നീ കടന്നു വന്നതിൽ പിന്നെ
ഞാൻ പതിവിലും
സുന്ദരിയായൊരുങ്ങുന്നു.
കരിപിടിച്ച പാത്രത്തിന്റെ
മെഴുകു പുരണ്ട എന്റെ ശോഷിച്ച
വിരലുകളെ കുറിച്ച് ചിന്തിക്കുന്നു.
കൗമാരക്കാരിയായ മകൾ പുരട്ടുന്ന
പുതിയ ബ്രാന്റിന്റെ ലേപനങ്ങൾ
അവൾ മടങ്ങി വരും മുൻപ്
ധൃതിയിൽ പുരട്ടുന്നു.
അരണ്ട വെളിച്ചം മാത്രം
കടന്നു വരാറുള്ള എന്റെ
മുറിയിൽ തെളിച്ചമാർന്ന
മറ്റൊരു വെട്ടം നിറയ്ക്കുന്നു.
മുഷിഞ്ഞ വിരിപ്പുകൾ മാറ്റി
ഒരിക്കലും വരാത്തൊരു
വിരുന്നുകാരാനായ്
മാറ്റിവച്ചതൊരെണ്ണമെടുത്ത്
ചുളിവില്ലാതെ
നിവർത്തിയിടുന്നു.
നരച്ച ജാലക വിരിപ്പുകൾ മാറ്റി
പിങ്കിൽ
തൂവെള്ള പൂവുകൾ
നിറഞ്ഞൊരെണ്ണം
തിരഞ്ഞെടുക്കുന്നു.
രാത്രിയിൽ നക്ഷത്ര
പൂക്കളിറുക്കാൻ പാകത്തിന്,
നിലാവുമ്മവയ്ക്കാൻ പാകത്തിന്
ഒരാകാശമുല്ല
നട്ടുവളർത്തുന്നു.
വായിച്ചുപേക്ഷിച്ച
കവിതാ പുസ്തകൾ
അടുക്കിപെറുക്കി വയ്ക്കുന്നു.
കുളിക്കാൻ പതിവിലും
സമയമെടുക്കുന്നു.
മങ്ങലേറ്റ കണ്ണാടി
തുടച്ചു പൂർണ്ണ നഗ്നയായ്
നോക്കിനിൽക്കുന്നു.
നാണത്താൽ
ചുവന്നു തുടുക്കുന്നു.
കറുപ്പ് സാരിയുടുത്ത്
നെറ്റിയിൽ ചുവപ്പ് പൊട്ടിട്ട്
കരിനീല കല്ല് വച്ച
മൂക്കുത്തിയണിയുന്നു.
മകളുടെ കുപ്പിവളകളെടുത്തണിയുന്നു
മനോഹരമായ
കയ്യിൽ ഉമ്മ വയ്ക്കുന്നു.
റേഡിയോയിൽ
ഇഷ്‌ടമുള്ളൊരു പാട്ട്
പതിയെ ഒഴുകി വരുന്നതും
കേട്ടിരിക്കുന്നു.
ഈറൻ മുടി നിവർത്തിയിട്ട്
അലസമായ സാരിയിൽ
ഇന്നേവരെ കിടക്കാത്ത അത്രയും സന്തോഷത്തിൽ
ആലസ്യത്തിൽ മലർന്നു കിടക്കുന്നു.
പുതിയൊരു പാട്ടു മൂളുന്നു.
ചൂടുള്ളൊരു കാപ്പി
ആവി പറത്തി മുറിയിൽ ഉന്മാദം നിറയ്ക്കുന്നു..
മകളെത്തുമ്പോൾ
പതിവിലും പുഞ്ചിരി നിറച്ചു
കണ്ണുകളിൽ പ്രണയമൊളിപ്പിച്ചു
ചിരിക്കുന്നു.
തിരിച്ചു വരുമ്പോൾ കീഴ്മേൽ
മറിഞ്ഞൊരു വീടിന്റെ മായാജാലത്തിൽ
ഞാൻ മകളുടെ നോട്ടപുള്ളിയാവുന്നു.
അടക്കിപിടിച്ച ചിരിയിൽ
ഞാനിങ്ങനെയോർക്കുന്നു.
എപ്പോഴും എന്നെ സ്നേഹത്താൽ പൊതിഞ്ഞു പിടിക്കുന്ന
എന്റെ പ്രിയപ്പെട്ട മനുഷ്യാ…
ഞാനിപ്പോൾ
മകളോളം ചെറുപ്പമാണ്.
അവളെക്കാൾ
തീവ്രപ്രണയമുള്ളവളാണ്.
സ്നേഹത്തിന്റെ
മായാജാലത്തിലെന്നെ
കുരുക്കിയവനേ,
നിനക്ക് നന്ദി.

രേഷ്മ ജഗൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *