്കും
നെഞ്ചുരോമങ്ങളും,
ഇന്നോളമെണ്ണിത്തീരാതുള്ള
മറുകിന്റെ
ആകാശവും,
നിന്റെ
നെറുകിലിറ്റി –
വീണെന്റെ കവിത
ചിരിയിലാറായും
മൗനത്തിൽ കയമായും
സ്നേഹത്തിലഴിമുഖം
കാമത്തിലാഴിയും.
നിന്നിൽ
തുടങ്ങിയൊടുങ്ങാൻ
ഒരു തുള്ളിയാവുന്നു ഞാൻ
പ്രേമമേ….!