രചന : തോമസ് കാവാലം✍
സമ്മാനം നൽകീടുകിൽ അന്തസ്സു കാട്ടീടണം
സമ്മോഹനമായീടാൻ ഉപയോഗങ്ങൾ വേണം
വേണ്ടാത്തതൊന്നു നൽകിൽ വേണ്ടാതീനങ്ങൾ പോലെ
വേണ്ടതു നൽകുവാനായ് വേണ്ടതു വിവേകം താൻ.
നൽകുന്നവന്റെയിഷ്ടം നോക്കുന്നതല്ലോ കഷ്ടം!
വാങ്ങുന്നവന്റെയിഷ്ടം നോക്കുന്നതാകും തുഷ്ടി
ഇഷ്ടങ്ങൾ നോക്കിനൽകിൽ കഷ്ടപ്പെടുകയില്ല
ഇഷ്ടങ്ങൾ നോക്കാതുള്ളോർ നഷ്ടങ്ങൾതന്നെ നൽകും.
എല്ലാം നാം നൽകേണമോ ഏവരും നൽകും പോലെ?
ഇല്ലെന്നാകുകിൽ നമ്മൾ നൽകാത്തതാകും നന്ന്.
ഹൃദ്യമാം ഹാരമെന്നും ഹൃദയങ്ങളിൽ ചേരും
ദിവ്യമാം ദാനം നമ്മെ ദൈവത്തിൽ ചേർത്തീടുന്നു.
വിലയിലെന്തുകാര്യം മൂല്യം നാം കരുതേണം
അലയിൽ കാണുകില്ല അർണ്ണവത്തിന്റെയാഴം
കലമാൻ മിഴിയാൾക്കും കരളുണ്ടാകുകില്ല
വിലയിൽ തുച്ഛം, എന്നാൽ മൂല്യത്തിൽ ഉന്നതമാം.
തിരിച്ചുകിട്ടാത്തതാം സമ്മാനമെന്നും ഭൂവിൽ
തുറിച്ചുനോക്കുവോന്റെ കണ്ണിലെ തിളക്കമാം
തിരിച്ചുമോഹിച്ചേകും സമ്മാനം ദുരയാകും
തിരയിൽ പെട്ടുപോയ നരനു തുല്യമാകും.
ഉപഹാരങ്ങൾ കണ്ടാൽ കാഴ്ചപ്പാടറിഞ്ഞീടാം
അപരനിലുള്ളതാം കരുതൽ കണ്ടറിയാം
പാരിതോഷികം നൽകിൽകയ്യൊപ്പു പതിക്കേണം
പാരമാ സ്നേഹനദി പരനിലെത്തീടേണം.