രചന : റുക്സാന ഷമീർ ✍
ഞാനെന്നത്
വെറുമൊരു നാലുവരി കവിതയല്ല……!!
ഒരു പകലിരവു കൊണ്ടൊന്നും
വായിച്ചു തീർക്കാനാവാത്ത
ഒരു കവിതാ സമാഹാരം…!!
പലരും പുറംചട്ട കണ്ട്
വിലയിരുത്തിയ കവിത ….!!
നടുപേജിൻ്റെ ഹൃദയഭാഗത്തെ …
നിസ്വാർത്ഥ വരികളിൽ…..
ആരാലും വായിക്കപ്പെടാതെ പോയ
ഹൃദയാക്ഷരങ്ങൾ തേങ്ങി നിൽപ്പുണ്ട്…!!
നിരതെറ്റാതെ അടുക്കിവെച്ച
അക്ഷരങ്ങളുടെ ഉള്ളാഴങ്ങളിൽ ….
നാലു ചുവരുകൾ പോലുമറിയാത്ത
ഹൃദയ രഹസ്യങ്ങൾ
ഒളിപ്പിച്ചു വെച്ച കവിത…!!
ആദ്യ പേജുകളിൽ രക്തത്തിൽ മുക്കിയ
ലിപികളിൽ വിതുമ്പുന്ന ബാല്യം
വരച്ചു ചേർത്തിരിക്കുന്നതു കാണാം……!!
കണ്ണീരുചാലിച്ചെഴുതിയപ്രണയ
സ്വപ്നങ്ങളുടെ കൗമാരവും…..
ഹൃദയം നുറുക്കി വെച്ച്
അക്ഷരങ്ങളാക്കിയ യൗവ്വനവും കാണാം….!!
ഇതിനിടയിൽ എവിടെയാണ്
വസന്തമെന്ന് ചോദിച്ചാൽ…..
വഴിമാറിപ്പോയ ഋതു ഭേദങ്ങളുടെ
അകലങ്ങളിൽ മനംനൊന്ത് …..
പ്രതീക്ഷ വെക്കാൻ പോലും മറന്നുപോയ
പൊടിപിടിച്ചു പഴകിയ ഈ
കവിതാ സമാഹാരത്തിൻ്റെ
സ്വപ്നങ്ങളിൽ മാത്രമായിരുന്നു….
വസന്തങ്ങളുടെ ആ നല്ലകാലം….!!
ഓരോ പകലിരവുകളുടെയും
സ്പന്ദനങ്ങളെ അതേപടി
വരച്ചു ചേർത്തിട്ടും…
പുറംലോകമറിയാതെ പോയകവിത …..!!
സ്വയം ബോധ്യമായ
അനീതികൾക്കെതിരെ
കണ്ണും പൂട്ടി പ്രതികരിച്ച കവിത….!!
കാപട്യം പകർന്നു കൊണ്ട്…..
പലരും തിരുത്തിയെഴുതാൻ ശ്രമിച്ചിട്ടും
മായ്ക്കാൻ കഴിയാത്ത ലിപികളിൽ …..
സ്വന്തം ശരിയക്ഷരങ്ങളുടെ
ഉത്തുംഗത്തിൽ ഉറച്ചു നിന്ന കവിത…!!
അനുഭവങ്ങളുടെ വെട്ടത്തിൽ …..
ആരെയൊക്കെ പരിഗണിക്കേണ്ടി വന്നാലും…
കലർപ്പില്ലാത്ത ആത്മാർത്ഥസ്നേഹം
പകുത്തു നൽകി ….
അപൂർണ്ണമായ വിശ്വാസം
പൂക്കാതെ പൂക്കുമെന്ന് ഊട്ടിയുറപ്പിച്ച……
വൃത്തവും അലങ്കാരവുമില്ലാത്ത
ഒരു വേറിട്ട കവിത….!!