രചന : സന്ധ്യാജയേഷ് പുളിമാത്ത് ✍
ഇന്ന് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ആൺ പെൺ വ്യത്യാസമില്ല. ആൺകുട്ടികളെക്കാൾ ഒരു പടി മുന്നിലാണ് പെൺകുട്ടികളുടെ വിജയ ശതമാനം.
വിദ്യാഭ്യാസം, തൊഴിൽ, വിവാഹം….
വിദ്യാസമ്പന്നരും, ഉദ്യോഗസ്ഥകളുമായ പല സ്ത്രീകളും സാമ്പത്തികമായി ഇപ്പോഴും സ്വയം പര്യാപ്തത കൈവരിച്ചിട്ടില്ല. മാസത്തിന്റെ ആദ്യ ആഴ്ച കിട്ടുന്ന ശമ്പളം കണക്ക് തെറ്റാതെ എണ്ണിവാങ്ങുന്ന ഭർത്താവുദ്യോഗസ്ഥൻ
സ്വന്തം ശമ്പളത്തിന്റെ കണക്ക് പുറത്തുപറയാറില്ല. എന്നാൽ ഭാര്യയുടെ ശമ്പളം കൃത്യമായി എണ്ണി വാങ്ങുകയും ചെയ്യും.
ചോദ്യം ചെയ്താൽ ദേഹോപദ്രവംഏൽക്കേണ്ടി വരും. സ്വയം ജോലിചെയ്യുന്ന ക്യാഷ് ഭർത്താവിനെ ഏൽപ്പിക്കുകയും വേണം. അയാളുടെ ശമ്പളം /ബാങ്ക് ബാലൻസ് ഭാര്യയ്ക്ക് അറിയാനും കഴിയില്ല.
അഞ്ചക്ക ശമ്പളമുള്ള സ്ത്രീയും ആവശ്യങ്ങൾക്ക് ഭർത്താവിന്റെ മുന്നിൽ വിധേയപ്പെട്ടു നിൽക്കണം.
പഠനത്തിൽ, ജോലിയിൽ മുന്നേറാൻ ഒറ്റയ്ക്ക് കഴിഞ്ഞ സ്ത്രീക്ക് എന്തുകൊണ്ടാണ് തന്റെ അധ്വാനത്തിന്റെ ഫലം സ്വാതന്ത്ര്യത്തോടെ ചെലവഴിക്കാൻ / സംരക്ഷിക്കാൻ കഴിയാതെ പോകുന്നത്…?
ഭാര്യയുടെ എ ടി എം കൈവശം വെയ്ക്കുന്ന ഭർത്താക്കന്മാർ….
ചിലർക്ക് സ്വന്തമായി ജോലി ചെയ്യാൻ താല്പര്യമില്ല. കുടുംബഭാരം സ്ത്രീയുടെ വരുമാനത്തിൽ,സമൂഹത്തിന്റെ മുന്നിൽ ‘ഗൃഹനാഥൻ ” എന്നപേരിൽ തെക്ക് വടക്ക് നടക്കുന്നതും കാണാം. എപ്പോഴെങ്കിലും സ്ത്രീ കണക്ക് ചോദിച്ചാൽ ഭാര്യയുടെ മരിച്ചുപോയ അപ്പൂപ്പനിൻ തുടങ്ങി മാതാപിതാക്കളെ കൂടി ചേർത്ത് തെറിയുടെ പൂരമായിരിക്കും. പ്രതികരിച്ചാൽ കുടുംബവഴക്ക് കയ്യാങ്കളിയിൽ വരെ എത്തി നിൽക്കും. അയൽക്കാൻ /ബന്ധുക്കൾ ചോദിച്ചാൽ ഉദ്യോഗസ്ഥയായതിന്റെ അഹങ്കാരം..
ഇത്തരം ഭർത്താക്കന്മാരെ പലപ്പോഴും സ്ത്രീകൾക്ക് സഹിക്കേണ്ടി വരുന്നു. കാരണം കുട്ടികൾ, സമൂഹം, ബന്ധുക്കൾ എല്ലാം പ്രധാന ഘടകങ്ങളാണ്..
ഇത്തരം സാഹചര്യങ്ങളിലാണ് അവതാരപുരുഷന്മാർ ജന്മമെടുക്കുന്നത്.
വീട്ടിൽ ഭാര്യയെ തൊഴിക്കുന്നവനും കാമുകന്റെ വേഷം ഭംഗിയായി അവതരിപ്പിക്കും. ബന്ധങ്ങളിൽ മടുപ്പുണ്ടാകുന്നത് സ്വാഭാവികം…
പുനഃർ ചിന്തയിൽ രണ്ടുപേരിൽ ഒരാൾ മാനസാന്തരപ്പെട്ടാൽ അതുവരെ ശരിയായിരുന്നത് തെറ്റായി മാറുന്നു. പിന്തിരിയൽ ചിലപ്പോൾ കൊലപാതകത്തിൽ അവസാനിക്കും. മറ്റു ചിലത് അപവാദപ്രചാരണത്തിലും.
എന്നാൽ ഏത് ബന്ധവും പക്വതയോടെ സമീപിക്കുന്നവരുമുണ്ട്. സമചിത്തതയോടെ പിന്തിരിഞ്ഞു നടക്കുന്നവർ….
ഹൃദയത്തിൽ ഭാരം ചുമക്കുന്നവർ…. അപക്വമായ ചില തീരുമാനങ്ങൾ, വ്യക്തികളെ മനസിലാക്കാതെയുള്ള ബന്ധം സ്ഥാപിക്കൽ…
അക്കരെ പച്ച തേടിയുള്ള യാത്രകൾ… എല്ലാം ചെന്നെത്തുന്നത് വലിയൊരു ദുഃഖത്തിലേയ്ക്കാണ്. വർഷങ്ങളോളം, ഒരു പക്ഷേ ജീവിതാവസാനം വരെ അതിങ്ങനെ നോവായി മനസ്സിൽ അവശേഷിക്കും…
റിയൽ ലൈഫിൽ സ്നേഹം, അഭിനന്ദനം, അംഗീകരിക്കൽ, സുരക്ഷിതത്വം, അതിലുപരി കേൾക്കാൻ ഒരാൾ… ഇതൊക്കെ സ്ത്രീ ആഗ്രഹിക്കുന്നുണ്ട്. ഇതിനൊന്നും സമയമില്ലാത്ത ഭർത്താവുദ്യോഗസ്ഥനാണ് നിങ്ങളെങ്കിൽ ചുറ്റും വട്ടംചുറ്റുന്നകഴുകന്റെ കണ്ണുകൾ അവഗണിക്കരുത്.വിവാഹിതയായ ഒരു സ്ത്രീ മറ്റൊരു പുരുഷനിലേയ്ക്ക് നടന്നടുക്കുന്നു എങ്കിൽ അതിൽ ഭർത്താവിന്റെ പങ്ക് ചെറുതല്ല.
എന്നാൽ ആത്മഹത്യാ മുനമ്പിൽ നിന്നും ജീവിതത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നചിലരെങ്കിലുമുണ്ട്. ബന്ധങ്ങൾ ഏതുമായിക്കൊള്ളട്ടെചൂഷണത്തിന് നിന്നുകൊടുക്കാതിരിക്കാനുള്ള പ്രായോഗിക ബുദ്ധിയെങ്കിലും ഉണ്ടായിരിക്കണം.