രചന : ജിൻ്റോ തേയ്ക്കാനത്ത് ✍️
എത്രയും പ്രിയപ്പെട്ട നിനക്ക്…
ഇതൊരു പ്രണയക്കുറിപ്പല്ല, മറിച്ച് എന്റെ പ്രണയത്തെ അക്ഷരങ്ങള്‍ കൊണ്ട് മറയ്ക്കാനുള്ള ഒരു പാഴ്ശ്രമം മാത്രം.
ഈ ഫെബ്രുവരി 14 ലെ ത്രിസന്ധ്യയില്‍ നിന്റെ മുഖംപോലെ, ചെഞ്ചായത്തില്‍ക്കുളിച്ച് പ്രണയപരവശയായ ആകാശത്തിന്റെ തണലില്‍, നിന്റെ മൃദുലകരങ്ങളുടെ ചൂടിലമര്‍ന്ന്, ഉപ്പുരസം കലര്‍ന്ന മണല്‍ക്കാറ്റിന്റെ തലോടലേറ്റ്, പാദങ്ങളെ തഴുകുന്ന തിരമാലകളുടെ അകമ്പടിയോടെ ഈ തീരത്തുകൂടി നടക്കുമ്പോള്‍ മനസ്സ് ഇരുപതുവര്‍ഷം പിന്നിലേക്കു തിരിയുന്നു. ഇരുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു ദിനത്തിലായിരുന്നില്ലേ നമ്മള്‍ കണ്ടുമുട്ടിയത്? അന്നും ഇതുപോലൊരു കാറ്റുണ്ടായിരുന്നു. നിന്റെയും എന്റെയും നിശ്വാസത്തെ ഒന്നിപ്പിച്ചുകൊണ്ടുള്ള മധുരമുള്ളൊരു കാറ്റ്.
പിന്നീട്, വെളിച്ചം വീണ ഏതോ ഒരുദിനത്തില്‍ നീ എനിക്കായി എഴുതി ‘എത്രയും പ്രിയപ്പെട്ട നിനക്ക്’ അന്ന് ആ വെള്ളക്കടലാസില്‍ നീലമഷികൊണ്ട് നീ നിന്റെ ഹൃദയത്തെ അക്ഷരങ്ങളാക്കി പകര്‍ത്തിയപ്പോള്‍ ആ അക്ഷരക്കൂട്ടില്‍ നീയൊളിപ്പിച്ച സ്നേഹവായ്പ്പുകളെ തിരിച്ചറിയാന്‍ പിന്നെയും എത്രയോ വര്‍ഷങ്ങള്‍ എനിക്കു സഞ്ചരിക്കേണ്ടിവന്നു. യാത്രയായിരുന്നുവല്ലോ എന്റെ ജീവിതം. പക്ഷേ, ഓര്‍മ്മകളില്‍ ഇടംപിടിച്ചിരിക്കുന്ന യാത്രകളെല്ലാം നിന്നെ തേടിയും നിന്നിലേക്കുമുള്ള യാത്രകളായിരുന്നു. അങ്ങനെയൊരു യാത്രയിലായിരുന്നു പ്രണയം ഒരു കണ്ടെത്തലല്ല മറിച്ച് തിരിച്ചറിയലാണെന്ന് ഞാന്‍ മനസ്സിലാക്കിയത്.
പിന്നീട് നീയെന്ന മഹാരഹസ്യത്തെ തേടിയുള്ള അലച്ചിലായിരുന്നു ജീവിതം. അതിനായി നീയാകുന്ന പുസ്തകത്തിന്റെ ഓരോ താളും ഞാന്‍ സൂക്ഷ്മതയോടെ വായിക്കാന്‍ തുടങ്ങി. പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ നീ ഇങ്ങനെ കുറിച്ചിട്ടിരുന്നു. ‘സ്നേഹംകൊണ്ടുമാത്രം വായിച്ചെടുക്കേണ്ട പുസ്തകമാണ് സ്ത്രീ. സ്നേഹത്തിന്റെ നനവില്ലാതെ അവളിലെ ഏടുകളിലൂടെ കണ്ണോടിച്ചാല്‍, പ്രക്ഷുബ്ധമായ കടല്‍പോലെ അവള്‍ ഭീകരയാകും. എന്നാല്‍ സ്നേഹമര്‍മ്മരങ്ങളോടെ അവളിലെ താളുകള്‍ മറിച്ചാല്‍, പുറമേ കലിതുള്ളി ഇളകിമറിയുന്ന തിരമാലകള്‍ക്കടിയിലെശാന്തതയും പ്രശാന്തതയും നിറഞ്ഞ, മുത്തുച്ചിപ്പികളും പവിഴപ്പുറ്റുകളുമുള്ള ഒരു മായാ ലോകത്തിലേക്ക് അവള്‍ നിന്നെ കൂട്ടിക്കൊണ്ടുപോകും. പിന്നെയൊരു മടങ്ങിപ്പോക്ക് നിനക്കും അസാധ്യമാണ്.
ഇതിഹാസംപോലെ വായിച്ചുതീര്‍ക്കാനാകാത്തൊരു പുസ്തകമാണ് നീ. നീയെന്ന പുസ്തകത്തിനുശേഷം മറ്റൊന്നും വായിക്കാനില്ലാത്തതിനാല്‍, വായിച്ചു തീര്‍ക്കാന്‍ എനിക്ക് തിടുക്കവുമില്ല. അതിനാല്‍ വളരെ സൂക്ഷ്മതയോടെയാണ് നിന്നിലെ ഓരോ ഏടുകളും ഞാന്‍ മറിച്ചത്. വായിക്കുന്തോറും അറിവുകള്‍ തിരിച്ചറിവുകളായിമാറുന്നു. മൗനങ്ങള്‍ ധ്യാനങ്ങളാകുന്നു. പദചലനങ്ങള്‍ പ്രദക്ഷിണങ്ങളാകുന്നു. യാത്രകള്‍ തീര്‍ത്ഥാടനങ്ങളാകുന്നു. കാവുകള്‍ ശ്രീകോവിലുകളാകുന്നു. എവിടെനിന്നോ വീശിയ രൂപാന്തരീകരണത്തിന്റെ കാറ്റില്‍ ഞാനും സ്നാനപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍, നിന്നില്‍ എന്തൊക്കെയോ കണ്ടെത്തിയ സന്തോഷത്തില്‍, അക്ഷരങ്ങള്‍കൊണ്ട് നിന്നെ അടയാളപ്പെടുത്തുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ വായന മുന്നോട്ടുപോകുമ്പോള്‍
തിരിച്ചറിവുകള്‍ വീണ്ടും അപൂര്‍ണ്ണങ്ങളാകുന്നു. അങ്ങനെ സകല വിജ്ഞാനത്തെയും അധികരിക്കുന്ന നിഗൂഢ രഹസ്യങ്ങളുടെ ഒരു മഹാകലവറയായി നീ ഇന്നും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
അതുകൊണ്ടുതന്നെ നിന്നെ പ്രണയിച്ച് ഇന്നോളം എനിക്ക് കൊതിതീര്‍ന്നിട്ടില്ല. എന്റെ ജീവിതത്തില്‍ നിന്നെ ആഗ്രഹിക്കാത്ത നിമിഷങ്ങളുമില്ല. എനിക്കുതോന്നുന്നു, നിന്നെയാഗ്രഹിക്കുന്ന മണിക്കൂറുകളുടെ ആകെത്തുകയാണ് എന്റെ ജീവിതം. ഇന്ന് ഓര്‍മ്മകളെ ഞാന്‍ പ്രണയിക്കുന്നു, കാരണം ഓര്‍മ്മകളില്‍ മുഴുവന്‍ നീയായതിനാലാണ്. അക്ഷരങ്ങളെ ജീവനോളം സ്നേഹിക്കാനുള്ള കാരണം അക്ഷരങ്ങള്‍ക്ക് നിന്റെ ഗന്ധമായതിനാലാണ്. യഥാര്‍ത്ഥത്തില്‍ നീയാകുന്ന ചതുപ്പിലേക്ക് ഞാന്‍ ആഴ്ന്നുകൊണ്ടിരിക്കുകയാണ്. ആ ചതുപ്പില്‍ എന്റെ ജീവന്‍പൊലിയുന്നുണ്ടെങ്കിലും അതിനൊരു സുഖമുണ്ട്, ലഹരിയുണ്ട്. ഞാന്‍ അതിന്റെ ഉന്മാദലഹരിയില്‍ എന്നെത്തന്നെ മറക്കുകയാണ്. ഇനി ജീവിതത്തില്‍ ദു:ഖങ്ങളുടെ പെരുമഴക്കാലംതന്നെ ഉണ്ടാകട്ടെ, കാലം പൂവാകപോലെ ചുവന്നു പൂക്കട്ടെ, ഞാന്‍ ഭയക്കില്ല. കാരണം, എന്റെ വേരാഴങ്ങളില്‍ പുനര്‍ജ്ജനിയുടെ നക്ഷത്രങ്ങള്‍ പോലെ നീയുണ്ടല്ലോ. എനിക്കതുമതി.
സഖീ,
ഇന്നും നീ ചിരിക്കുമ്പോള്‍ പുറത്ത് പൂക്കള്‍ പുഞ്ചിരിക്കുന്നുണ്ട്.
നീ നടക്കുമ്പോള്‍ ജീവന്‍ പെയ്യുന്നു.
നിന്റെ കണ്ണു നിറഞ്ഞാല്‍ ആകാശം കനക്കും,
നീ മയങ്ങിയാല്‍ ഭൂമിയും ഉറങ്ങും,
നീ ഉലഞ്ഞാല്‍ കാലവും ഉലയും.
കണ്‍മഷി പടര്‍ന്നൊഴുകിയ കടക്കണ്ണില്‍ നീ ഒളിപ്പിച്ച ആകാശക്കീറും, മൗനത്തില്‍ ഒളിപ്പിച്ച കര്‍ക്കിടകവും, പുഞ്ചിരിയില്‍ ഒളിപ്പിച്ച വസന്തവും, ബുദ്ധിയില്‍ ഒളിപ്പിച്ച ഹൃദയവും നിന്നെ പ്രപഞ്ചത്തോളം വലുതാക്കുന്നു. അതുകൊണ്ടുതന്നെ പാറിയുള്ള നിന്റെ ഓരോ നോട്ടത്തിലും എന്നില്‍ പ്രണയമുകുളങ്ങള്‍ നാമ്പെടുക്കുന്നു. ഞാന്‍പോലും അറിയാതെ സാവധാനത്തില്‍ അതു വളരുന്നു, പൂക്കുന്നു, കായ്ക്കുന്നു. അങ്ങനെ നീയാകുന്ന പ്രകൃതിയുടെ ശിഖരങ്ങളില്‍ എനിക്കും ഒരു ഇടം ലഭിക്കുന്നു.
അതെ, സ്നേഹംകൊണ്ടു മുട്ടുമ്പോള്‍ മാത്രം തുറക്കപ്പെടുന്ന പടിപ്പുരവാതിലാണ് സ്ത്രീ.
അതില്ലാതെ അവളെ തള്ളിത്തുറന്നാല്‍, അവള്‍ നിന്റെ വികാരാഗ്‌നിയുടെ അവശേഷിപ്പായ ഒരുപിടി ചാരമായിമാറും. എന്നാല്‍ സ്നേഹംകൊണ്ടു അവളെത്തുറന്നാല്‍, അവള്‍ അഗ്‌നിയാകും. ഒരു ജലത്തിനും ശമിപ്പിക്കാന്‍ കഴിയാത്ത മഹാ അഗ്‌നി. ആ അഗ്‌നിയില്‍ അവള്‍ ആളിക്കത്തും. അവളാകുന്ന അഗ്‌നിയില്‍ നീയും ദഹിപ്പിക്കപ്പെടും. മധുരമുള്ള ഒരു തണുപ്പോടെ. അതെ ആളിക്കത്തുന്ന അഗ്‌നിക്കുള്ളിലും തണുപ്പ് സൂക്ഷിക്കാന്‍ അവള്‍ക്കേ കഴിയൂ.
സഖി, നീയാണെന്റെ ചിത,
നീ തന്നെ എന്നിലെ അഗ്‌നി.
നീയാകുന്ന ചിതയില്‍ എരിയുന്നതുവരെ,
അക്ഷരം തിരയായും, വാക്കുകള്‍ നദിയായും എന്നില്‍ ഒഴുകും.
കാരണം അക്ഷരങ്ങള്‍ക്ക് ഇന്ന് നിന്റെ ഗന്ധമാണ്.
നിന്റെ ഗന്ധമാണ് എന്റെ അതിജീവന നാദം.
ഒടുവില്‍, നീയാകുന്ന അഗ്‌നിയില്‍ എനിക്ക് ദഹിച്ചടങ്ങണം.
അവശേഷിക്കുന്ന എന്നിലെ ഒരു പിടി ചാരം നീ കാറ്റില്‍ തൂവണം.
സ്നേഹത്തില്‍ ദഹിക്കപ്പെട്ടവന്റെ ഒരുപിടി ഓര്‍മ്മകളെ
അന്തരീക്ഷവും അടയാളപ്പെടുത്തട്ടെ…
✍️
![](https://www.ivayana.com/wp-content/uploads/2025/02/jinto-thekkanath-150x150.jpg?v=1739620455)