രചന : റെജി.എം.ജോസഫ്✍
തന്റെ മകന്റെ ഹൃദയം സ്വീകരിച്ചയാളെ നേരിൽക്കാണുന്ന അമ്മയുടെ മനമാണ് കവിതയിലൂടെ ഇതൾ വിരിയുന്നത്!
അരികെ വരൂയെൻ മകനേ നീയിന്ന്,
അമ്മയ്ക്കരികിലൊരൽപ്പമിരിക്കൂ!
അറിയട്ടെ നിന്നുള്ളിലിന്ന് തുടിക്കുന്ന,
അലതല്ലും സ്നേഹക്കടലാം ഹൃദയം!
മുഖമൊന്നു ചേർക്കട്ടെ നിന്റെ മാറിൽ,
മുത്തമൊന്നേകട്ടെ, നിൻ കവിളിൽ!
മുറിയാത്ത ജീവനായ് ഇന്നുമവൻ,
മിടിക്കുന്ന ഹൃദയമായ് ഉള്ളിലില്ലേ?
കരമൊന്നുയർത്തിക്കവിളിൽ തൊടൂ,
കരയല്ലേയമ്മേയെന്നൊന്നു ചൊല്ലൂ!
കടലോളമാഴത്തിലാണെന്റെ സങ്കടം,
കനവായിരുന്നു നീ എന്നതറിക!
വളരെക്കുറച്ചേയെനിക്കായുസ്സിനിയുള്ളൂ,
വരമായെനിക്കോരുറപ്പ് നീ നൽകൂ;
വരണം നീയിനിയുമൊരു വേള കൂടി,
വായ്ക്കരിയിട്ടെന്നെ യാത്രയാക്കാൻ!