ഇടവപ്പാതി പെരുമഴയിൽ
ഇടനെഞ്ചു പിടയുമ്പോൾ
അലയിടറുന്നെൻ സ്നേഹക്കടലിൽ
നീരാടാനായ് വരുമോ നീ…..!?
ഇടിയുടെ പൂരം, മഴയുടെ തേരായ്
ഇടതടവില്ലാതേറുമ്പോൾ
പ്രണയം കടലായ് മാറിയോരെന്നിൽ
അകലാത്തിരയായണയുക നീ….!
ചോരും കൂരയിലുരുകിടുമെന്നെ
ഇന്നു നിനക്കറിയില്ലറിയാം…
കണ്ടു തിമർത്തു പൊലിഞ്ഞൊരു നാൾകൾ
ഇനിയീ വഴിയില്ലതുമറിയാം…
വേദന തിങ്ങിടുമുൾക്കൂട്ടിൽ ഞാൻ
തേടുവതൊരു കനവാണറിയാം
ഇനിയൊരു നാളും തിരികെ വരാതെ
തീരമകന്നൊരു തിരയെന്നറിയാം… നീ-
തീരമകന്നൊരു തിരയെന്നറിയാം…
എങ്കിലുമിരുളു കനക്കുന്നേരം
ഉള്ളിലൊരോർമ്മ പുകയുന്നു…
പേരറിയാത്തൊരു നൊമ്പരമായതു
പാട്ടിലലഞ്ഞു കുതിരുന്നു….
മേമ്പൊടി പോലെ അകലെ വാനം
കരിമുകിൽ കൂട്ടിനു ചേർക്കുന്നു
ഓർമ്മച്ചെപ്പു നനച്ചീടാനായ്
വീണ്ടും പെരുമഴയുണരുന്നു…

രാജു വിജയൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *