രചന : കാവല്ലൂർ മുരളീധരൻ ✍
ചിലർ ജീവിതകാലം മുഴുവൻ അവധിപോലെ ജീവിതം നന്നായി ആഘോഷിച്ചു ആസ്വദിക്കും, മറ്റുചിലർ ജീവിതകാലം മുഴുവൻ അവധി ആഘോഷിക്കുന്നവർക്ക് വേണ്ടി തന്റെ ജീവിതം ഉരുക്കി തീർക്കും.
താൻ എന്താടോ എന്നെ കാണാൻ വരാൻ എത്ര വൈകിയത്? മാഷിന്റെ കട്ടിലിന്നരികിൽ ഇരിക്കുമ്പോൾ തന്റെ കൈ പിടിച്ചുകൊണ്ടു മാഷ് ചോദിച്ചു.
പത്തു വർഷമായി താൻ നാട്ടിൽ വന്നിട്ട് എന്ന് പറഞ്ഞാൽ മാഷ് വിശ്വസിക്കുമോ എന്നറിയില്ല.
വല്ലപ്പോഴുമൊക്കെ പഠിപ്പിച്ച കുട്ടികൾ കാണാൻ വരാറുണ്ട്. ആര് വന്നാലും മാധവൻ ആണോ എന്നാണ് ആദ്യ ചോദ്യം. അല്ലെന്നു അറിയുമ്പോൾ ആ കണ്ണുകളിൽ തെളിഞ്ഞ ആകാംക്ഷ മങ്ങും. എങ്കിലും വന്നവരോട് അതി സ്നേഹത്തോടെ, പഠനകാലങ്ങളിലെ ഓരോ നിമിഷവും ഓർത്തെടുത്ത് ചിരിക്കാൻ ശ്രമിക്കും. ആര് വന്നു പോകുമ്പോഴും പറയും, മാധവനോട് ഒന്ന് വന്നു കാണാൻ പറയണം. മാഷിന്റെ ഭാര്യ പറഞ്ഞു.
അവർ ശ്രമിച്ചിരിക്കണം. പക്ഷെ തനിക്കാരുമായും ബന്ധങ്ങൾ ഉണ്ടായിരുന്നില്ലല്ലോ. പത്തുകൊല്ലം മുമ്പ് നാട്ടിൽ വന്നപ്പോൾ, നിന്റെ നമ്പർ തരണം സ്കൂൾ ഗ്രൂപ്പിൽ ചേർക്കാനാണ് എന്ന് കൂട്ടുകാർ പറഞ്ഞപ്പോൾ, താൻ വിലക്കി. ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാറില്ല, ഒന്നും തോന്നരുത്. ഞാൻ എന്നിലേക്ക് മാത്രം ചുരുങ്ങി ജീവിക്കുന്നു, ക്ഷമിക്കുക.
മാഷ് നിന്നെ ചോദിച്ചിരുന്നു.
ഞാൻ പോയി കണ്ടോളാം. അയാൾ പറഞ്ഞു.
അന്ന് വീട്ടിൽ വന്ന കൂട്ടുകാരോട്, വെള്ളമോ ചായയോ എടുക്കട്ടെ എന്ന് ചോദിയ്ക്കാൻ വീടിനകത്തുള്ള ഭാര്യയോ, മക്കളോ ആരുംതന്നെ വന്നില്ല.
മറ്റാരുമില്ലേ വീട്ടിൽ എന്ന് വന്നവർ ചോദിച്ചപ്പോൾ, തിരക്കിലാകും എന്നയാൾ നിരാശയിൽ ഒളിപ്പിച്ച ഒരു ചിരിയോടെ പറഞ്ഞു.
അവരിറങ്ങിപ്പോയതും, മകൻ പുറത്തേക്കു വന്നു. എനിക്ക് മെഡിസിന് ചേരണം, ഒരമ്പതുലക്ഷം രൂപയെങ്കിലും ആകും.
എന്റെ കൈയ്യിൽ ഇല്ല. അയാൾ പറഞ്ഞു.
കൈയ്യിൽ കാശില്ലെങ്കിൽ പിന്നെ മക്കളെ ജനിപ്പിച്ചത് എന്തിനാണ്? മകൻ ചോദിച്ചു.
സംഭവിച്ചുപോയി, കാലത്തിനെ തിരിച്ചുവെക്കാൻ ആകില്ലല്ലോ, അയാൾ പിറുപിറുത്തു.
ഈ വീടും പറമ്പും ഈടുവെച്ചു ലോൺ എടുക്കാം. മകൻ പറഞ്ഞു.
വിൽക്കുന്നതല്ലേ നല്ലത്, പലിശയേക്കാൾ കുറവല്ലേ വാടക വീടിന് വരൂ. നിനക്ക് ജോലിയാകുമ്പോൾ പുതിയ വീടും പറമ്പും വാങ്ങാം.
അത് കാത്തു ആരും സ്വപനം കാണേണ്ട. എന്റെ ജീവിതം എനിക്കുള്ളതാണ്, എന്റെ വരുമാനം ഞാൻ എന്റെ സന്തോഷങ്ങൾക്ക് മാത്രമാകും ഉപയോഗിക്കുക.
എനിക്കും അങ്ങനെ ചിന്തിച്ചുകൂടെ? അയാൾ ചോദിച്ചു.
ഇല്ല, മക്കളെ ജനിപ്പിച്ച നിങ്ങൾ അവരെ വളർത്തി വലുതാക്കാനും, പഠിപ്പിക്കാനും, പിന്നെ അവരുടെ വിനോദ യാത്രകൾ, ആഘോഷങ്ങൾ, തുടങ്ങി മറ്റാവശ്യങ്ങളും നിറവേറ്റാനും ബാധ്യസ്ഥരാണ്.
അപ്പോൾ ഞങ്ങൾക്ക് ജീവിതമില്ല എന്നാണോ നീ പറഞ്ഞു വരുന്നത്?
അതൊക്കെ നിങ്ങളുടെ ജീവിത പരാജയം. അതിന് ഞങ്ങൾ എങ്ങനെ ഉത്തരവാദികൾ ആകും.
മകൻ പറഞ്ഞത് പരമമായ സത്യമാണെന്ന് അയാൾക്ക് ബോധ്യമായി.
മകന്റെ പഠനത്തിന് വീടും പറമ്പും വിൽക്കാൻ ഭാര്യ സമ്മതിച്ചില്ല. എന്തുകൊണ്ട് താൻ വീടും പറമ്പും ഭാര്യയുടെ മാത്രം പേരിൽ വാങ്ങി അബദ്ധം കാണിച്ചെന്ന്, അയാൾ അപ്പോൾ അയാളോടുതന്നെ ചോദിച്ചു.
അയാൾ ലോണിന്റെ തിരിച്ചടവിലേക്കും, അതിന്റെ പലിശയുടെയും നീരാളിപ്പിടുത്തത്തിൽ, മരുഭൂമിയിലെ വിയർപ്പിന്റെ ചാലുകളിൽ ജീവിതം നീന്തിത്തുടിച്ചു.
നീ വന്നല്ലോ, കാണാൻ കഴിഞ്ഞതുതന്നെ ഭാഗ്യം. മാഷ് പറഞ്ഞു.
ചായയുമായി വരുമ്പോൾ മാഷിന്റെ ഭാര്യ പറഞ്ഞു. മാധവാ നിന്റെ പേര് പറയാത്ത ഒരു ദിവസവുമില്ല. മക്കൾപോലും ചോദിക്കും. അച്ഛന്റെ മൂത്തമകനാണോ മാധവൻ? എന്നിട്ടു അയാൾ എവിടെയെന്നും.
മാഷില്ലായിരുന്നെങ്കിൽ ഞാൻ ജീവിച്ചിരിക്കുമായിരുന്നില്ലല്ലോ അമ്മേ. വിശപ്പിന്റെ കുഴിയിൽ നിന്ന് എന്നെ വലിച്ചെടുത്തു പഠിപ്പിച്ചു മനുഷ്യനാക്കിയത് മാഷല്ലേ? അയാളത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു.
മകൻ പഠിച്ചു വലിയ ഡോക്ടറായെന്നും ലണ്ടനിൽ ആണെന്നും അറിഞ്ഞു. മാഷിന്റെ ഭാര്യ ചോദിച്ചു.
ശരിയാണ്, അത് പറഞ്ഞു അയാളിൽ നിന്ന് വലിയൊരു ദീർഘനിശ്വാസം പുറത്തു വന്നു.
അവൻ അവിടെ വിവാഹവും കഴിച്ചു, മക്കളുമായി.
മാഷിന്റെ ഭാര്യ അകത്തേക്കു നടന്നപ്പോൾ, അയാൾ മാഷിന്റെ കൈ തഴുകിക്കൊണ്ടു പറഞ്ഞു.
അവനെ പഠിപ്പിക്കാൻ എടുത്ത ലോൺ ഞാനിപ്പോഴും അടച്ചുകൊണ്ടിരിക്കുകയാണ് മാഷെ, അതാണ് ഇത്രയും കാലം നാട്ടിൽ വരാതിരുന്നത്. മാഷിനെന്നോടു പിണക്കം തോന്നരുത്. അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
ഒരച്ഛന് ഒരിക്കലും മക്കളോട് പിണങ്ങാൻ കഴിയില്ല. അയാളുടെ കണ്ണുകൾ തുടച്ചുകൊണ്ട് മാഷ് പറഞ്ഞു.
യാത്ര പറഞ്ഞു പിരിയുമ്പോൾ മാഷ് പറഞ്ഞു.
നീ എന്നേക്കാൾ വയസ്സനായപോലെ തോന്നുന്നു. ആരോഗ്യം ശ്രദ്ധിക്കണം, ലോൺ അടച്ചു തീരും വരെയെങ്കിലും നീ ജീവിച്ചിരിക്കേണ്ടേ.
അതിനു മറുപടി പറയാതെ അയാൾ ഇറങ്ങി നടന്നു.
![](https://www.ivayana.com/wp-content/uploads/2024/12/kavalloore-muraleedharan-150x150.jpg?v=1734203424)