രചന : മധു മാവില✍
ഒരു കാർഡ്ബറി ചോക്ലേറ്റായിരുന്നു , ഇഷ്ടം പറയാൻ വേണ്ടി പലതവണ ശ്രമിക്കുമ്പോഴും കയ്യിൽ കരുതിവെച്ചത്.
പലവട്ടം ശ്രമിച്ചിട്ടും കാണുമ്പോഴെല്ലാം
മുറിഞ്ഞ് പോയ വാക്കുപാലങ്ങൾ.
കണ്ണാടിയിൽ തെളിയാറുള്ള നിറവും അഭംഗിയും എന്നോട് തന്നെ വേണ്ടന്ന് പറഞ്ഞ് പിന്നോട്ട് വലിക്കുകയായിരുന്നു.
പിന്നെയാവാം എന്ന് സ്വയം സമാധാനിക്കും. ഇഷ്ടം പറഞ്ഞത് സ്വികരിച്ചില്ലങ്കിലുള്ള ചമ്മൽ ആരെയും കൂസാത്തവൻ്റെ തലക്കടിയേൽക്കുന്നത് പോലെയാകുമെന്ന ജാള്യതയാണ്
വേണ്ടന്ന് വെക്കാൻ കാരണമെന്ന് ഇന്ന്
വേണമെങ്കിൽ ന്യായീകരിക്കാം.
ആർക്കും കൊടുക്കാതെ ബാക്കിയായ മുട്ടായിയും ചാപിള്ളയായ് പോയ പ്രണയവും കാലങ്ങൾക്ക് ശേഷം ഇന്ന് ഓർമകളിൽ വരഞ്ഞിടുമ്പോൾ,
മക്കളൊടൊപ്പമിരുന്നു് , ഒരു വേള
നീയുമിത് വായിക്കുമായിരിക്കും
ഒരു തമാശ പോലെ അഭിനയിച്ച് നിസ്സംഗതയോടെ കഴിഞ്ഞ കാലത്തെ
ഓർത്തേക്കാം പെയ്തൊഴിഞ്ഞ സ്വർണ നിറമുള്ള കുളിരുകൾ..
ഉൾച്ചിരിയെത്രയടക്കിപ്പിടിച്ചാലും
മുഖം തുടുക്കുന്നത് ഞാനറിയുന്നു. നീല പാവാടക്കാരിയുടെ കരിമഷിയിട്ട ഇടംകണ്ണുകളിൽ വിരിയാറുള്ള അന്നെത്തെ ചിരി വരുന്നത്…!.
നെഞ്ചിനുള്ളിൽ കുടിയിരുത്തിയ കിനാവുകളിൽ തലോടുന്നത് ഞാനറിയുന്നു. പലവട്ടം ഈ വരികൾ വായിച്ചിട്ടും ഒന്നുകൂടി വായിക്കാൻ തോന്നുന്നതു ഞാനറിയുന്നു.
നമ്മുടെ ഇഷ്ടങ്ങൾ വല്ലപ്പോഴും അയക്കുന്ന ശുഭദിന മെസേജുകളിൽ നിറയുന്നത് സ്നേഹത്തോടെ
കാഴ്ചയെത്താത്ത ദൂരത്തിരുന്നു നവ മാധ്യമത്തിൽ നാം അനുഭവിക്കുന്നു.
കണ്ടു മുട്ടാനായി മാത്രം വഴി നടക്കുമ്പോൾ പരതുന്ന കണ്ണുകൾ.
കൂട്ട്കാരുമൊന്നിച്ച് നടക്കുമ്പോൾ ഇടക്കിടെ തിരിഞ്ഞു നോക്കുന്നത്
വെറുതെയായിരുന്നുവോ…
പഠിക്കുന്ന കാലത്ത്
ഒരേ ക്ലാസ്സിലോ ഒരേ
സമയത്തൊന്നുമല്ലായിരുന്നു. ‘
ക്ലാസ്സ് തുടങ്ങുന്നതും തീരുന്നതും വെവ്വേറെ സമയങ്ങളിൽ.
എന്നിട്ടും പരസ്പരം വെറുതെ കാണുന്നത് പതിവാക്കിയവർ..
നിത്യം യാത്രയാക്കുന്ന ബസ്സിൽ നീയിരിക്കുന്ന സീറ്റു പോലും
പ്രണയിച്ചവൻ , സ്വപ്നങ്ങൾ നെയ്ത് കൂട്ടിയ വസന്തകാലമായിരുന്നു ,
പൊട്ട് കുത്തിയതിന് മേലെ കളഭം ചാർത്തി നാനയുടെ കവർ പേജ് സുന്ദരമാക്കിയ മുഖചിത്രങ്ങൾ പൊതിയിട്ട നോട്ടുപുസ്തകങ്ങൾ. ഒരു പാട് കാലം കൊണ്ടു നടന്നു.
ഒന്നും പറയാതെ തന്നെ എങ്ങിനെയോ ഇഷ്ടമാണന്നിരുവർക്കുമറിയാവുന്ന പ്രണയമെന്നോ സ്നേഹമെന്നോ വിളിക്കാവുന്ന ഇഷ്ടങ്ങൾ..
വെറുതെയെന്നറിഞ്ഞ്കൊണ്ട് തന്നെ ആവശ്യമില്ലാതെ ബുക്കുകൾ ചോദിച്ചു വാങ്ങി ,പലവട്ടം മറിച്ചു നോക്കി ,കൈയക്ഷരങ്ങളെ താലോലിച്ച്, രണ്ടുനാൾ ചേർത്തുവെച്ചുറങ്ങാതെ വരച്ചുകൂട്ടിയ മേഘമൽഹാർ..
തിരിച്ചു കൊടുക്കുമ്പോൾ എന്തെങ്കിലും എഴുതിക്കൊടുക്കാൻ ശ്രമിച്ചിട്ടും
പിറക്കാതെപോയ അക്ഷരപ്പീലികൾ. പറയാൻ പോലും ധൈര്യമില്ലാതിരുന്ന ഇഷ്ടങ്ങൾ..
സുന്ദരിയായ നിൻ്റെ മുന്നിൽ ചേരുംപടി ചേരാത്ത രൂപമാണെന്ന ഉൾക്കാഴ്ചയോ സ്വയം നിരീക്ഷണമോ അപകർഷതയോ എന്നിട്ടും എങ്ങിനെയോ ഇഷ്ടമാണന്നറിഞ്ഞിരുന്നു എന്നതാണ് സത്യം… വഴിമാറി ഒഴുകിയ പുഴ പോലെ ജീവിതം.. എന്തൊക്കൊയൊ ഒലിച്ചുപോയ പ്രളയകാലത്തിന് ശേഷം കണ്ടുമുട്ടിയ അന്ന്..
കാലങ്ങൾക്കിപ്പുറം നീയത് പറഞ്ഞപ്പോളാണ് പ്രണയത്തിൻ്റെ പൂർണ്ണതയറിഞ്ഞതും അനുഭവിച്ചതും.
നടന്നു തീർന്ന വഴിയിൽ പല ദേശഭേദങ്ങളിൽ വച്ച് പലപ്പോയും കണ്ടിട്ടുണ്ട്, പരിചിതരെപ്പോലെ സംസാരിച്ചിട്ടുണ്ട്. ഉത്സവപ്പറമ്പുകളിൽ ബസ്സ് സ്റ്റോപ്പുകളിൽ …
ചെറു ചിരിയിൽ ഇഷ്ടം കലങ്ങിപ്പോകാതെ പല വർണങ്ങളായ് കിനാവിൽ ലയിച്ച് ലയിച്ച് യാത്ര പറയാതെതന്നെ കണ്ണിൽ കണ്ണിൽ അവസാനിച്ചിട്ടുണ്ട്.
വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ വീണ്ടും പഴയ കൂട്ടുകാരെപ്പോലെ അടുത്ത് ചേർന്ന് നിന്ന് സംസാരിച്ചു. ജോലി, വീട്ടുകാര്യം,, കുട്ടികൾ, കുടുബവിശേഷങ്ങൾ എല്ലാം പരസ്പ്പരം പറഞ്ഞു. യാതൊരുവിധ സങ്കർഷങ്ങളും പുറത്ത് കാട്ടാതെ അന്നത്തെ ഇഷ്ടങ്ങൾ വലിയ ഘനമായ് നെഞ്ചിൽ പിടയുന്നതിനടിയിൽ
വാക്കുകൾ അറിയാതെ മുറിയുകയും കൂട്ടിമുട്ടിക്കാൻ പറയുന്നത് പരസ്പരം യോജിക്കാത്ത ഭാഷണങ്ങൾ.. രണ്ടു പേരും ചിരിയിൽ ലയിപ്പിക്കും.
ഭർത്താവിനെപ്പറ്റിപ്പറയുന്നതിനിടയിൽ
ഒരിക്കൽ അവളെന്നോട് ചിരിച്ചോണ്ട് വെറുതെയെന്നപോലെ ചോദിച്ചു..!
പഠിക്കുന്നകാലത്ത് ഇഷ്ടത്തോടെ പുറകെ നടന്ന് ഒരു പാട് ശല്യം
ചെയ്തയാളെക്കണ്ടതും സംസാരിച്ചതും പറയട്ടെന്ന്….!!
ഒരു ചിരിയിൽ നാം ഒന്നായലിഞ്ഞ നിമിഷങ്ങൾ
പതിനേഴുകാരിയിൽ നിന്ന് നീ ഒരു പാട് മാറിയിരിക്കുന്നു. .. ഉത്തരം പറയാനാവാത്ത ചിരിയിൽ ഞാനറിയാതെ കടലാസുതോണിപോലെ ഒഴുകുകയായിരുന്നു.
ഉറങ്ങാൻ കിടന്നിട്ടും അന്നത്തെ രാത്രിക്ക് നിറവും ദൈർഘ്യവും കൂടുതലായിരിന്നു…
ഭൂമി നിൻ്റെ നിലാച്ചിരിയിൽ ഉറങ്ങാതെ കിടക്കുകയായിരുന്നു. ഓർമകൾ പെയ്തൊഴിയാതെ പുലരുവോളം കഥകൾ പറഞ്ഞിരുന്ന നിൻ്റെ കണ്ണുകളും ഞാനും ആകാശഗംഗയിലൊയുകുന്ന തോണിയിൽ രണ്ടറ്റത്തിരിക്കുന്ന യാത്രക്കാരായിരുന്നു.
![](https://www.ivayana.com/wp-content/uploads/2023/01/madhu-mavila-150x150.jpg?v=1672922487)