അംബികേ, ജഗദംബികേ ജഗദുത്ഭവസ്ഥിതി കാരിണീ,
കുമ്പിടുന്നടിയങ്ങൾ ഭക്തിയൊടെപ്പൊഴും പരമേശ്വരീ
ഉള്ളിലായ് നുരയിട്ടു പൊന്തിടുമെന്നഹന്തയൊടുക്കി നീ,
തുള്ളിയാടുകമൻമനസ്സിലനന്തതേ,മതിമോഹിനീ
ഉൺമയെന്നതു തന്നെയമ്മ,യനന്തമാണതിനുത്തരം!
നിർമ്മമപ്രഭതൂകിനിൽക്കുകയാണതെങ്ങു മഭംഗുരം
സർവഭൂതവുമമ്മതന്നുദരത്തിൽ നിന്നുയിർ പൂണ്ടതെ-
ന്നുർവിയിങ്കലറിഞ്ഞിടുന്നവരെത്രയുണ്ടു നിനയ്ക്കുകിൽ!
സർവദുഃഖവിനാശിനീ,വരദായിനീ,ശുഭകാമിനീ
സർവമെന്ന പദത്തിനാലെയറിഞ്ഞിടുന്ന വിടുത്തെഞാൻ
ധന്യധന്യമതത്രെയാ,മുഖദർശനം ചിരപൂജിതേ
ധന്യധന്യമതാകണംമമജീവിതം പരമാത്മികേ
തത്തിനിൽക്കണമേതുനേരവുമമ്മതൻ മുഖകാന്തിയെൻ
ഹൃത്തിലങ്ങനെയാത്തമോദമനന്യഭാവന തൂകിടാൻ
മുഗ്ധരാഗവിലോലതന്ത്രിയിൽ നിന്നെഴട്ടെ വിശാലമാം
സ്നിഗ്ധകാവ്യസുശീലുകൾ സുരപൂജിതേ യനുവാസരം
അജ്ഞാനത്തിന്നിരുളലമൂടിയുത്തരോത്തരമംബികേ
പ്രജ്ഞയറ്റു മനുഷ്യനിന്നുഴലുന്നു പാരിലെങ്ങെങ്ങുമേ!
ധർമ്മസാര സമസ്യയായമ്മയുള്ളിലായി വിളങ്ങുകിൽ,
നന്മയല്ലോഭവിപ്പു നിത്യവുമുൻമുഖം ശ്രുതിബന്ധുരം!
ഏകബിന്ദുവിലൂടപാരമാമിപ്രപഞ്ചം മെനഞ്ഞവൾ,
ഏകതാനതയോടെയാരിലുമാരുയിരായ് പുലർന്നവൾ
വേദവേദാന്തവേദ്യയായ്നിജഭാവനകൾ രചിപ്പവൾ
ഏതിനുംഹേതുവായിവാഴുന്നൊരമ്മയല്ലാത തേതൊരാൾ!
ആദിമധ്യാന്തമേതുമില്ലാത്തൊരുജ്ജ്വല പ്രേമദീപികേ
നാദബ്രഹ്മസരോവരത്തിരമാലയായെഴും ദേവികേ
വാക്കുകൊണ്ടു വർണ്ണിച്ചിടാനൊട്ടുമായിടാത്തൊരപാരതേ
ഓർക്കുവാനെളുതല്ല,താവക വൈഭവങ്ങളൊന്നൊന്നുമേ!
മാമകമിഴിരണ്ടിലുംകാൺമതമ്മതൻ സർഗ്ഗകേളികൾ
ആ മധുരമൊഴികളല്ലയോ,കാതിലും കേൾപ്പതങ്ങനെ
സാമസംഗീതധാമമേ,യാറ്റുകാലിൽ വാണിടുമംബികേ
ആമയങ്ങളകറ്റിയെന്നാത്മവേദിയിൽ നൃത്തമാടിടൂ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *