ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

മോഷ്ടിക്കപ്പെട്ടു പോയെന്ന്
ഞാനാരോപിക്കുന്ന എന്നെ
പലയിടത്ത് പലനേരങ്ങളിൽ
പിന്നീട് കണ്ടവരുണ്ടെന്ന്.
ചെടികളറിയാതെ കൊഴിഞ്ഞു-
വീഴുന്ന പൂക്കൾക്കൊപ്പം.
അത്രമേൽ കനത്ത
ഇരുട്ടുകൊണ്ട് നിലാവിൽ
പുള്ളികുത്തുന്ന രാത്രിക്കൊപ്പം.
കുഞ്ഞു ഞരമ്പിൽ പോലും
ഒരുപച്ച ഒച്ചയില്ലാതെ-
നടക്കുന്നതിന്റെ പാദപതനം
കേൾക്കാനില്ലാതിരുന്നിട്ടും,
ഒരിലയനക്കം പോലുമില്ലാതിരുന്നിട്ടും
ശിശിരത്തെ അതിജീവിക്കുന്ന
അതിരാണിക്കാടുകൾക്കിടയിൽ.
മോഷ്ടിക്കപ്പെട്ടുപോയൊരു
ഓർമ്മയായിരുന്നിട്ടും
സാഹചര്യങ്ങളെനിക്കെതിരെ,
നക്ഷത്രങ്ങളുടെ അരികുകൊണ്ട്
മുറിഞ്ഞ മൊഴികൾ
കൊടുക്കുന്നുണ്ടാവണം.
അലസമായൊരു നീന്തലിനിടെ
തികച്ചും അപ്രതീക്ഷിതമായി
ചൂണ്ടയിൽ കോർക്കപ്പെട്ടമീൻ
കടലിനെ നോക്കുന്നപോലെ
അത്രയും വിലക്കപ്പെട്ട ഒന്നിലേക്ക്
ഞാനപ്പോൾ എടുത്തുചാടും.
പിന്നെയോരോ മരുഭൂമിയിലും
കുഴിച്ചുവെയ്ക്കപ്പെടും
മുളച്ചോ മുളച്ചോയെന്ന്
ഇടയ്ക്കിടെ പിഴുതുനോക്കപ്പെടും.
ഉടലിൽ നിന്നൊളിച്ചുകടന്ന്
വീണ്ടും പിടിക്കപ്പെട്ട്
മഴക്കാടുകൾക്കിടയിലേക്ക്
പറിച്ചു നടപ്പെടും.
എന്നിട്ടും,
മേഘക്കരങ്ങൾ പുണർന്നു
പൂണ്ടടക്കം പിടിച്ചിട്ടും
ഊർന്നുവീഴാൻ വെമ്പുന്ന
മഴത്തുള്ളികളെയനുകരിച്ച്
ഉടലിന്റെ തടവുചാടി
ഒളിച്ചുപോവാറുണ്ട് ഞാൻ,
ഇടയ്ക്കിടെ നിങ്ങളാൽ
ഓർക്കപ്പെടുമ്പോഴെല്ലാം…

By ivayana

Leave a Reply

Your email address will not be published. Required fields are marked *