രചന : മാധവി ഭാസ്കരൻ (മാധവി ടീച്ചർ ചാത്തനാത്ത്)✍
എന്നോ കിനാവിൽ ഞാൻ നട്ടൊരു പാഴ്ച്ചെടി
പൂവിട്ടിരുന്നുവെൻ മോഹങ്ങളിൽ
കണ്ടുവെൻ സ്വപ്നത്തിൽ പൂത്ത പൂമൊട്ടുകൾ
പുഞ്ചിരി തൂകിയവർണ്ണാഭയും!
കാണാത്ത തീരത്തിൽ ഏതോ നിശീഥത്തിൽ
കൈ പിടിച്ചെത്തി തുണയായി നീ
ചിറകടിച്ചെത്തിയെൻ ചിന്തയിൽ നീയൊരു
കമനീയകാന്തി പകർന്നനാളിൽ!
പൂത്തു വിരിഞ്ഞ സുമങ്ങളിൽ തേൻകണം
ഇറ്റിറ്റുവീഴുമാ പൊന്നുഷസ്സിൽ
ദേവന്നു നേദിച്ച തൃപ്രസാദം നുകർ-
ന്നന്നു നീ ഹൃദയാഭിലാഷമോടെ!
പിന്നെ നീ പാടിയ തേൻ ചോരും ഗാനങ്ങൾ
മീട്ടിയാ സങ്കൽപ്പതീരങ്ങളിൽ
ആനന്ദമോടെ നീയാടിയും പാടിയും
ആഘോഷമോടെയാപൂവനിയിൽ!
പാടിപ്പറന്നു തളർന്നതാം പൈങ്കിളി
ശ്യാമാംബരത്തിൻ്റെയങ്കണത്തിൽ
ഏതോ ദിവാസ്വപ്ന ചാരുത പുൽകിയാ
മഴകാക്കും വേഴാമ്പലായി മാറി!
![](https://www.ivayana.com/wp-content/uploads/2021/01/madhavi-150x150.jpg?v=1610635434)