രചന : അജിത്ത് റാന്നി ✍
മറവിതന്നാകാശം താനേ ചുമന്നേതോ
സ്വപ്നമില്ലാത്തുരുത്തിൻ പടിവാതിലിൽ
നിശ്വാസ താളപ്പെരുക്കത്തിൽ മുങ്ങി
മാറാല മിഴിയുമായ് കാത്തിരിക്കും ജന്മം.
മോഹച്ചിറകിലെ തൂവൽ കൊഴിഞ്ഞതിൻ
വർണ്ണങ്ങളെന്നോ ഉപേക്ഷിച്ചീ മണ്ണിൽ
ആരോ തിരിക്കുന്ന പമ്പരം പോലെന്നും
ആയാസപ്പെട്ടുഴറുന്ന ജന്മങ്ങൾ.
സാന്ത്വന ഗീതം കേൾക്കാൻ കൊതിക്കും
പാഴ്മരുഭൂവിൻ സമമായ ഹൃത്തിൽ
നോവിൻ മുനകളാൽ ചാലു കീറുന്നതാം
വാക്കിൻ പൊരുളിനെ ചെപ്പിലടച്ചവർ.
ജീവൻ തുടിപ്പിൻ്റെ ബാക്കിയംശങ്ങളെ
വാളാലറുക്കും ദിനം കാത്തിരിക്കും
ദൈന്യതാ ഭാവപ്രതിരൂപം നമ്മുടെ
മുൻഗാമിയാണന്ന ചിന്ത പെരുക്കനാം.