അരണ്ടവെളിച്ചം
അശരണന് അഭയം
അശരീരികളെല്ലാം
അരണ്ടവെളിച്ചത്ത് നിന്നാണ്….
ബുദ്ധനും
ക്രിസ്തുവിനും
അറിയാം അരണ്ടവെളിച്ചത്തിന്റെ
വിശുദ്ധി…
നെഞ്ചുപൊട്ടി –
കരയുന്നവന്റെ
കവിതകളധികവും പിറക്കുക
അരണ്ടവെളിച്ചത്തിലെ
അപസ്മാരവെളിപാടുകളായാണ്…
മനീഷിയുടെ
മനനത്തിനും
വേശ്യയുടെ
വിലപേശലിനും
പ്രവാസികളുടെ
വിലാപങ്ങൾക്കും
ആർത്തന്റെ
ആത്മഹത്യാശ്രമങ്ങൾക്കും
സാക്ഷി –
അരണ്ടവെളിച്ചം
തട്ടിൻപുറത്തെ
അരണ്ടവെളിച്ചം
പൂച്ചക്ക് വിളയാടാനേറെയിഷ്ടം
മരച്ചില്ലകൾക്കുള്ളിലെ
അരണ്ടവെളിച്ചം
പരുന്തിനും
കുരുവിക്കും
കൂടൊരുക്കാനേറെയിഷ്ടം
ഒളിയാക്രമണത്തിൽ
കൊല്ലപ്പെട്ട
പടയാളിയുടെ
വിധവക്കുമിഷ്ടം
അറപ്പുരയിലെഅരണ്ട വെളിച്ചം
പഴമ്പുരാണംമുതൽ
അത്യാധുനികം വരെ
ഗ്രന്ഥങ്ങൾക്കെല്ലാംഅഭയം
അരണ്ടവെളിച്ചം
സ്വപ്നങ്ങളുടെ
അനുക്രമമായ
ഉദയത്തിനും
അസ്തമയത്തിനും
സാക്ഷി –
അരണ്ടവെളിച്ചം
ദശാസന്ധികളിൽ
ജന്മരാശിയിൽ
ജന്തുതമഥിക്കുമ്പോഴും
ഉഷ്ണസ്പർശത്താൽ
കർമ്മകാണ്ഡങ്ങൾ
ജരാനരയാൽ വിറ കൊള്ളുമ്പോഴും
സാക്ഷി –
അരണ്ടവെളിച്ചം
മുനിയുന്നമൺചെരാതിൻ
അരണ്ടവെളിച്ചത്തിൽ
പഴയൊരമ്മനിലവിളിക്കുന്നു
പതിച്ചിയൊരുവൾ
കത്തിരാകുന്നു
പൊക്കിൾക്കൊടിമുറിയുന്നു
രക്‌തം മുനിയുന്നു…
അടക്കംപറയാൻ അയല്ക്കാർ
അടഞ്ഞവാതിലിനരികെ
അരണ്ടവെളിച്ചത്തിൽ
അരുണവർണ്ണമയവിറക്കുന്നു;
പഴയൊരച്ഛൻ…
ആൽത്തറയിലെ
അരണ്ടവെളിച്ചത്തിൽ
തറവാടിനുകാവൽ
ത്രിശൂലവും
പൊൻതിടമ്പും
കുലമഹിമക്ക്
കുടുംബമൂർത്തിക്ക്
പട്ടും പടുക്കയും
കാഴ്ചവെക്കാൻ
അരണ്ടവെളിച്ചം
കുട്ടികൾ
കള്ളനും പോലീസും
കളിക്കുന്നത്
ഒറ്റപ്പെട്ടവൻ
പക്ഷികളുടെ സഞ്ചാരപഥങ്ങൾ തിരയുന്നത്
അരണ്ടവെളിച്ചത്തിൽ
വേട്ടുവാളനൊരു കൂടുകൂട്ടാൻ
പാമ്പുകൾക്ക്
വാലിലൂന്നി
ഇണചേരുവാൻ
ചിലന്തിക്ക്
നിർഭയമായ്
വലകോർക്കാൻ
പല്ലിക്ക്
നേരും നെറിയും
പ്രവചിക്കാൻ
അശരണന്
ആകാശത്തിലെ
നക്ഷത്രങ്ങളോട്
അടക്കം പറയുവാൻ
ശരണം –
അരണ്ടവെളിച്ചം
രജസ്വലയായ
കൂട്ടുകാരീ
നിനക്കും കൂട്ട്
അരണ്ടവെളിച്ചം
ആൽവൃക്ഷച്ചോട്ടിൽവെച്ച്
നിനക്കുനൽകിയ
ആദ്യചുംബനത്തിനും
സാക്ഷി –
അരണ്ടവെളിച്ചം
അരണ്ടവെളിച്ചത്തിരുന്നൊരു
നിലക്കണ്ണാടി മൊഴിയുന്നു;
നിഴൽ നോക്കി
നിഗളിക്കും കൂട്ടുകാരാ
ചെറിയ ശിരസ്സിനെ താങ്ങുന്ന
നട്ടെല്ലിന്റെ ചരിവ്
നെഞ്ചിന്റെ മിടിപ്പ്
കണ്ണിന്റെ തുടിപ്പ്
കാലിന്റെ പെരുപ്പ്
നിഴൽകണ്ടറിയുക
അസാദ്ധ്യം….
*

ജയനൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *