രചന : കമാൽ കണ്ണിമറ്റം✍
‘കൊന്നിടും നിന്നെ ഞാൻ’
ഒട്ടുമേ ഉൾഭയം കൊണ്ടില്ലതിൽ ഞാൻ !
എൻ അഭിലാഷകർമ,
മായതുണ്ടാകണം!
നിർവികാരത്വമാം
മൗനപ്പുതപ്പുമായ്,
കസാലപ്പുറം ചാരി
കാത്തിരിക്കുന്നുഞാൻ!
നിൻകയ്യിനാൽ
തന്നെയെൻമരണം,
നാട് നടുങ്ങണം!
ഹിമശീത നിശ്ചേഷ്ട മരവിപ്പിനാൽ
ജനമനം തരിച്ചു നിശ്ചലമാകണം!
എന്തുകൊ,ണ്ടെന്തുകൊ
ണ്ടെന്നുള്ള ചിന്തയുയരണം…
നാട്ടിലെച്ചർച്ചയിലെൻ്റെ മരണനിദാനങ്ങൾ
നിറഞ്ഞു നുരയണം!
പാഠലയത്തിലെ പതിവ് ശല്യങ്ങളിലൊന്നിനെ
ദൃശ്യമാനമാക്കിയതു
കണ്ടൊട്ടുമമ്പരപ്പെടാതെൻ്റെ
ലോകരേ, കൊല്ലുവാൻ കൊലക്കത്തി
തേടുന്ന തലമുറയാണിന്നിവിടുത്തെ
ഭാവിത്തുടർച്ചകൾ!
ശിശ്യരിലൊരാളെയൊന്ന്
നോക്കിയാൽ, ശാസിച്ചാൽ.
ദേഹത്ത് തൊട്ടാ,ലാരാത്രി
നിദ്രാവിഹീനരായ് മാറുന്ന
ഗുരുക്കളുടെ ശോക ജീവത്തുടിപ്പും
ദുരന്തവുമറിഞ്ഞാലും നിർവൃതിത്തുടിപ്പുമായ്
കൺനിറയുന്നവരല്ലോ,നിങ്ങൾ!
നിഗൂഢ നിഗ്രഹ ലഹരിപ്പൊതിയൊന്ന്
ശിഷ്യരുടെ ബാഗിലുണ്ടെങ്കിലും,
കാമ പ്രണയ പരിലാളന
ലഹരിയിലാശ്ലേഷനിബദ്ധരായിരിക്കുന്ന,
നിൽക്കുന്ന, ചായുന്ന, കിടക്കുന്ന
കുട്ടിപ്രണേതാക്കളെ കൺമുന്നിലൊട്ടേറെ
കാൺമതാണെങ്കിലും,
‘തല്ലുമാല’ത്തല്ലുകൾ കൂട്ടുകാർ
തമ്മിലും, ക്ലാസ്സുകൾ തമ്മിലും
കളരിത്തറയിൽ
കുരുതിപ്പോരാട്ടമായ്
വിദ്യാലയ മണ്ണിലത്
നിണനിറച്ചായമായ് നിറഞ്ഞൊഴുകിലു
മൊക്കെയും കുട്ടികളുടെ കുട്ടിത്തമെന്നതേ
യധികാര നിയമ വരികളിൽ കരിമഷിപ്പദങ്ങളായ്
നിരവരി ച്ചേർച്ചയായ് നിറഞ്ഞുനില്ക്കൂ!
അതൊക്കെയൊരു നിസ്സാര കാര്യം! കുട്ടിക്കളി
തോൾതട്ടുപദേശം മാത്രം പരിഹാരം!
വഴികേടിനെ വളം വച്ചു
വളർത്തുന്ന വഴികെട്ട പരിഹാരം!
വേല വിലക്കും കുറ്റവും
ദക്ഷിണയാക്കുവാൻ
വ്യാജങ്ങൾ ഗുരുവിൻ്റെ
മേൽ പറയുവാൻ
ഉൾക്കുത്തു തോന്നാത്ത
ശിഷ്യരാണു ചുറ്റിലും!
അവർക്ക് കയ്യടിയുമാശ്ലേഷണവുമേകും മാതാപിതാക്കളും!
ആവില്ല ചൂണ്ടുവാൻ നിങ്ങൾക്ക് ……
ഗുരുമുഖം നൽകിയ ശകാരങ്ങളേറ്റും
ഗുരുകരം നല്കിയ
ശിക്ഷകളേറ്റും
മുടിഞ്ഞതാം തലമുറയൊന്നുമേ!
പഠനകാലത്തിലെ
ഗൃഹാതുരസ്മരണകൾ
നെഞ്ചേറ്റി നില്ക്കുന്നു
നഷ്ടകാലത്തിൻ്റെ
നനവായ്, കാതലായ്,
കരതലത്തലോടലായ്,
പൊയ് പോയ തലമുറ!
നാടിൻ്റെ മാനവവിഭവ,
മായഭിമാനമായവർ
ഉന്നതിയുടെ ഉത്തുംഗപദവികൾ
പൂകിയോരീ പൂർവികർ …..
ഗുരുത്വബോധത്തിൻ്റെ
മോക്ഷ പ്രയാണങ്ങൾ
കയ്യൊഴിഞ്ഞ കൂട്ടരായ്,
ഹാ! നൂലറ്റ പട്ടങ്ങളായ്
ഇന്നിൻ്റെ തലമുറ !
ഗതിയെന്നുമാകാതെ
യലയുവാൻ മാത്രമായ്
കോപ്പുകൾ കൂട്ടുന്ന
മക്കളെ പ്രതി വിതുമ്പുവാൻ
മാത്രമേ നവകാല നേരത്ത്
ഗുരുക്കളുടെ യോഗം !
ഗുരുവിൻ്റെ ലാളനം! ഗുരുത്വ മൂല്യം !
ഒന്നുമേ കണ്ണിലെടുക്കാത്ത,
ഭൗതികനേട്ട ദാഹികളാം
സർവ്വസ്വതന്ത്രതാവാദ വാഹകർ……,
അവരീഭാരത നാടിൻ്റെ
മഹത്വഗാത്രം തകർക്കുന്നു,
തളർത്തുന്നു …!
‘മാതാപിതാഗുരു ദൈവ’മെന്നതൊരു
അധമബോധമക്കിച്ചവിട്ടിയരക്കുന്നു……!
ഭാവിയെ വിഷമയക്കൂട്ടുകളിൽ
ചാലിച്ചൊരുക്കുന്നു….!
എങ്കിലും മക്കളേ,
ശപിക്കില്ല നിങ്ങളെ …,
മേൻമേലമൃതമാം
ജീവിത നേട്ടം ഭവിക്കുവാൻ മാത്ര,
മാണിപ്പെഴും ഗുരുവിൻ്റെയർത്ഥന!