രചന : രാജേഷ് ദീപകം✍
കുറുപ്പുമാഷിനെ അറിയാത്തവർ നാട്ടിൽ ആരുംതന്നെയില്ല. ചിത്രകലാദ്ധ്യാപകനാണ്. മാഷിന്റെ രചനാചാതുര്യം പ്രസിദ്ധവുമാണ്. ഞൊടിയിടയിൽ ആരെയും അപ്പടി പകർത്തും. ആരാധകരുടെ ഒരു കൂട്ടം തന്നെയുണ്ട് മാഷിന്. വിദൂരസ്ഥലങ്ങളിൽ പോലും മാഷിന്റെ ചിത്രപ്രദർശനം നടന്നിട്ടുണ്ട്. പക്ഷേ ആരാധികമാർ മാഷിനൊരു ഹരം ആയിരുന്നു. . നടവരമ്പിലൂടെ ചന്ദ്രമുഖി നടന്നുവരുന്നത് കുറുപ്പുമാഷിന് വീട്ടിലിരുന്നു കാണാം. പടിപ്പുരയോട് ചേർന്നുള്ള ജാതിമരത്തിന്റെ തണലിലെ ചാരുകസേരയിൽ മാഷുണ്ടാകും. ഇളം കാറ്റേറ്റ്, പാടത്തിനക്കരെതലയാട്ടി നിൽക്കുന്ന തെങ്ങിൻതലപ്പിന്റെ ഭംഗിനുകർന്ന്, മൂളിപാട്ടുപാടി രസിച്ചിരിക്കുന്ന, പുലർകാലത്തുതന്നെയാണ് ചന്ദ്രമുഖിയുടെ വരവ്……………..
വർണ്ണചിത്രം പോലെ മനസ്സിൽ മായാതെ കിടന്ന രൂപം പല ഭാവവേഷഭൂഷദി കളിൽ ചിത്രങ്ങളായപ്പോൾ, അത് ടൗൺഹാളിലെ ചിത്രപ്രദർശനത്തിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ, നാട്ടിൽ വലിയൊരു സംഭവമായി. അത് ചന്ദ്രമുഖിയാണെന്ന് നാട്ടുകാർ പറഞ്ഞു .പിന്നെ ഉറപ്പിച്ചു.അല്പവസ്ത്രധാരിയായ ചന്ദ്രമുഖിയുടെ ചിത്രങ്ങൾ മാഷിനെതിരായ കേസിനും,സർവശ്രീ.കുമാരപിള്ളയുടെ കൈത്തലം കവിൾതടത്തിൽ, വിരലടയാളം സൃഷ്ടിക്കപ്പെടും വിധം കലാപം തന്നെയകാനും കാരണമായി……………………………
അപമാനിതനായ കുറുപ്പുമാഷ് നാടുവിട്ടു. ഒരു വിവരവും അറിയാതെ വർഷങ്ങൾ…….. എങ്കിലും ആരും അറിയാതെ പല സംഭവങ്ങളും നടക്കുന്നുണ്ടായിരുന്നു………………… കോളേജ്ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന ചന്ദ്രമുഖിയെ മാഷ് കാണുന്നതും, സംഭവിച്ചുപോയകാര്യങ്ങൾക്ക് മാപ്പ് അപേക്ഷിച്ചതും കാര്യങ്ങളുടെ ഗതിവിഗതികൾ മാറ്റിമറിച്ചു. മാപ്പ് അപേക്ഷയുമായി ചെന്ന മാഷോട്….. “ഞാനല്ലേ മാപ്പ് പറയേണ്ടത്? ഒരു കലാകാരനെ അപമാനിച്ചതിന്, നാടുവിട്ടുപോകാൻ കാരണമായതിന്!?..എല്ലാത്തിനും മാപ്പ്, അച്ഛൻ ചെയ്ത തെറ്റിനും “……….. മാഷിന്റെ കൈവിരലുകൾ കവിളിലൂടെ സഞ്ചരിച്ച് പഴയ കാലത്തിലേക്ക് പോയി………
അതൊരു തുടക്കവും, നാട്ടിൽ വിപ്ലവുമായിരുന്നു……………. ഇത്തരം വിവരങ്ങൾ നാട്ടിൽ പാട്ടാവാൻഅന്നും ഇന്നും ഇന്റർനെറ്റും,സാങ്കേതികമികവുംഒന്നും വേണ്ടല്ലോ!!?……………………….ചന്ദ്രമുഖിയുടെ സഹോദരൻ ചന്ദ്രലാൽ മാഷിന്റെ ആരാധകനും പരിഷ്കാരിയുമായിരുന്നു. ചെറുപ്രായത്തിൽ ബോംബെയ്ക്ക് നാടുവിട്ടുപോയ ലാലിന്റെ മടങ്ങിവരവിൽ, നായരുടെ ചായക്കടയിൽ നിന്ന് ആ വാർത്ത ഇടിത്തീപോലെലാലിന്റെ കാതിൽ പതിഞ്ഞു……കേട്ടപാതി, കേൾക്കാത്ത പാതി ലാൽ വീട്ടിലേക്കോടി…. ആരോടും ഒന്നും മിണ്ടാതെ മുറിയിൽ കയറി പെട്ടിയിൽ നിന്നും തന്റെ പ്രിയപ്പെട്ട വെള്ളിപ്പിടിയുള്ള, അലങ്കാരമുള്ള സുന്ദരൻകത്തിയുമായി ടൗണിലേക്ക് പാഞ്ഞു……………………………
തേടിപിടിച്ചുമാഷിന്റെ ഒറ്റമുറി വീടിന് മുന്നിൽ നിന്ന് വിറച്ച ചന്ദ്രലാൽ മാഷിന്റെ അനുനയവാക്കിൽ മാൻപേടയെ പോലെ നിഷ്കളങ്കനായി.”””മാഷിന് അങ്ങനെ ഒരാഗ്രഹം ഉണ്ടെന്ന് എന്നോട് പറയാമായിരുന്നില്ലേ?”…. പോട്ടെ അവൾക്കറിയാമോ?……………….. രണ്ടിനും ചിരിയായിരുന്നു കുറുപ്പുമാഷിന്റെ ഉത്തരം….. ഊരിപിടിച്ചകത്തി മാഷിന്റെ കൈയ്യിൽ കൊടുത്തശേഷം മാഷിനെ അടിമുടി നോക്കി….”ഇരിക്കട്ടെ ഒറ്റയ്ക്കല്ലേ താമസം….വേണ്ടി വരും “………………
പ്രമാണിയായ കുമാരപിള്ളയുടെ എതിർപ്പ് ചട്ടമ്പിയായ ലാലിൽ തട്ടി തകർന്ന് തരിപ്പണം ആയപ്പോൾ ചന്ദ്രമുഖിയുടെ കഴുത്തിൽ കുറുപ്പുമാഷിന്റെ താലി സൂര്യശോഭയായി…………കാലം പലതിനും സാക്ഷിയാകും. വാർത്തകൾ കൊണ്ട് സമ്പന്നമായ ആ കൊച്ചുഗ്രാമം ഭയന്നുപോയ വാർത്ത.”കുറുപ്പ് മാഷ് ചന്ദ്രമുഖിയെ കുത്തികൊന്നു. അതും ചന്ദ്രലാൽ സമ്മാനിച്ച വെള്ളി പിടിയുള്ള അലങ്കാരകത്തി കൊണ്ട് “…………..അന്ന് ഗ്രാമം ഉറങ്ങിയില്ല അതിനാൽ ഉണർന്നതുമില്ല….വാർത്തകൾ പലവിധത്തിൽ പ്രചരിക്കപ്പെട്ടു…… ആരാധികമാർ ഏറെയുള്ള മാഷിന് മറ്റൊരു പെണ്ണിനോട് തോന്നിയ പ്രണയം, സുന്ദരിയായ ചന്ദ്രമുഖിയിൽ തോന്നിയ സംശയം,…… അമിതമദ്യപാനം…. സാമ്പത്തിക ബുദ്ധിമുട്ട്…… സത്യം ആർക്കും അറിയില്ലായിരുന്നു. ഊഹാപോഹങ്ങളിൽ ജനം കഥകൾ മെനഞ്ഞു.കവിതകൾ രചിക്കപ്പെട്ടു ആസ്വദിച്ചു, കരഞ്ഞു, കലഹിച്ചു ……
സമസ്യ പോലെഅതങ്ങനെകിടന്നു. ഇന്നും ഉത്തരം കിട്ടാതെ…………മാഷ് ജയിലിലായി. ജീവപര്യന്തം…………….. ലാൽ നിരാശനായി എവിടെയൊക്കെയോ അലഞ്ഞുനടന്നു…. മദ്യപിച്ചു ലക്കുകെട്ട്…..പലതും വിളിച്ചുകൂവി……..വിളിച്ചുപറഞ്ഞു…. എങ്കിലും ആ കത്തികൊണ്ട്…… അവൻ……, അലറിവിളിച്ചു…. പൊട്ടിച്ചിരിച്ചു. .. ………………. ജയിലിലുംമാഷ് ചിത്രരചന തുടർന്നു….. ഗാന്ധിജിയുടെ, നെഹ്‌റുവിന്റെ, ബോസിന്റെ, പട്ടേലിന്റെ………… ഒരു സ്വാതന്ത്ര്യസമരദിനത്തിൽ ശിക്ഷഇളവിൽ ജയിൽമോചിതനായി .
നാട്ടിലെ പൊളിഞ്ഞ വീട്ടിൽ ഒറ്റയ്ക്ക്….പടിപ്പുര നിലംപൊത്തി ജാതിമരം ഉണങ്ങി കരിഞ്ഞു. വയൽ നികന്നു. കൊട്ടാരങ്ങൾ തലപൊക്കി നോക്കി…..വിറയാർന്ന കൈകളാൽ ചിത്രം വരയ്ക്കാൻ തുടങ്ങി…… ലാൽ ആ വാർത്തയറിഞ്ഞു.
വയൽവരമ്പും, തോടും ചാടി ……………….. തുറന്നിട്ട ജനാല വഴിഅകത്തേക്ക് നോക്കി…………… ഇരുണ്ടവെളിച്ചത്തിൽ അയാൾവരയ്ക്കുന്നത് പോലെ തോന്നി…പ്രാർത്ഥനയോടെഇരിക്കുന്നത് പോലെയും……മുന്നിലെ ചിത്രത്തിലേക്ക് നോക്കി…… ചേച്ചി…അതെ…. ചന്ദ്രമുഖി….തന്റെ പ്രിയപ്പെട്ട ചേച്ചി….അരണ്ടവെളിച്ചത്തിൽ ചിരിച്ചു നിൽക്കുന്നു. ആ ചിത്രത്തിന് ജീവനുണ്ടെന്ന് തോന്നി…… അകത്തുകടന്ന് അയാൾ മാഷിനെ കുലുക്കിവിളിച്ചു….. മാഷേ.. മാഷേ…. അനക്കമില്ല….. ലാൽ ഞെട്ടി പിന്തിരിഞ്ഞു… കാലിൽ ചെറിയനനവ്……. ചോര..മുറിയാകെ………
ചോര…..ചോരയയൊഴുകുന്നു…അതൊരു പുഴയാകുന്നു….. കാറ്റിനും ചോരമണം…..പുറത്ത് അപ്പോൾ ഇടിമിന്നലോടെ മഴ ആഹ്ലാദനൃത്തം നടത്തുകയായിരുന്നു. വെട്ടിതിളങ്ങുന്ന തന്റെ പുത്തൻ കത്തി അയാൾ മഴയത്തേക്ക് വലിച്ചെറിഞ്ഞു. മഴ പതുക്കെ ശാന്തമാകുന്നു…… ഇടിമിന്നൽ അകലത്തേക്ക് പോകുന്നത് പോലെ……….. പിന്നെ നിശബ്ദമായി. ––
![](https://www.ivayana.com/wp-content/uploads/2024/08/rajesh-deepakam-150x150.png?v=1724587271)
അന്നൊക്കെ നാട്ടിൽ കൊലപാതകം ഒരു അത്ഭുതസംഭവം ആയിരുന്നു.ഇന്ന് നിത്യസംഭവം. എന്തെല്ലാം വാർത്തകൾ.നാട്ടിൻപുറത്തെ കൊച്ചുകവികൾ അതിനെക്കുറിച്ചു കവിതയെഴുതും. പൊടിപ്പും തൊങ്ങലും ചാർത്തി. ഒരു രൂപ /രണ്ട് രൂപ ആയിരിക്കും വില. ചൂടപ്പംപോലെ വിൽക്കപ്പെടും. ആ കവിതകളിൽ പറയുന്നത് അപ്പാടെ എഴുതിയാൽ ജീവിച്ചിരിക്കുന്നവർക്ക് അത് വലിയ വേദനയാകും.അസത്യവുമാകും.അത്തരം ഒരു കവിത വായിക്കാൻ ഇടയായി. അതിന്റെ ഓർമ്മയിൽ നിന്നും ഈ കഥ. ***