രചന : മോഹനൽ താഴത്തേതിൽ അകത്തേത്തറ. ✍️
ഉണ്ണിക്കു മുറ്റത്തൊന്നോടാൻ മോഹം
മുറ്റത്തെ പൂക്കൾ പറിക്കാൻ മോഹം
കാക്കയും പൂച്ചയും ചിത്രശലഭങ്ങളും
കാണുമ്പോൾ പുന്നാരിക്കാനും മോഹം
തുമ്പി പറക്കുമ്പോൾ തുള്ളിച്ചാടാൻ
തുമ്പപ്പൂവിത്തിരി നുള്ളിപ്പറിക്കാൻ
ആകാശത്തോടുന്ന മേഘങ്ങൾ കാണാൻ
ആശയേറെയെങ്കിലും ആകുന്നില്ല…
അച്ഛന്റെ ഷൂസൊന്നു കാലിൽ കേറ്റാൻ
അമ്മതൻ കൺമഷി കവിളിൽ പൂശാൻ
അമ്മൂമ്മ ചവക്കുന്ന വെറ്റിലപ്പാക്കിന്റെ
ചെഞ്ചോപ്പു ചുണ്ടിലണിഞ്ഞു നോക്കാൻ
ജോലിക്കു വരുന്നതാം ചേച്ചിയെന്നെ
ഒക്കത്തിരുത്തിയൊന്നു വട്ടം കറക്കാൻ
പാലുമായങ്കിളു വീട്ടിൽ ബെല്ലടിച്ചാൽ
ഓടിച്ചെന്നതു വാങ്ങി കുലുക്കി നോക്കാൻ
ചേട്ടായി സൈക്കിളിൽ പോകും നേരം
കൂട്ടായി പിന്നിലിരുന്നു പോകാൻ…..
ഒന്നിനുമില്ലൊരു സ്വാതന്ത്ര്യം ഒട്ടുമേ
ഫ്ളാറ്റിനകത്തു ഞാൻ തടവുകാരി
താഴെയിറങ്ങിയാൽ കാലിൽ മണ്ണുപറ്റും
കൂട്ടുകാർ വേണ്ടത്ര…പനി പടരുമത്രേ….
അമ്മയും അച്ഛനും കാറിൽ കയറിപ്പോയാൽ
അടുക്കറ്റക്കാരി നുള്ളും പിച്ചും തരും!
ഐപ്പാഡിൻ മുന്നിലിനിയും എത്ര കാലം?
അയ്യോ…വയ്യ എനിക്കെല്ലാം മടുത്തു പോയി
ചൊക്ലേറ്റും ഐസ്ക്രീമും തിന്നുതിന്ന്
ഞാനിന്നേ ഷുഗറിന്റെ നോട്ടപ്പുള്ളിയായി…!
പ്ളേ സ്കൂളിൽ പോകാനേ പേടിയായി
ടീച്ചർ കിടത്തിയുറക്കുക പതിവായല്ലോ!
എന്തൊരു കഷ്ടമീ ബാല്യകാലം…കേൾക്കൂ
വൃദ്ധരെക്കാളും കഠിനമാണ് കേട്ടോ….
മുരടിച്ച ബാല്യവും, ഗതികെട്ട വാർദ്ധക്യവും
ഇവരിൽ അടിച്ചേല്പിക്കുന്ന കൂട്ടുകാരേ….
സ്വസ്ഥമായിരുന്നൊന്നു ചിന്തിച്ചു നോക്കൂ…
നീ ചെയ്യും ചെയ്തികൾ ഭൂഷണമോ?
കാലമിതിങ്ങിനെ മുന്നോട്ടു പോയാൽ
കാര്യമിതു കൈവിട്ട കളിയാകുമല്ലോ?
നല്ലോമനകൾക്ക് അടിത്തറ ഇല്ലാതായാൽ
നരവംശമിനിയേതു കോലത്തിലാവും?
