രചന : ഡോ: സാജു തുരുത്തിൽ ✍
ഹൃദയത്തിലെ ജനാല വിരി
വകഞ്ഞു മാറ്റി
ഇന്നലെ
ഒരു മേഘ ശകലം
എന്റെ മുറിക്കകത്തേക്കു വന്നു
ഞാൻ വിളിച്ചിട്ടോ —
ഞാൻ അറിഞ്ഞിട്ടോ –.
അല്ല
അനുവാദം
ചോദിക്കാതെ തന്നെയാണ്.
അത് അകത്തേക്ക് വന്നത്
വെള്ളത്തിലെ നിലാവിന്റെ
ഉപ്പുകണം പോലെ
അത്
തിളങ്ങുന്നുണ്ടായിരുന്നു ….
വാവ് അടുക്കുമ്പോൾ
രാത്രിയിൽ ജലത്തിലെ വരകൾ
തിളങ്ങുന്നതുപോലെ …….
ഞാനതു കാര്യമാക്കിയില്ല
എന്നാലും
അത്
ആദ്യമെന്റെ പാദങ്ങളിൽ
പറ്റിപിടിക്കാൻ ശ്രമിച്ചു
അല്ല
ശ്രമിച്ചു കൊണ്ടേയിരുന്നു ….
jമറു കാലുകൊണ്ട് തുടച്ചെറിയാൻ
ശ്രമിച്ചപ്പോൾ
അതെന്റെ
കാൽ വണ്ണ വഴി പടർന്നു
മെല്ലെ മെല്ലെ മുകളിലേക്ക്
ഞാനതു ….
ഇഷ്ട്ടപെടുന്നുണ്ടായില്ല .
അതുകൊണ്ടാകണം
ജനൽ വാതിൽ
വലിച്ചടക്കാൻ ശ്രമിച്ചതും
രൂപമില്ലാത്ത മേഘത്തിനു
എന്റെ പെരുവിരൽ തുടങ്ങി
മുടിയോളമെത്താൻ
അധികനേരം വേണ്ടല്ലോ !!!!
നിശ്ശബ്ദനാകാനേ കഴിയുന്നുള്ളു
ഉമിനീര് ഉറച്ചുപോയ തൊണ്ടക്കുഴിയിൽ
നെൽ കറ്റകൾ തിരുകിയപോലെ …
എനിക്ക് നിശ്ശബ്ദനാകാനേ കഴിയുന്നുള്ളു !!!
ആ മേഘ കെട്ടിന്റ കനം
പെയ്തൊഴിഞ്ഞാലേ തീരു !!!!
ആകീരണത്തിന്റെ
ആലസ്യത്തിലേക്കു
ചുഴി കുഴിയിൽ അകപെട്ടപോലെ
കറങ്ങി വെട്ടി തരിച്ചു …..
നിശബ്ദമായ
പലായനങ്ങൾ കണ്ട ഞാൻ
പരാജിതനായ പലായനക്കാരനെപോലെ
ദേശവും കാലവും മറന്നു
ഗോത്രവും ഗോത്ര ചിഹ്നവും മറന്നു
സ്മാരക ശിലകൾ ഉറങ്ങുന്ന
കുടക്കൽ പറമ്പിലെ
വെറും വക്കുപോയ
നന്നങ്ങാടിപോലെ …..
അടയാളം ആകുന്നു ….
ചുരമാന്തി നിന്ന ആ മേഘ ശകലം
കിതപ്പുമാറ്റാൻ വീണ്ടും
എന്റെ
നെഞ്ചിൽ ഒന്നിരുന്നു
പെയ്തൊഴിഞ്ഞതു കൊണ്ടാകാം
മേഘക്കെട്ടിനു കനം
തീരെ ഇല്ലാതെ ആയതു ….
പാദ ചലനം പോലും
കേൾപ്പിക്കാതെ
പാതി തുറന്ന ജനൽ പാളികൾ
വീണ്ടും ശബ്ദമില്ലാതെ അടയുമ്പോൾ
എന്നെ വിട്ടുപോയ
മേഘകീറിന്റെ
ഒരു ശകലം
എന്റെ കൈക്കുള്ളിൽ മുറുകെ പിടിച്ചിരുന്നു …..