രചന : ജിസ ജോസ് ✍️
ഇന്ന്
വാലൻ്റയിൻ പുണ്യാളൻ്റെ
ഓർമ്മദിവസമാന്നും
പറഞ്ഞ്
മൂത്തോൻ്റെ എളേസന്തതി
ആ
തലതെറിച്ചോൻ
പതിവില്ലാതെ
അടുത്തു വന്നുകൂടി.
മെഴുതിരി കത്തിക്കണം
നേർച്ചയിടണം
അമ്മാമ്മയിച്ചിരെ
കാശു തന്നാ…
അവൻ പരുങ്ങി
ഇതേതു പുണ്യാളൻ?
ഇക്കണ്ട കാലമായിട്ടും
കേട്ടിട്ടേയില്ലല്ലോ …
ആയിരത്തൊന്നു
വാഴ്ത്തപ്പെട്ടവരുടെയും .
അതിൻ്റയിരട്ടി
പുണ്യാളന്മാരുടെയും
പേരു കാണാപ്പാഠമായിട്ടും
ഇങ്ങനൊരു
വിശുദ്ധാത്മാവ്
എന്നെയൊളിച്ചു
നടന്നതെങ്ങനെ?
അതെൻ്റെമ്മാമേ
മാർപ്പാപ്പ
ഓൺലൈനായിട്ടു
വാഴ്‌ത്തീതാ
പത്രത്തിലൊന്നും
വന്നില്ലാരുന്നു
എല്ലാം നെറ്റിലാ
അമ്മാമ്മയറിയാത്തത്
അതുകൊണ്ടാരിക്കും
പ്രാർത്ഥിച്ചാൽ
അച്ചട്ടാ
നേർച്ചയിട്ടാൽ
ആശിച്ചതൊക്കെ കിട്ടും..
കാശുപെട്ടി
പരതുന്നതിനിടയിൽ
ചെറുക്കനിപ്പഴെന്തു
ഭക്തിയെന്നമ്പരന്നു
കുരിശു കണ്ടാ
സാത്താനെപ്പോലെ
വിറളി പിടിച്ചിരുന്നോനിപ്പോ
പുണ്യാളനു നേർച്ചയിടുന്നു ..
അറിയത്തില്ലേലും
കേട്ടിട്ടില്ലേലും
വായിക്കൊള്ളാത്ത
പേരാണേലും
ആ പുണ്യാളനാളു
കൊള്ളാമല്ല്
തല തിരിഞ്ഞു
കന്നംതിരിവും കാട്ടി
നടന്നോനിപ്പം
കുഞ്ഞാടിനെപ്പോലെ
നിക്കുന്നയീ
നിപ്പുകണ്ടാ മതിയല്ലോ!
ആ പുണ്യാളനെന്നാത്തിൻ്റെ
മധ്യസ്ഥനാ?
പ്രാർത്ഥനയെന്തുവാ?
കൊന്തനമസ്കാരത്തിനൊപ്പം
നിത്യവും ചൊല്ലിക്കൊള്ളാം.
അവൻ്റപ്പനെക്കൊണ്ടും
തള്ളേക്കൊണ്ടും
ചൊല്ലിപ്പിച്ചോളാം.!
ഞങ്ങടെ ചെറുക്കനെ
വഴിവിട്ട
ജീവിതത്തീന്നു
കരകേറ്റിയതല്യോ…
തപ്പിപ്പെറുക്കിക്കൊടുത്ത
കാശിനു നേരെ
ചെറുക്കൻ്റെ മുറുമുറുപ്പ് ..
എൻ്റമ്മാമ്മേ
ഈ വാലൻ്റീനങ്ങു
റോമീന്നാ
കിണ്ണം കാച്ചിയ സായിപ്പാ
അങ്ങേർക്കു നിങ്ങടെയീ
പിച്ചക്കാശൊന്നും പോര..
അല്ലേലുമമ്മാമ്മയിനി
എന്നാത്തിനാ
കാശുപെട്ടീം
കെട്ടിപ്പിടിച്ചിരിക്കുന്നേ..?
പെട്ടീലിരിക്കുന്ന
മാങ്ങാമാല
ഒരഞ്ചാറായിരം രൂപ ..
പുണ്യാളൻ
കനിഞ്ഞാപ്പിന്നെന്നാ
പേടിക്കാനാ?
മാങ്ങാമാല
കെട്ടുകല്യാണത്തിൻ്റെ
പിറ്റേന്ന്
അപ്പാപ്പൻ തന്നതാന്നും
അതേത്തൊട്ടു
കളി വേണ്ടെന്നും
ചെറുക്കനോടു
പറയാൻ മുട്ടിയെങ്കിലും
പുണ്യാളനരിശം
വന്നാലോന്നോർത്തു
വിഴുങ്ങി …
എത്നിക് പീസല്യോ
അപ്പാപ്പൻ
സമ്മാനിച്ചതല്യോ
ഇച്ചിരെ ക്ലാവു
പിടിച്ചതാണേലും
പ്രണയം പുരണ്ടതല്യോ
പുണ്യാളനിഷ്ടപ്പെടും
ഇങ്ങു താന്നു
കാശുപെട്ടീം കൊണ്ടു
ചെറുക്കനൊറ്റ പോക്ക്!
പുണ്യാളൻ്റെ
പ്രാർത്ഥനയെന്നതാന്നു
അറിയത്തില്ലേലും
എൻ്റെ
വാലൻ്റയിൻ പുണ്യാളാ
ചെറുക്കനെ
കാത്തോളണേയെന്നു
കണ്ണുനിറച്ചു..
![](https://www.ivayana.com/wp-content/uploads/2025/02/jisajose-150x150.jpg?v=1739622816)