രചന : ലിബി ഹരി ✍
എൻറെ സഹോദരൻറെ പേരും ഡാർവിൻ എന്നാണ്. ആ പേര് ഒരുപാട് കോലാഹലങ്ങളൊക്കെ ഉണ്ടാക്കിയാണ് അപ്പൻ അവനിട്ടത്. എന്റെയൊക്കെ മാമോദീസ നടന്നത് അർത്തുങ്കൽ പള്ളിയിൽ ആയിരുന്നങ്കിലും അവൻ ഏറ്റവും ഇളയത് ആയതിനാൽ അവനൊക്കെ ജനിക്കുമ്പോൾ ഇടവക വിഭജിക്കുകയും ഞങ്ങളൊക്കെ ആയിരം തൈ ഇടവകയിൽ ആകുകയും ചെയ്തിരുന്നു. അവിടുത്തെ വികാരിയുമായി വഴക്കുണ്ടാക്കിയാണ് ഈ പേരിട്ടതെങ്കിലും അപ്പന് ഇദ്ദേഹം സഭയുടെ “കളിമണ്ണ് കുഴച്ച് മൂക്കിൽ കൂടി ഊതൽ തിയറി” ക്കും സൃഷ്ടിവാദത്തിനുമൊക്കെ പാരവെച്ച ആളാണെന്നും അതുകൊണ്ടാണ് അച്ചൻ ഈ പേരിടാൻ സമ്മതിക്കാത്തതെന്നും അറിയില്ലായിരുന്നു.
അപ്പന് ഈ പേര് കിട്ടിയത്, വീട്ടിൽ യൂറീക്ക മാസിക വരുത്തിയിരുന്നു. എനിക്ക് യുറീക്കാ സ്കോളര്ഷിപ്പോക്കെ കിട്ടിയിരുന്നതുകൊണ്ട് പ്രൈമറി ക്‌ളാസിൽ പഠിക്കുമ്പോൾ മുതൽ അന്നത്തെ അദ്ധ്യാപകരുടെയൊക്കെ പ്രേരണയാൽ യുറീക്കയും പിന്നീട് ശാസ്ത്ര ഗതിയുമൊക്കെ വരുത്തിയിരുന്നു. അപ്പനും ഇടക്ക് അതൊക്കെ വെറുതെ വായിച്ചു നോക്കുമായിരുന്നു. അങ്ങനെ യുറീക്കയിൽ നിന്നും കിട്ടിയതാണ് അപ്പന് ഈ പേര്. ഒരു സാധാരണ മൽസ്യത്തൊഴിലാളിയുടെ “എൻറെ മകന് എന്ത് പേരിടണമെന്ന് കത്തനാരല്ല ഞാനാണ് തീരുമാനിക്കുന്നത്” എന്ന സ്വാഭാവിക വാശിയെ അപ്പന് ഉണ്ടായിരുന്നുള്ളൂ. അപ്പൻറെ വാശി അവസാനം വിജയിച്ചു, അവനിപ്പോൾ ഡാർവിൻ ആയിത്തന്നെ ജീവിക്കുന്നുണ്ട്.
അങ്ങനെ യുറീക്ക വരുത്തിയതും പരിഷത്തുകാരുടെ പാപ്പു കുട്ടി മാഷിൻറെ വെക്കേഷൻ ക്യാമ്പിലുമൊക്കെ വിട്ടതാണ് കുഴപ്പമായതെന്ന് ഇപ്പോൾ അപ്പൻ പറയാറുണ്ട്. അങ്ങിനെ 10 ആം ക്‌ളാസ് എത്തിയപ്പോഴേക്കും ദൈവം ഇല്ലെന്നുള്ള ബോധ്യത്തിൽ എത്തിയ ശേഷമാണ് ഞാൻ മഠത്തിൽ പോയത് എന്നതുകൊണ്ടാണ് എനിക്കവിടുന്നു ചാടാൻ പറ്റിയതും. അനിയനും യുക്തിവാദിയൊന്നും ആയില്ലെങ്കിലും അവൻ ഫിസിക്‌സ് ആണ് പഠിച്ചത്. അങ്ങിനെ അവനും വലുതായപ്പോൾ വിശ്വാസി അല്ലാതായി. സഹോദരിയായ കന്യാസ്ത്രീ മാത്രമാണ് വീട്ടിലെ ഏക വിശ്വാസി.
അത്തരത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് അക്കാലത്ത് സ്‌കൂളുകളിൽ നടത്തിയ ഇടപെടലിന്റെ ഫലമായാണ് കഴിഞ്ഞ തലമുറയിൽ കുറച്ചെങ്കിലും ശാസ്ത്രബോധമുള്ളവർ ഉള്ളത്. ഇന്ന് ആ അവസ്ഥ മാറി എല്ലാം അന്ധവിശ്വാസിപ്പൊട്ടന്മാരാണ്, 38000 ബ്രാഞ്ച് കമ്മറ്റികളുള്ള സിപിഎം ൻറെ ബ്രാഞ്ച് സെക്രട്ടറിമാരിൽ പോലും അന്ധവിശ്വാസികളല്ലാത്ത വിരലിൽ എണ്ണാവുന്നവർ പോലും കാണില്ല. അത്തരം ഒരു പാർട്ടി ഭരിക്കുന്ന സർക്കാർ സുനിൽ ബാബു ചേട്ടനും യുക്തിവാദികളും കൂടി വെയിലത്ത് കാർ ശരീരത്തിൽ കൊളുത്തി വലിച്ചു കാണിച്ചാലോ, ശൂലം തറച്ച് കണിച്ചാലോ, തലയിൽ തീകത്തിച്ച് വെള്ളം തിളപ്പിച്ച് കാണിച്ചാലോ, തിളച്ച എണ്ണയിൽ കൈമുക്കി കാണിച്ചാലോ ഒന്നും അന്ധവിശ്വാസ വിരുദ്ധ ബിൽ കൊണ്ടുവരില്ല, മറ്റു കോൺഗ്രസിന്റെയും ബിജെപിയുടെയും കാര്യമൊന്നും പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ?
കൊച്ചു കൊച്ചു പാട്ടുകളിലും കവിതകളിലും നാടകങ്ങളിലൂടെയുമെല്ലാം കഴിഞ്ഞ തലമുറയിലെ കുട്ടികൾക്കിടയിൽ പരിഷത്ത് നടത്തിയ ഇടപെടൽ വളരെ വലുതായിരുന്നു.
മലയാളത്തിൽ പരിണാമ സിദ്ധത്തെ ആദ്യമായി കവിതയിൽ അവതരിപ്പിച്ചത് സഹോദരൻ അയ്യപ്പനാണ്.
സയൻസ് ദശകത്തെക്കുറിച്ചാണ് എല്ലാവരും പറയാറുള്ളതെങ്കിലും 90 വർഷം മുൻപ് അയ്യപ്പൻ “പരിണാമം” എന്നൊരു കവിത എഴുതിയിരുന്നു,
“മനുഷ്യ പരിണാമത്തിൻ
നീളമേറുന്ന ചങ്ങല
മണ്ണാണ്ടു പൊട്ടിക്കാണാതെ
കിടന്നിന്നാൾവരേയുമേ
അന്യാദൃശമഹോത്സാഹൻ
അന്യാദൃശ നിരീക്ഷണൻ
ഡാർവിൻ മഹർഷി കണ്ടെത്തി
ബഹുദൂരമതിൽ ഗതി
മുറിഞ്ഞ കണ്ണികൾകൂട്ടി
ച്ചേർത്തുവെച്ചു രചിച്ചിതു
നരവംശപുരാവൃത്തം
നവീനാത്ഭുതമാമഹാൻ
പാരമ്പര്യാഭിമാനങ്ങൾ
പറവൂ ഹ്രസ്വദൃഷ്ട്ടികൾ
നീണ്ടുനോക്കുന്നവർക്കേലാ
പാരമ്പര്യവിജല്പനം
പാരമ്പര്യം തേടി നമ്മൾ
പിന്നോട്ടു നോക്കുകിൽ
കാഞ്ഞിരപ്പോത്തും മർക്കടനും
അസ്മൽ പൂർവ്വ പിതാക്കൾ പോൽ!
ഡാർവീനിയദർശനം വെച്ചു
നോക്കുമ്പോൾളഖിലത്തിനും
പ്രത്യാശാപൂർണ്ണമാമർത്ഥം
കാണാമഭിനവോജ്വലം”
പരിണാമം : സഹോദരൻ അയ്യപ്പൻ
ചരിത്രത്തിലെ ഏറ്റവും വലിയ സത്യാന്വേഷികളിലൊരാളായി മാറിയ ഇംഗ്ലീഷ് പ്രകൃതി ശാസ്ത്രജ്ഞനാണ് ചാൾസ് ഡാർവിൻ.
പരിണാമസിദ്ധാന്തത്തിലൂടെ ഡാർവിൻ മനുഷ്യന്റെ ധാരണകളെ ഇളക്കിമറിച്ചു. മതങ്ങളുടെ ജ്ഞാന മേൽക്കോയ്മ ഇല്ലാതാക്കി. ഏകകോശമായ ഒരു സൂക്ഷ്മാണുവിൽനിന്ന് പരിണമിച്ചുണ്ടായതാണ് ഇക്കാണായ ജീവജാതികളെല്ലാമെന്ന് അദ്ദേഹം പറഞ്ഞു. ഇരുകാലിലുയർന്നു നിന്ന ഏതോ ആദിമ പൂർവികനിൽ നിന്ന് വഴിപിരിഞ്ഞവരാണ് കുരങ്ങുകളും മനുഷ്യനുമെന്നും ഡാർവിൻ പറഞ്ഞു. കുരങ്ങിൽ നിന്ന് പരിണമിച്ചതാണ് മനുഷ്യനെന്ന് ഡാർവിൻ പറഞ്ഞതായി മതപുരോഹിതരും എതിരാളികളും പ്രചരിപ്പിച്ചു, ഡാർവിൻ അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ലെങ്കിലും. വിജയം ഡാർവിനായിരുന്നു. അങ്ങനെ ആധുനിക ലോകത്തിന്റെ ശില്പികളിലൊരാളായി അദ്ദേഹം മാറി.
1859 ൽ ഡാർവിന്റെ ‘ജീവി വർഗങ്ങളുടെ ഉല്പത്തി’ യുടെ പ്രസിദ്ധീകരണത്തോടെ പൊതുവായ തുടക്കത്തിൽ നിന്നുള്ള പരിണാമം, പ്രകൃതിയിലെ വൈവിധ്യത്തിന്റെ ഏറ്റവും സ്വീകാര്യമായ ശാസ്ത്രീയ വിശദീകരണമായി അംഗീകരിക്കപ്പെട്ടു.
ജീവിവര്‍ഗ്ഗങ്ങളെല്ലാം പൊതുപൂര്‍വികന്മാരില്‍ നിന്ന് കാലക്രമത്തില്‍ പ്രകൃതിനിര്‍ദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത പ്രകൃതിശാസ്ത്രജ്ഞനാണ് ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍ (ഫെബ്രുവരി 12, 1809 ഏപ്രില്‍ 19, 1882). ജീവി വര്‍ഗ്ഗങ്ങള്‍ പരിണാമ വിധേയമാണെന്ന വസ്തുത ഡാര്‍വിന്റെ ജീവിത കാലത്തുതന്നെ ശാസ്ത്രസ മൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930കളോടെ സ്വീകരിക്കപ്പെട്ട ഡാര്‍വിന്റെ പ്രകൃതി നിര്‍ദ്ധാരണവാദം, ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്.
ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാര്‍വിന്റെ കണ്ടുപിടുത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹന്‍ഡ്രഡ് എന്ന പേരില്‍ മൈക്കിള്‍ ഹാര്‍ട്ട് 1978ല്‍ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയില്‍ 16ആം സ്ഥാനം ഡാര്‍വിനാണ്.
പ്രകൃതിചരിത്രത്തില്‍ ഡാര്‍വിന് താത്പര്യം ജനിച്ചത് എഡിന്‍ബറോ സര്‍വകലാശാലയില്‍ വൈദ്യശാസ്ത്രവും പിന്നീട് കേംബ്രിഡ്ജില്‍ ദൈവശാസ്ത്രവും പഠിക്കുമ്ബോഴാണ്. ബീഗിള്‍ എന്ന കപ്പലിലെ അഞ്ചുവര്‍ഷത്തെ യാത്ര ഭൗമശാസ്ത്രജ്ഞനെന്ന നിലയിലുള്ള ഡാര്‍വിന്റെ പ്രാഗല്ഭ്യം തെളിയിച്ചു.
പ്രകൃതിപ്രക്രിയകള്‍ എല്ലാക്കാലത്തും ഒരേ വഴിയാണ് പിന്തുടരുന്നതെന്നും, ഭൂതകാലത്തെക്കുറിച്ചുള്ള അറിവിലേക്കുള്ള വഴി വര്‍ത്തമാനകാലത്തിന്റെ പഠനമാണെന്നുമുള്ള ചാള്‍സ് ലില്ലിന്റെ സിദ്ധാന്തത്തെ പിന്തുണക്കുന്നവയായിരുന്നു, ഈ മേഖലയിലെ ഡാര്‍വിന്റെ കണ്ടുപിടിത്തങ്ങള്‍.
ബീഗിളിലെ യാത്രക്കിടെ എഴുതിയ കുറിപ്പുകളുടെ പ്രസിദ്ധീകരണം ഡാര്‍വിനെ ഒരെഴുത്തുകാരനെന്ന നിലയില്‍ ജനസമ്മതനാക്കി. ദീര്‍ഘമായ ഈ യാത്രയില്‍ കണ്ടുമുട്ടിയ ജീവമാതൃകകളുടേയും ജീവാംശങ്ങളുടേയും(fossils) ഭൂമിശാസ്ത്രപരമായ വിതരണം(geographic distribution) ഉണര്‍ത്തിയ കൗതുകം, ജീവജാലങ്ങളുടെ വര്‍ഗപരിവര്‍ത്തനത്തെക്കുറിച്ചന്വേഷിക്കാന്‍ ഡാര്‍വിനെ പ്രേരിപ്പിച്ചു. ഈ അന്വേഷണമാണ് പ്രകൃതിനിര്‍ദ്ധാരണം എന്ന സിദ്ധാന്തത്തിലേക്ക് നയിച്ചത്.
1859ല്‍, ഡാര്‍വിന്റെ ജീവിവര്‍ഗ്ഗങ്ങളുടെ ഉല്പത്തിയുടെ പ്രസിദ്ധീകരണത്തോടെ, പൊതുവായ തുടക്കത്തില്‍ നിന്നുള്ള പരിണാമം, പ്രകൃതിയിലെ വൈവിദ്ധ്യത്തിന്റെ ഏറ്റവും സ്വീകാര്യമായ ശാസ്ത്രീയ വിശദീകരണമായി അംഗീകരിക്കപ്പെട്ടു. പിന്നീട് പ്രസിദ്ധീകരിച്ച, മനുഷ്യന്റെ ഉത്ഭവവും ലൈംഗികനിര്‍ദ്ധാരണവും എന്ന കൃതിയില്‍ മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കപ്പെട്ടത്. മനുഷ്യനിലേയും മൃഗങ്ങളിലേയും വികാരപ്രകടനങ്ങള്‍ എന്ന കൃതിയാണ് തുടര്‍ന്നു പ്രസിദ്ധീകരിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരില്‍ ഔദ്യോഗിക ശവസംസ്‌കാരം നല്‍കി ബഹുമാനിക്കപ്പെട്ട അഞ്ചു പേരില്‍ ഒരാളായിരുന്നു ഡാര്‍വിന്‍ എന്നത് അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് ലഭിച്ച അംഗീകാരത്തിന് തെളിവാണ്.