രചന : ജിഷ കെ ✍
ഹൃദയം തൊട്ട് കൊണ്ട് കടന്നു പോകുന്ന ഒരാളിൽ
ഒരു പാതിരാ നക്ഷത്രമായെങ്കിലും
അവശേഷിക്കുന്നില്ലെങ്കിൽ
പ്രണയിച്ചതിന്റെ പാടുകൾ എവിടെ?
എവിടെ കടലേ യെന്നാർത്തു കരഞ്ഞ
നീല ച്ചുഴികൾ?
അത്രമേൽ ഒരാൾ വസന്തത്തെ ഉറക്കെ പേര് ചൊല്ലി വിളിച്ചിരുന്നുവെങ്കിൽ…
ചുവപ്പ് കിളിർക്കാത്ത
ഏതൊരു മൺ തിണ ർപ്പിലാണ്
ഒരിക്കലെങ്കിലും കാലു
കളൂന്നി നടന്നിട്ടുണ്ടാവുക…?
എങ്ങെനെയാവും
കണ്ടിടങ്ങളിലൊക്കെ ചിതറി വീഴാനാവുക….?
ഒരിക്കൽ ആകാശമേ എന്ന് പരിചയപ്പെടുത്തിയ
പേടികളുടെ കൊടുമുടിയിൽ നിന്നും.
കണ്ണടക്കാൻ പോലും മറന്നതിനു ശേഷം
ഒറ്റകുതിപ്പിന്റെ ആയത്തിലേക്ക്
പ്രാണൻ ഉപേക്ഷിക്കാൻ ആരാണ് ധൈര്യപ്പെടുക??
തട്ടിയും ഉടഞ്ഞും ഉടൽ വേർപെടുമെന്ന
പഞ്ഞിക്കെട്ടിന്റെ ധ്യാനമാവാൻ തോന്നുക?
പ്രണയത്തിലല്ലെങ്കിൽ
മറ്റെവിടെയാണ്
മരണത്തിനും മുൻപേ പറന്നെത്താനാവുക??
ഏതൊരു കാട്ടുതീയിലും കരിഞ്ഞമരുമ്പോഴും
പച്ചയെന്ന് നിലവിളിക്കാനാവുന്ന
നോവുകളെ അവർക്കല്ലാതെ മറ്റാർക്കാണ് കിളിർപ്പിക്കാനാവുക….
എത്ര വലിച്ചൂരിയാലും
മുള്ളിലുടക്കുന്ന ശ്വാസം കൊണ്ട്
ഒരു പുഴയെ മുഴുവനും ചൂണ്ടയിൽ കോർക്കുന്ന
മത്സ്യ ജന്മം
ഉപ്പു പരലുകൾ ചേർത്ത് രുചിക്കാൻ ആർക്കാണ് കഴിയുക??
അത്രമേൽ ഒരാൾ പ്രാണനിൽ അടയാളം വെച്ചതിനു ശേഷവും
ഒറ്റയ്ക്കിരിപ്പുകളെ
ആത്മ ഹത്യകളെന്ന്
അടിക്കുറിപ്പെഴുതി വെയ്ക്കാൻ
പ്രണയിയുടെ വിഷാദത്തിനല്ലാതെ
മറ്റേത് നീലകുറിഞ്ഞിയെയാണ് കണ്ടെത്താനാവുക?
ആരായിരിക്കും സൂര്യ വിഷാദത്തിന്റെ ചുവന്ന സന്ധ്യകളെ
ഒറ്റവലിക്ക് കുടിച്ച് തീർക്കുക??
നിലാവ് പോലെ നേർത്തതിന് ശേഷവും
ഉറഞ്ഞു കഴിയുമ്പോൾ
ഉന്മാദിയാകുവാൻ
പ്രണയത്തിൽ അല്ലാതെ
മറ്റേത് സൂര്യകാന്തി പ്പാടമാണവശേഷിക്കുക..?
![](https://www.ivayana.com/wp-content/uploads/2024/08/jisha-k-150x150.jpg?v=1724589983)