രചന : സാഹിദ പ്രേമുഖൻ ✍️
ഇത്ര മധുരിക്കുമോ പ്രേമം;
ഇത്ര കുളിരേകുമോ “
മലയാളികൾ മതിവരാതെ കേട്ടിരിക്കുന്ന പ്രണയഗാനം!!
ഏതോ സിനിമയിൽ ഗാനഗന്ധർവ്വൻ യേശുദാസ് പാടിയതാണെന്നു തോന്നുന്നു…! പ്രണയത്തോളം മധുരതരമായ ഒരു വികാരമില്ല. അതിനപ്പുറം നിർവൃതി ദായകമായ മറ്റൊരനുഭൂതിയുമില്ല.
മുട്ടത്തുവർക്കിയുടെ ശൈലിയിൽ പറഞ്ഞാൽ, മകരത്തിലെ മഞ്ഞിനെയും മീനത്തിലെ വെയിലിനെയും മിഥുനത്തിലെ മഴയെയും അതിജീവിച്ച് മുളച്ചു തഴച്ചുവളർന്ന് ആവണിമാസത്തിലെ പൂനിലാവു പോലെഹൃദയത്തിലെങ്ങും പ്രകാശം ചൊരിഞ്ഞു നിൽക്കുന്നപ്രണയത്തി ൻ്റെ റോസാദലങ്ങൾ! കത്തിനിൽക്കുമ്പോഴും കെട്ടുപോകുമ്പൊഴും പ്രണയത്തിന് മരണത്തിൻ്റെ മുഖമാണത്രെ.
എന്നാലിന്ന്,മരണതുല്യമായ പ്രാണവേദനയും മഞ്ഞിൻ്റെ കുളിർമ്മയും അനുഭവിക്കുന്ന പ്രണയകഥകളെ അപൂർവ്വമായിപ്പോലും കേൾക്കാനില്ല എന്നതാണ് യാഥാർത്ഥ്യം !!
ഉൽക്കടമായി പ്രണയിച്ച ശേഷം ഒരു സുപ്രഭാതത്തിൽ മറ്റൊരുവനെ വിവാഹം കഴിച്ചു വഴിപിരിഞ്ഞു പോകുന്ന കാമുകിയെ നോക്കി ” മംഗളം നേരുന്നു ഞാൻ, മനസ്വിനീ
മംഗളം നേരുന്നു ഞാൻ ” എന്നു പാടാനുള്ള ഹൃദയവിശാലതയൊന്നും ഇന്നത്തെ കാമുകൻമാർക്കില്ല. താടിയും മുടിയും നീട്ടി വളർത്തി വേണു നാഗവള്ളിയെപ്പോലെ
“നഷ്ടസ്വർഗ്ഗങ്ങളെ, നിങ്ങളെനിയ്ക്കൊരു ദുഃഖ സിംഹാസനം നൽകീ
തപ്തനിശ്വാസങ്ങൾ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നൽകീ
എന്നു പാടി കണ്ണീരൊഴുക്കി നടക്കുന്ന നിരാശാകാമുകൻമാരും ഇന്നില്ല.
ഇന്ന്, ജീവിതത്തിന്റെ നിഘണ്ടുവിൽ പ്രണയത്തിന് നിർവ്വചനം കൽപിച്ചിരിക്കുന്നത്, പകയും പ്രതികാരവും എന്നാണെന്നു തോന്നുന്നു! അത്രമാത്രം രക്തരൂക്ഷിതമായ വീഥികളിലൂടെയാണിപ്പോൾ പ്രണയം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്!പഴയതുപോലെ കാമ്പസ്സിനുള്ളിലെ മരം ചുറ്റി പ്രണയങ്ങളും ലൈബ്രറിയിലും ക്ലാസ്സ് മുറികൾക്കിടയിലുള്ള ഇടനാഴികളിലും വെച്ചുള്ള കടക്കണ്ണേറുകളും കത്തുകൈ മാറ്റങ്ങളും കാണാതിരുന്നാലുള്ള ഹൃദയഭാരങ്ങളും ഒന്നും ഇന്നില്ല. എപ്പോൾ വേണമെങ്കിലും എന്തും സാധ്യമാക്കാമെന്ന തരത്തിൽ പ്രണയത്തിൻ്റെ technology യും വളർന്നിരിക്കുന്നു. പ്രണയത്തിൻ്റെ തീവ്രത കുറയുമ്പോൾ ഒരൗൺസുകഷായത്തിലോ ഒരു കത്തിയിലോ കാമുകൻ്റെ അല്ലെങ്കിൽ കാമുകിയുടെ ജീവൻ അവസാനിപ്പിച്ചുകളയാവുന്ന അത്രത്തോളം നിസ്സാരമാണിന്ന് ന്യൂജെൻപ്രണയങ്ങൾ !നാൽപത്തഞ്ചുകാരി 19 കാരനേയും 70 കാരൻ17 കാരിയേയും പരസ്പരം കാണാതെ പ്രണയിച്ച് അബദ്ധത്തിൽച്ചെന്നു ചാടുന്ന രസകരങ്ങളായ പ്രണയ കഥകളും ഇന്നു സാധാരണമാണ്!!
സമൂഹത്തിൻ്റെയും സമുദായത്തിൻ്റെയും അനാവശ്യവുംഅന്യായവുമായ ഇടപെടലുകൾക്കെതിരെ പ്രണയികൾ പ്രതിക്ഷേധിക്കുന്നുണ്ടെങ്കിലും പഴയ സദാചാര നിഘണ്ടുവിലൂന്നിയ അലിഖിതനിയമങ്ങളുടെ കൊടിയ പീഢനങ്ങളിൽപ്പെട്ട് കാമുകീ കാമുകൻമാർക്ക് ജീവൻ വെടിയേണ്ടി വരുന്നു എന്നതും ഇന്നു സാധാരണ സംഭവങ്ങളായിമാറിയിരിക്കുന്നു.!
പഴയതിൽ നിന്നു വ്യത്യസ്ഥമായി പ്രണയ ജോഡികൾക്ക് ഇന്ന് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെങ്കിലും അവരുടെയുള്ളിലും പ്രണയത്തിൻ്റേതായ അതി കഠിനമായ വേദനയും ആത്മബലിക്കു സമാനമായ സഹനവുമുണ്ട്! പരസ്പരം ലയിക്കുന്ന ഭക്തിസാന്ദ്രമായ അനുഭൂതിയുടെ അനുരണനങ്ങളുണ്ട് !! കരൾ മുറിഞ്ഞു പോകുന്ന നൊമ്പരങ്ങളുടെ വേലിയേറ്റങ്ങളുണ്ട്! തിരസ്ക്കരിക്കപ്പെടുമ്പോഴുള്ള വേദനയുടെ വിങ്ങലുകളും പ്രതിബന്ധങ്ങളിൽ നീറിപ്പിടയുന്ന മനസ്സുകളുടെ മുറിപ്പാടുകളുമുണ്ട്! ഇങ്ങിനെയൊക്കെ ആണെങ്കിലും ഒരിക്കലെങ്കിലും പ്രണയത്തിന്റെ മധുരപ്രഹരമേൽക്കാത്ത ആത്മാവുകൾ ദുർല്ലഭമായിരിക്കും! താരതമ്യങ്ങളില്ലാത്ത പ്രണയത്തിന്റെ സഹജമായ അനുഭൂതികളാണ് പ്രണയികളെ നയിക്കുന്നതെന്നു പറയാം!! ചങ്ങമ്പുഴയും ഇടപ്പള്ളിയും പ്രണയത്തിനു വേണ്ടി തങ്ങളുടെ ജീവിതം ബലികൊടുത്തപ്പോൾ ആശാനും വൈലോപ്പിള്ളിയും അതിന്റെ ദൂതൻമാരായി സ്വയം അവരോധിച്ചു! കാമിക്കുന്നവരെ പരിഗ്രഹിക്കുന്നതിൽ യുവാക്കൾ തീർത്തും അസ്വതന്ത്രരായിരുന്ന ഒരു കാലത്തെ പ്രണയത്തിൻ്റെ ദുരന്ത പരിണാമമാണ് ‘ലീല’യിലൂടെ ആശാൻ ആവിഷ്കരിച്ചിരിക്കുന്നത്.!!
ഇന്ദ്രിയ പ്രവർത്തനങ്ങളെപ്പോലും മാറ്റിമറിക്കാൻ പോന്ന ഊർജ്ജത്തിന്റെയും സഹനത്തിന്റെയും പ്രതീകമായി പ്രണയം ചിലപ്പോൾ പരിണമിച്ചു പോകാറുണ്ട്! എങ്കിലുംകാലഭേദങ്ങളോ പ്രായഭേദങ്ങളോ ഇല്ലാതെ പ്രണയം ഇന്നുംഅതിന്റെ ജൈത്രയാത്ര തുടരുന്നു!
റോമിലെ ചക്രവർത്തിയായിരുന്ന ക്ലോഡിയസ്സിനെയാണ് ലോകമെമ്പാടുമുള്ള സകലമാന പ്രണയികളുടെയും നിതാന്ത ശത്രുവായി ചരിത്രം രേഖപ്പെടുത്തുന്നത്! വിവാഹിതരാകുന്ന പുരുഷന്മാരിൽ രാജ്യ സ്നേഹവും പോരാട്ടവീര്യവും കുറഞ്ഞു പോകുന്നു എന്ന കാരണത്താൽ യുദ്ധപ്രിയനായചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചത്രെ! എന്നാൽ അവിടത്തെ കത്തോലിക്കാസഭയുടെ ബിഷപ്പായിരുന്ന സഹൃദയനായ സെയിന്റ് വാലന്റൈൻ, നാട്ടിലെ കമിതാക്കളെ കണ്ടെത്തി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കുവാൻ തീരുമാനിച്ചു! ഇതറിഞ്ഞ ക്ലോഡിയസ് ,വാലന്റ്‌യിനെ ജയിലിൽ അടച്ചു ! അവിടെ വച്ച് അദ്ദേഹം ജയിലറുടെ അന്ധയായ പുത്രിയെ പ്രേമിക്കുകയും അയാളുടെ മാസ്മരിക പ്രണയത്തിന്റെ വശ്യതയാൽ ആ പെൺകുട്ടിയുടെ അന്ധത നിശ്ശേഷം മാറി അവൾക്കു് കാഴ്ച ലഭിക്കുകയും ചെയ്യുന്നു! വിവരമറിഞ്ഞ ചക്രവർത്തി വാലന്റെയിനെ കൊന്നുകളയാൻ വിധിച്ചു.! എന്നാൽ തന്റെ ശിരച്ഛേദത്തിനു മുമ്പ് ആ ഹതഭാഗ്യനായ കാമുകൻ തന്റെ കാമുകിക്ക് നൽകാനായി ഒരു പ്രണയസന്ദേശം കൊടുത്തയയ്ക്കുന്നു!മരണത്തിലും കീഴടങ്ങാത്ത പ്രണയത്തിൻ്റെ അനശ്വരമായ ഹൃദയോപഹാരമായിരുന്നു ആ സന്ദേശം ! സൂര്യചന്ദ്രന്മാരും ഭൂമിയും താരാഗണങ്ങളും ആഴിയുംആകാശവും സകലതും അസ്തമിച്ചു പോയേക്കാം. ദേവനും മനുഷ്യനും അസുരനുംഉൾപ്പെടുന്നസകല ചരാചരങ്ങളും ചത്തൊടുങ്ങിയേക്കാം ! എന്നാൽകാലത്തിൻ്റെ ഹൃദയത്തിലൂടെ അനാദിയായൊഴുകുന്ന പ്രണയത്തിൻ്റെ മധുരകല്ലോലിനി അതിൻ്റെ അനുസ്യൂതമായ പ്രവാഹം തുടരുക തന്നെ ചെയ്യും! അങ്ങിനെ പ്രണയത്തിൻ്റെ മാന്ത്രികസ്പന്ദനങ്ങളുടെ പ്രകമ്പനങ്ങളിലൂടെ പ്രപഞ്ചം പുനഃസൃഷ്ടിക്കപ്പെട്ടു കൊണ്ടേയിരിക്കും!!.
പക്ഷേ, ഹതഭാഗ്യയായ ആ പെൺകുട്ടി തൻ്റെ കാമുകൻ്റെ വിടവാങ്ങൽ സന്ദേശം വായിച്ചു തീരും മുമ്പേ ദുഷ്ടനായക്ലോഡിയസിൻ്റെ വാൾമുനയിൽ തട്ടി പാവം കാമുകൻ്റെ ശരീരം ഛിന്നഭിന്നമായി തീർന്നിരുന്നു..! ഹൃദയഭേദകമായ ആ പ്രേമബലിയുടെ ഓർമ്മയ്ക്കായിട്ടാണത്രെ അദ്ദേഹത്തിന്റെ ബലിദാന ദിനമായ Feb.14 പ്രണയികളുടെ ദിനമായി ആഘോഷിക്കാൻ തുടങ്ങിയത് ! മരണം, പ്രണയത്തെ പ്രോജ്ജ്വലിപ്പിക്കുന്ന നിതാന്തവാഹിനി യായിഅതിന്റെഅനശ്വരതയിലേക്കു പ്രവഹിയ്ക്കാൻ തുടങ്ങിയതവിടെ നിന്നാണെന്നുചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
യുദ്ധം പോലെ തന്നെയാണ് പ്രണയത്തിന്റെയും അവസ്ഥ! പരാജയപ്പെട്ടാൽപ്പിന്നെ മരണമാണ് അഭികാമ്യമെന്ന് കമിതാക്കൾ തീരുമാനിക്കുന്നിടത്ത് പ്രണയം അനശ്വരമാകുന്നു!
എന്നാൽ
പ്രണയം, അതിന്റെ ഉന്മാദാവസ്ഥയിൽ നിന്നു മാറി, ഒരു തരം വിപണന തന്ത്രത്തിന്റെ പാതയിലൂടെയാണിന്നു സഞ്ചരിക്കുന്നതെന്നു തോന്നുന്നു! കാലിൽ ദർഭമുന കൊണ്ടതുപോലെയുള്ള കാമുകിയുടെ തിരിഞ്ഞുനോട്ടങ്ങളോ കാമുകന്റെ കൺമുനത്തല്ലേറ്റു പിടയുന്ന കാമുകീ ഹൃദയങ്ങളോ കണ്ണുകളിൽ വിടരുന്ന പ്രേമത്തിന്റെ പൂത്തിരികളോ ഒന്നുമല്ല ഇന്ന് പ്രണയചിഹ്നങ്ങൾ! വില കൂടിയ വാഹനങ്ങളുടെ മോടിയിലും കോടികളുടെ വിലയുള്ള വീടുകളുടെ പശ്ചാത്തലത്തിലുമാണിന്ന് പ്രേമം തഴച്ചുവളരുന്നത്! ഇടതൂർന്നു വളർന്നു നിൽക്കുന്ന ചെമ്പരത്തിവേലികൾക്കിരുപുറവുംനിന്നുള്ള പ്രേമസല്ലാപങ്ങളും പുസ്തകങ്ങൾക്കുള്ളിൽ നാലായി മടക്കി വച്ച് പരസ്പരം സമ്മാനിക്കുന്ന പ്രണയലേഖനങ്ങളും ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു !
പകരം
” ഹാൻസി “ൻ്റെ ലഹരിയിൽ ആടിത്തിമിർക്കുന്ന റീൽസും ഡാൻസുമായി പ്രണയത്തെ വിൽപനയ്ക്കു വച്ചിരിക്കുകയാണ് ന്യൂജൻ പ്രണയികൾ!റെസ്റ്റോറന്റുകളിലും ഐസ്ക്രീം പാർലറുകളിലും കോഫീ ഹൗസുകളിലും തോളോടു തോൾ ചേർന്നിരുന്ന്, മാറി മാറി നുണയാവുന്ന കാഡ്ബറീസ് ചോക്ലേറ്റു പോലെ പ്രണയത്തെ കമിതാക്കൾനവീകരിച്ചിരിക്കുന്നു! പലപല പൂവുകളിലേക്കു പറന്നു പോകുന്ന ശലഭങ്ങളെപ്പോലെയാണിന്നു കാമുക ഹൃദയങ്ങൾ! ഒന്നല്ലെങ്കിൽ മറ്റൊന്ന് !! തനിക്കു കിട്ടാത്തതിനെ ഒറ്റക്കുത്തിനു തീർത്തുകളയുന്ന പ്രതികാര കാമുകൻമാരും തനിക്കു മതിയാകുമ്പോൾ ജ്യൂസിലുംകഷായത്തിലുംകാമുകൻ്റെ ജീവനൊടുക്കുന്ന കാമുകിമാരുമാണിന്നേറെയും!..!
എങ്കിലും,മുലപ്പാൽ മണം മാറാത്ത കുഞ്ഞുങ്ങൾ മുതൽ തൊണ്ണൂറിലെത്തിയ വൃദ്ധർ വരെ ഇന്ന് പ്രണയത്തിന്റെ ലഹരിയിൽ ജീവിതം ആസ്വദിക്കുന്നു !! .!🥰
” നാമിപ്പോൾ പരസ്പരം പ്രേമബന്ധിതരല്ലോ;
നീയുമങ്ങിനെ തന്നെ സമ്മതിക്കുകയാലെ
ഇരിക്കാം മരച്ചോട്ടിൽ, പാറമേൽ,
പച്ചപ്പുല്ലിൽ, തരിക്കും മണൽത്തിട്ടിൽ
താമരത്തോണിയ്ക്കുള്ളിൽ “
എന്നുകടമ്മനിട്ട പാടിയതുപോലെ
എവിടെയും കാമുകഹൃദയങ്ങൾ പ്രേമത്താൽ കൈയ് കോർത്തിരിക്കുന്നമനോഹര ദൃശ്യങ്ങൾ ഭൂമിയെ കൂടുതൽ കൂടുതൽചേതോഹരിയാക്കട്ടെ!❤️
ഭൂമിയിലെ ആബാലവൃദ്ധം കാമുകീ കാമുകൻമാർക്കും വാലന്റയിൻസ് ദിനാശംസകൾ!😁❤️
![](https://www.ivayana.com/wp-content/uploads/2025/02/sahida-150x150.jpg?v=1739622141)