ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ച്, കാർമേഘക്കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. സമയം വൈകുന്നേരം അഞ്ച് മണിയെ ആയുള്ളൂവെങ്കിലും സന്ധ്യയായ പ്രതീതിയായിരുന്നു.
” താനീ ശാന്തി ഭവനിലെ അന്തേവാസിയായി എത്തിയിട്ട് ഇന്നേക്ക് ആറു മാസമാകുന്നു.. ഈ ഭൂമിയിലേക്കെത്തിയിട്ട് ഏകദേശം
നാൽപ്പത്തഞ്ചു വർഷത്തോളവും.. “
എന്നെല്ലാം മനസ്സിൽ പറഞ്ഞു കൊണ്ട് ടിവി ഓൺ ചെയ്തു ഗായത്രി, പെട്ടന്ന് ചാനലിൽ കണ്ട മുഖം അവളെ വല്ലാതെ അമ്പരപ്പിച്ചു.

“ഈശ്വരാ.. ഇതാരാണ്?? ഭൂമി കീഴ്മേൽ മറിയുന്ന പോലെയും തല ചുറ്റുന്നത് പോലെയുമെല്ലാം അവൾക്ക് തോന്നി. കണ്ണുകൾ തിരുമ്മി വീണ്ടും നോക്കി,ടിവിയിൽ കണ്ട ആളുടെ രൂപം ഒന്നുകൂടി വ്യക്തമാക്കി,അവൾ കസേരയിലിരുന്നു.
ഒരു ഇന്റർവ്യൂ ആണ്.നടക്കുന്നത്. ആ വർഷത്തെ മാധവിക്കുട്ടി പുരസ്കാരം നേടിയ ആളെ, ഒരു പെൺകുട്ടി ചോദ്യങ്ങൾ ചോദിച്ചു പ്രതിസന്ധിയിലാക്കുന്നു.
” സാറിന്റെ കാർത്തികവിളക്ക് എന്ന ഈ നോവലിലെ നായക കഥാപാത്രം ആത്മാംശമുള്ളതാണെന്ന് ഞാൻ പറഞ്ഞാൽ എന്താവും താങ്കൾക്ക് പറയാനുണ്ടാവുക..?? “

“ഒറ്റവാക്കിൽ അതേ എന്ന് തന്നെ..”.വാക്കുകൾ അവ്യക്തമാകുന്നു..
ഒരു ദിവസം മാത്രം കണ്ടറിഞ്ഞ ആ മുഖം ക്ലോസപ്പിൽ കണ്ടപ്പോൾ ഗായത്രിക്ക് ശക്തിയെല്ലാം ചോർന്നു പോയതുപോലെ, വാക്കുകളൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല…. എങ്കിലും അയാളുടെ മുറിഞ്ഞു വീണ വാചകങ്ങൾ പെറുക്കിച്ചേർത്തവൾ മനസ്സിലാക്കി ആ ‘കാർത്തികവിളക്ക്’ അവളാണെന്ന്. കഥാകൃത്തിന്റെ പേര് രവീന്ദ്രൻ കുറ്റ്യാടി എന്നാണെന്ന്.കഥയുടെ അവസാനം ഒരു പെൺപൂവിനെ കാത്തിരിക്കുന്നെന്നും മറ്റും…

ആ നോവൽ വായിക്കണമെന്ന് അടങ്ങാത്ത മോഹം ഗായത്രിയിൽ ഒരു ഭ്രാന്തിന്റെ അവസ്ഥ തന്നെയുണ്ടാക്കി. ശാന്തി ഭവനിലെ സഹായി വാസൂട്ടനോട് അപ്പോൾ തന്നെ പുസ്തകം വാങ്ങിത്തരണമെന്ന് അവൾ പറഞ്ഞു. പിറ്റേന്ന് വാങ്ങിക്കൊടുക്കാമെന്ന് അവൻ ഏൽക്കുകയും ചെയ്തു.
” ആരാണയാൾ.. എന്താണ് ഞാൻ അയാളെ കുറിച്ച് ചിന്തിക്കേണ്ടത്.. എന്റെ ജീവിതത്തിലെ ഏറ്റവും താലോലിക്കപ്പെടുന്ന ഒരു ദിവസം സമ്മാനിച്ച അയാളുടെ പേര് പോലും ഇന്നാണ് ഞാൻ അറിയുന്നത്. എങ്കിലും പേരറിയാത്ത ആ സാമീപ്യം ഞാനെന്നും കൊതിച്ചിരുന്നതല്ലേ .???

രവീന്ദ്രൻ ഇന്ന് ടി.വി ഷോയിലൂടെ സംസാരിച്ചതിൽ ചിലത് എന്നെക്കുറിച്ചാ
യിരുന്നു എന്ന് മനസ്സിലായെങ്കിലും നോവൽ മുഴുവനായും വായിക്കണം.. എന്റെതെന്നു സൂക്ഷിക്കാൻ നിമിഷങ്ങളുടെ ദൈർഘ്യമുള്ള, ആദ്യമായി എന്നിൽ സുഗന്ധംസമ്മാനിച്ച ആളുടെ ചിന്തകളിൽ ഞാനെന്ന വിളക്ക് അണയാതിരിക്കുന്നുവെങ്കിൽ എത്ര ഭാഗ്യവതിയാണ് ഞാൻ..??
ചിന്തയിൽ മുഴുകി സന്ധ്യയായതു പോലും അവൾ അറിഞ്ഞിരുന്നില്ല.
ഒരു രാത്രിയും പകലും ചിന്തകളുടെയും,സംഘർഷഭരിതമായ മനസ്സിനുള്ളിലെ മൂകഭാഷ്യങ്ങളിലൂടെയും മെല്ലെ കടന്നുപോയി. വൈകുന്നേരം വാസൂട്ടൻ സന്തോഷത്തോടെ ഓടി വന്ന് പിറകിലൊളിപ്പിച്ച പുസ്തകം മുന്നിലേക്ക് നീട്ടിയപ്പോൾ ഗായത്രിക്ക് പുസ്തകത്തിന്റെ പുറംചട്ടയിൽ കണ്ട സ്ത്രീയുടെ ചിത്രത്തിന് അവളുടെ ഛായയുണ്ടെന്ന് തോന്നിയിരുന്നു,പുസ്തകം അവളുടെ ജീവിതത്തിന്റെ ഉൾത്തുടിപ്പെന്നും.

കതകടച്ചു കുറ്റിയിട്ടു.ഏതോ രഹസ്യം ഇതൾവിരിയിക്കുന്ന പോലുള്ള മനോഭാവമായിരുന്നു അവൾക്ക്,നോവൽ വായിക്കാൻ തുടങ്ങിയപ്പോൾ.

” ഒതുക്കുകല്ലുകൾ ചവിട്ടി, പുല്ലു നിറഞ്ഞു നിൽക്കുന്ന അമ്പലമുറ്റത്ത് കയറി ഭഗവാനോട് സ്തുതി ചൊല്ലി, ചേർന്നിരിക്കുന്ന ചെത്തിമിനുക്കാത്ത വെട്ടുകല്ലിന്റ
ചുവരുകളുള്ള, പഴകിദ്രവിച്ച ആ ചെറിയ വീടിന്റെ ഉമ്മറത്ത് ആദ്യമായി രവി കണ്ടത്.. ഒരു വിളക്ക് കത്തിച്ചു വച്ച മുഖകാന്തിയും, കണ്ണിലെ കടലാഴങ്ങളിൽ മരവിച്ച വികാരവുമായി,, ദാരിദ്ര്യത്തിന്റെ കാഠിന്യം അറിയിക്കുന്ന ശരീരഭാഷ വെളിപ്പെടുത്തുന്ന കതിര് പോലെയുള്ള ഒരു സ്ത്രീ രൂപത്തെയായിരുന്നു. ഏകദേശം നാൽപത് വയസ്സ് പ്രായം വരും “

നോവലിലെ ഈ ഭാഗങ്ങൾ വായിച്ചപ്പോൾ ഗായത്രിയുടെ നനവു പടർന്ന കണ്ണുകൾ തുടയ്ക്കാൻ രവിയുടെ കരങ്ങൾ എത്തണമെന്ന് അവൾ ആശിച്ചത് പോലെ… തുടർഭാഗം മറ്റാരേക്കാളും നന്നായി അറിയാവുന്നത് ഗായത്രിക്കായിരുന്നു.. അവളത് ഓർത്തെടുത്തു.
ഇടിഞ്ഞുപൊളിഞ്ഞ, മെഴുകിയ തറയും.. തേക്കാത്ത ചുമരുകളുമുള്ള അമ്പലത്തിനോട് ചേർന്നുള്ള കൊച്ചുവീട്ടിൽ അവൾക്ക് കൂട്ടിനായി, ജീവിതത്തെ കുറ്റപ്പെടുത്തിയും, പിന്നെ മൂന്നു പെൺമക്കളെയും വളരെ നേരത്തെ ലോകം വിട്ടുപോയ ഭാര്യയെയും ശപിച്ചും..

ഒരു ഭ്രാന്തനെപ്പോലെ,ചിലപ്പോഴൊക്കെ ദാരിദ്ര്യത്തിന്റെ മൂർദ്ധന്യതയിൽ സ്വബോധം നശിക്കുന്ന പൂജാരിയായ അച്ഛനും രണ്ട് അനിയത്തിമാരും മാത്രമാണ് ഉണ്ടായിരുന്നത്. പത്താം ക്ലാസ് വരെ പഠിച്ച ഗായത്രി ലോകമറിയുന്നതും അതിനുള്ളിൽ നിന്നും മാത്രമായിരുന്നു. വൈകുന്നേരങ്ങളിൽ അമ്പലത്തിൽ വരുന്ന ചുരുക്കം ചില സ്ത്രീകളാണ് അവൾക്ക് പരിചിതരായിട്ടുള്ളത്.
ആ വീട്ടിലേക്ക് ഗ്രാമത്തിലെ ഇലക്ട്രിസിറ്റി ഓഫീസിലെ ഒരേയൊരു ലൈൻമാൻ, ഒരു കാർത്തിക ദിവസം നമ്പൂതിരി പരാതി കൊടുത്ത പ്രകാരം കേടായ സ്വിച്ചുകൾ നോക്കാനായി കടന്നുവന്നത് വരെയാണ് ഗായത്രി നോവൽ വായിച്ചു നിർത്തിയത്.

ഏതു വായനയെക്കാളും സ്പഷ്ടമായി തെളിയുന്ന ബാക്കി ഭാഗത്തിന്റെ ചിത്രം വരയ്ക്കാൻ ഗായത്രിക്ക് മാത്രമേ കഴിയുള്ളൂ.
” അച്ഛൻ ഇല്ലേ “??
എന്ന് ചോദിച്ചു നിൽക്കുന്ന ലൈൻമാന്റെ മുഖം മനസ്സിൽ പതിഞ്ഞതിന് തെളിമ ഒട്ടും നഷ്ടപ്പെട്ടിട്ടില്ല അവളുടെയുള്ളിൽ. പ്രതിഷ്ഠിക്കാൻ പിന്നെ ഒരു മുഖവും അവൾ നെഞ്ചിലേറ്റിയിട്ടുമില്ല. ആ മുഖമാണ് ഇന്നലെ ടിവിയിൽ കണ്ട നോവലിസ്റ്റ്..അവാർഡ് ജേതാവായ രവീന്ദ്രൻ കുറ്റ്യാടിയുടെത്.

പാതി വായിച്ച നോവലിലെ ബാക്കി ഭാഗങ്ങൾ ഗായത്രി ഓർത്തു, ഒരായിരം വട്ടം മനസ്സിൽ താലോലിച്ച ഒരു സ്വപ്നത്തിന്റെ ഓർമ്മ അവളിൽ ഉണർന്നു.
” അന്ന് വീട്ടിൽ രണ്ടനിയത്തിമാരും, ഒരു ജോലിയുടെ ആവശ്യമായി പോയിരിക്കുകയായിരുന്നു അച്ഛന്റെയൊപ്പം. മുറിക്കുള്ളിൽ വല്ലാത്തൊരു മൂകത പടർന്നിരുന്നുവെങ്കിലും എന്തുകൊണ്ടോ എനിക്കൊരു ഭയം തോന്നിയില്ലായിരുന്നു . “
“ഒരു കത്തി വേണമായിരുന്നു “.

ചിരിച്ചുകൊണ്ട് ലൈൻമാൻ പറഞ്ഞു . നല്ല ഉയരവും, ചിരിക്കുമ്പോൾ എന്തോ ഒരു പ്രത്യേകതയുമുള്ള അയാളെ ഒറ്റനോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടും. നാല്പത്തഞ്ച് വയസ്സോളം പ്രായമുണ്ടാവും. അയാളോട് എന്തെങ്കിലും ചോദിക്കണമെന്ന് എനിക്ക് തോന്നിയെങ്കിലും ആരുമായും അത്രയും കാലം ഇടപഴകി ശീലമില്ലാതിരുന്നതുകൊണ്ട് വാക്കുകൾ പുറത്തേക്ക് വന്നില്ല. അടുക്കളയിൽനിന്നും കത്തി കൊണ്ട് കൊടുക്കുമ്പോഴും ചെറുതായി ഒന്നു ചിരിച്ചതല്ലാതെ അയാളും ഒന്നും ചോദിച്ചില്ല. ഞാനത് ആഗ്രഹിച്ചിരുന്നുവോ എന്നറിയില്ല..?

അല്പം കഴിഞ്ഞ്,സ്വിച്ച് ബോർഡിൽ എന്തോ ചെയ്തു നിന്ന ആൾ പെട്ടെന്ന് ഷോക്കടിയേറ്റ് തെറിച്ച് എന്റെ ദേഹത്തേക്ക് വീണു. രണ്ട് ശരീരങ്ങൾ ഒന്നായി ചേർന്ന ആ നിമിഷം എന്നിലെ അടക്കിവെച്ച സ്ത്രീത്വത്തിന്റെ മോഹങ്ങൾ പരിപൂർണത കൊതിച്ചിരുന്നു എന്ന് അടയാളപ്പെടുത്തും വിധം ഞാനും അയാളും ഒന്നായലിഞ്ഞു ചേർന്നു. അന്ന് നെഞ്ചിൽ ചേർത്ത ആ പുരുഷ മുഖം എന്നിൽ നിന്നും പിന്നീടൊരിക്കലും
മാഞ്ഞുപോയിട്ടില്ലായിരുന്നു.പോകാൻനേരം വരാമെന്നു പറഞ്ഞിരുന്നുവെങ്കിലും ഒരിക്കലും അയാളെ കാണുമെന്ന് കരുതിയിട്ടുമി ല്ലായിരുന്നു… ഇന്നലെ ടിവിയിൽ കാണും വരെ.

നോവലിന്റെ ഇനിയുള്ള ഭാഗങ്ങൾ വായിച്ചു തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു ഗായത്രിക്ക്. ചിന്തകൾ മാറ്റി വച്ച് വീണ്ടും പുസ്തക താളുകളിലൂടെ നീങ്ങുമ്പോൾ അവള റിയുന്നു, രവീന്ദ്രന്റെ ആത്മാംശമുള്ള നോവലിലെ നായകൻ രവി വീടു മാറിപ്പോയതായിരുന്നില്ലെന്നും, ( അമ്പലത്തിൽ വന്ന ഏതോ സ്ത്രീകളിൽ നിന്നും അവൾ കേട്ട റിഞ്ഞിരുന്നു ലൈൻമാനും കുടുംബവും അവിടുന്ന് വീട് മാറി പോയെന്നും മറ്റും )
അച്ഛന്റെ മരണവിവരമറിഞ്ഞ് പോയ അയാൾക്ക് കുടുംബത്തിലെ പ്രശ്നങ്ങൾ കാരണം ജോലി ഉപേക്ഷിച്ചു പോകേണ്ടതായി വന്നതായിരുന്നു എന്നും മറ്റും..
നാലു മാസങ്ങൾക്ക് ശേഷം തിരികെ തന്നെ അന്വേഷിച്ച് രവീന്ദ്രൻ വന്നപ്പോൾ താൻ വിവാഹിതയായി പോയി എന്നുള്ള വിവരമാണ് കിട്ടിയതത്രേ .. ഇതെല്ലാം നോവലിലെ അറിവുകൾ.. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ രവി ആ കാർത്തിക നാളിന് ശേഷം ഒരു കാർത്തികയും ആഘോഷിച്ചിട്ടില്ലത്രേ.

” ഇന്നും തിരയുകയാണ് ഞാനാ കാർത്തിക ദിനത്തിൽഎന്നിൽ തെളിഞ്ഞ പെൺപൂവിന്റെ സുഗന്ധത്തെ.. എന്റെ ശരീരത്തെയല്ല മനസ്സിനെ ഉൻമത്തമാക്കിയ ആ കാർത്തിക വിളക്കിനെ.. “
ഇങ്ങനെ അവസാനിക്കുന്നു നോവലിന്റെ അവസാനഭാഗം.
ഒരു കാത്തിരിപ്പിന്റെ വേദന പേറുന്ന മനസ്സിൽ ഇനിയും ഒരു വിളക്കായി തെളിയാൻ വാക്കുകളിലൂടെയെങ്കിലും ഗായത്രിക്ക് കഴിയുമെന്ന ഉറപ്പോടെ അവൾ എഴുതി രവീന്ദ്രൻ കുറ്റ്യാടി എന്ന കഥാകാരന്…

” രവീ.. അങ്ങനെ വിളിച്ചോട്ടെ?? വർഷങ്ങൾക്കു മുൻപ് രവിയിൽ തെളിഞ്ഞ കാർത്തികദീപം ഞാനാണ് .. ഗായത്രി എന്നാണ് എന്റെ പേര്. ഏതു സാഹചര്യത്തെ പഴിചാരിയായാലും,ശരീരം മോഹിച്ച ഒരു മാസ്മരികമായ സ്പർശം എന്നിൽ പകർന്നുനൽകിയ പ്രിയപ്പെട്ട ആ മുഖം ഓർത്തുവയ്ക്കാൻ ഒരു പേരിന്റെ ആവശ്യം എനിക്കില്ലായിരുന്നു. നമ്മൾ പിരിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ അറുപത്തഞ്ച് വയസ്സോളം പ്രായമുള്ള ഒരു രണ്ടാം കെട്ടുകാരൻ ,ധനാഢ്യനായ നമ്പൂതിരിക്ക്, തന്റെ കുട്ടികൾക്ക് തുണയായിരിക്കാൻ എന്നെ കൂടെ അയക്കുമോ എന്ന് ചോദിച്ചപ്പോൾ ഒരു ഭാരമിറങ്ങി എന്ന ആശ്വാസത്തിൽ നാഗർകോവിലിലേക്ക് അയാൾക്കൊപ്പം എന്റെയച്ഛൻ എന്നെ പറഞ്ഞു വിട്ടു. നല്ലവനായിരുന്നു അയാൾ
“ദാമ്പത്യബന്ധം ഒന്നും ഉണ്ടാവില്ല ട്ടോ.. എന്റെ കുട്ടികൾക്ക് ഒരു തുണ അത്രേള്ളൂ.”
പറഞ്ഞതു പോലെ തന്നെയായിരുന്നു സ്വാമി എന്ന് ഞാൻ വിളിച്ചിരുന്ന ആളുടെ പെരുമാറ്റം. പക്ഷേ കുട്ടികൾക്ക് എന്നെ ഒട്ടും പ്രിയമില്ലായിരുന്നു.. മൂന്നുനാലു വർഷം ഒരു ജോലിക്കാരിയെ പോലെ ഞാനാ വീട്ടിൽ നിന്നു. അതിനിടയിൽ ഒരു ദിവസം സ്വാമിക്ക് ഹാർട് അറ്റാക്ക് വന്നു. ഹോസ്പിറ്റലിൽ നിന്നും തിരികെ വന്ന അന്ന് രാത്രി എന്നെ അടുത്തു വിളിച്ച് സ്വാമി പറഞ്ഞു.

” അടുത്താഴ്ച നമുക്ക് ഒരിടം വരെ പോണം. ശാന്തിഭവൻ എന്ന ഒരു സ്ഥലമുണ്ട്. അനാഥർക്ക് ആശ്രയമേകുന്ന ഒരു സ്ഥലം. ഞാൻ അവിടുത്തെ പ്രധാനിയുമായി നല്ല അടുപ്പമാണ്. നിന്നെയും പരിചയപ്പെടുത്താം.എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവിടെ നിനക്ക് ഒരു സ്ഥാനമുണ്ടാവില്ല, ഞാൻ മരിച്ചു പോയാൽ നീ അവിടെ പോയി ജീവിക്കണം.”
അദ്ദേഹം പറഞ്ഞതുപോലെ ശാന്തിഭവനിൽ എന്നെ കൊണ്ടുപോയി എന്റെ പേരിൽ ഒരു തുകയും ഡെപ്പോസിറ്റ് ചെയ്തിരുന്നു ആ മനുഷ്യൻ. എന്റെ സുരക്ഷിതത്വത്തിൽ ഏറെ ശ്രദ്ധിച്ചിരുന്നു സ്വാമി, മുൻകൂട്ടി എല്ലാം അറിഞ്ഞിരുന്നത് പോലെയായിരുന്നു. ശാന്തി ഭവനിൽ നിന്നും തിരികെ ചെന്ന് ഒരാഴ്ച കഴിഞ്ഞ് സ്വാമി എല്ലാവരെയും വിട്ടുപോയി.
ചടങ്ങെല്ലാം കഴിഞ്ഞു ആരോടും യാത്ര ചോദിക്കാനില്ലാതിരുന്നതുകൊണ്ട് നിശബ്ദയായി ഞാനാ വലിയ വീടിന്റെ പടിയിറങ്ങി..

പ്രിയപ്പെട്ടവരുടെ ഒത്തിരി സ്നേഹം അനുഭവിച്ച്…ഇടക്കൊക്കെ മനസ്സിൽ പതിഞ്ഞ രവിയുടെ മുഖവും,സുഗന്ധം പരത്തിയ നിമിഷങ്ങളുടെ ഓർമ്മയുമായി ഞാനിവിടെയു ണ്ട് . കാർത്തിക വിളക്ക് എന്ന നോവലിലെ രവി തിരയുന്ന പെൺപൂവ്..
എന്ന് ഗായത്രി. “
ആ ഞായറാഴ്ച ഗായത്രിയെ അന്വേഷിച്ച് ഒരു അതിഥി എത്തിയിരുന്നു ശാന്തിഭവനിലെ അന്തേവാസികളെല്ലാം ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മറ്റാരുമല്ല,. പ്രശസ്ത നോവലിസ്റ്റ് രവീന്ദ്രൻ കുറ്റ്യാടി ആയിരുന്നു. അത്.
വിസിറ്റേഴ്സ് റൂമിൽ കുറെ നേരം സംസാരിച്ചിരുന്നു ഗായത്രിയും രവിയും. യാത്ര പറയുമ്പോൾ കഥാകൃത്തിന്റെ കണ്ണുകളിൽ ഒരു കാർത്തിക ദീപം കത്തിച്ചുവെച്ച വെളിച്ചത്തിന്റെ പ്രഭ തെളിഞ്ഞിരുന്നു……

ലാലി രംഗ നാഥ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *