കന്നിവെയിലുതിരുന്നപ്പാടത്തായി
കതിരവകാന്തിയാൽ കനകം പോൽ
കർഷകമന്ദിരം സ്നേഹബന്ധുരമായി
കേദാരമങ്ക തൻ കേശഭാരമഴിയുന്നു.

കോലംകെട്ടിപ്പടയണിതുള്ളിയിതാ
കാലമറുതയായികന്നിപ്പാടങ്ങൾ
കന്നിയേകുമാപ്പാലമൃതൂട്ടാനായി
കോമളമങ്കകൾകതിരുകളാകുന്നു.

കൈരളിക്കാധാരകർഷകശ്രീനിധി
കലപ്പമുദ്രയാലുഴുതുമറിക്കുമ്പോൾ
കൈതവമില്ലാത്തദേവഭൂമിയായിതു
കേരളമുത്തമകർഷകക്ഷേത്രമായി.

കല്പനയാലെയനന്തമാംമാനത്ത്
കതിരണിതാരകൾ മിന്നീടുമ്പോൾ
കനകമഞ്ജരികളണിഞ്ഞൊരുങ്ങി
കലാമണ്ഡലത്തിൽനൃത്തമാടാനായി.

കാവടിയേന്തുന്ന കേദാരമലരുകൾ
കുടുമ കുലുക്കി കാവടിയാടുമ്പോൾ
കാമദേവനവനഗ്നിസാക്ഷിയായവളെ
കാണുമ്പോളെന്തൊരുചന്തമാണെന്ന്.

കോമരം തുള്ളുന്ന വെളിച്ചപ്പാടുകൾ
കതിരവകാന്തി തിളങ്ങുംവാളുമായി
കാണുന്നുണ്ടിതാകനലാർന്നപ്പാടത്ത്
കാപട്യമില്ലാത്ത കാന്തശ്ശക്തിയായി.

കാറ്റുവീശിയായളകങ്ങളുലയുമ്പോൾ
കലഹിച്ചവർ വീണ്ടുമുയർന്നീടുന്നു
കലഹങ്ങളങ്ങനെയാവർത്തനമായി
കതിരിനെകാറ്റിതാവീഴ്ത്തുന്നു താഴെ.

കലപിലെ ചിലയ്ക്കുംകിളികളനന്തരം
കൊത്തിചിതറിച്ച കതിർമണിയൊക്കെ
കിലുകിലുങ്ങുന്ന സപ്തസ്വരങ്ങളായി
കർണ്ണാമൃതമേകും സ്വരസാധകമായി.

കന്നിവെയിലാൽ തിളങ്ങും കതിരുകൾ
കണ്ണാടി നോക്കുന്നുകുളിർച്ചോലയിൽ
കപോലങ്ങളിലാ കാമുക സ്പർശനം
കാമിനിയേയങ്ങുകുടുകുടെ ചിരിപ്പിച്ചു.

കപോതങ്ങളെപ്പോലവ കുറുകുന്നു
കാറ്റിലലിയുന്നു കുസുമാരമർമ്മരം
കതിരവമാനസം സ്വപ്‌നരാഗങ്ങളാൽ
കാന്തനണയാനായി കാത്തിരിക്കുന്നു.

കാളകളേപ്പൂട്ടിയതേരിലായായതം
കലപ്പയേന്തിയാനിലമുഴുതുമ്പോൾ
കാൽചിലമ്പണിഞ്ഞായുർവരയോ
കാന്തനോടലിഞ്ഞലിഞ്ഞാനന്ദമോടെ.

കർഷകനാണിഷ്ടപ്രാണേശ്വരൻ
കേദാരമാണലിയും പ്രാണേശ്വരി
കാന്തസൗഭാഗ്യസുരതലയത്താൽ
കേദാരാംഗനയോഗിർവിണിയായി.

കളയൊഴിച്ചവളേയമലയാക്കികാലം
കർഷകനതിരാത്രം പരിപാലിക്കുന്നു
കതിരുകളിരട്ടിയാം കൂട്ടപ്പെരുമയിൽ
കതിർകുലമങ്ങനെ സമഷ്ടിയാകുന്നു.

കിശോര സ്പർശനത്താലുണർന്നു
കുലങ്ങളങ്ങനെയുത്കൃഷ്ടമായി
കുവലമിഴികളഴകായപ്പോലെയതു
കതിരക്ഷികളായിരമുണർന്നീടുന്നു.

കർഷകരാണെന്നുമുയിരായെന്നിൽ
കഠിനാധ്വാനത്താലുർവരയെയവർ
കതിരണിയിച്ചു സൗഭാഗ്യവതിയാക്കി
കതിർമണ്ഡപത്തിലേക്കാനയിക്കുന്നു .

കർമ്മമണ്ഡപത്തിലെ വേദിയിലായി
കേദാരവധുവിനെയണിയിച്ചൊരുക്കി
കൺമണിക്കാനന്ദവരണമാല്യമേകി
കാന്തയോയകതാരിലെമണിയറയിൽ.

അഡ്വ: അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *