ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

എല്ലാ വെറുപ്പുകൾക്കിടയിലും എന്തുകൊണ്ട് ഞാൻ നിന്നെ ഗാഢമായി പ്രണയിക്കുന്നു എന്നെനിക്കറിയില്ല.
നമുക്കിടയിൽ വെറുപ്പാണോ പ്രണയമാണോ കൂടുതൽ എന്ന് ചോദിച്ചാൽ, തുലാസിന്റെ തട്ട് എങ്ങോട്ടു താഴ്ന്നിരിക്കും എന്ന് ഞാനും നീയും തീരുമാനിച്ചാൽക്കൂടി കണ്ടെത്താനാകില്ല എന്നാണ് എനിക്ക് തോന്നുന്നത്.
എന്തുകൊണ്ടാണ് നമുക്കിടയിലെ ബന്ധം സങ്കീർണ്ണതകൾക്കിടയിലൂടെ കടന്നുപോകുന്നത്? എന്തുകൊണ്ട് നാം കൂടുതൽ പരസ്പരം അറിഞ്ഞു നമുക്കിടയിലെ അഹംബോധങ്ങളെ വെടിയുന്നില്ല. നമുക്കിടയിലെ മത്സരങ്ങളിൽ ആരാണ് ജയിക്കുക, അതാണ് ജീവിത നേട്ടമെന്ന് കരുതുന്നതാണോ?
അക്ഷരങ്ങളിൽ ചാലിച്ചു പ്രണയം എന്നിലേക്ക്‌ എത്ര സരളമായാണ് നീ ഒഴുക്കികൊണ്ടിരുന്നത്. നിന്റെ വാക്കുകളിലൂടെ, അതിന്റെ ലക്ഷ്യങ്ങൾ ഞാൻ എപ്പോഴും ആസ്വദിച്ചിരുന്നു.

എന്റെ പ്രിയനേ, എന്ന് തുടങ്ങുന്ന അനേകായിരം കത്തുകളും, കുറിപ്പുകളൂം.
ആദ്യവാക്കിൽത്തന്നെ, എന്നെ ഗാഢമായി ആലിംഗനം ചെയ്യുന്ന പ്രതീതി. നിന്റെ വാക്കുകളിൽ എപ്പോഴും ഒരു ഇളംകാറ്റ് തങ്ങി നിന്നിരുന്നു. വർണ്ണശലഭങ്ങൾപോലെ അക്ഷരങ്ങൾ എന്റെ നെഞ്ചിൽ പറന്നിരിക്കുമായിരുന്നു. അക്ഷരങ്ങളിൽ നീ ചേർക്കുന്ന നിന്റെ ഗന്ധം എന്റെ പ്രാണശ്വാസത്തിൽ അലിഞ്ഞുചേർന്നു എന്നിൽ ലയിക്കുമായിരുന്നു.
പ്രണയിക്കുമ്പോൾ പ്രണയം മാത്രമേയുള്ളൂ.
മറ്റെല്ലാ ലോകങ്ങളും നമുക്ക് ചുറ്റും നിന്ന് മാഞ്ഞുപോവുകയാണ്. രണ്ടാൾ മാത്രം, അവരുടെ സുരഭിലമായ ചിന്തകളുടെ, അഭംഗുരമായ ഒഴുക്ക്. അതിനുള്ളിലെ ഒഴുക്കിന്റെ ഓളങ്ങൾ അവരുടെ കാൽപാദങ്ങൾ പുൽകും. അത് ഉണർത്തുന്ന രോമാഞ്ചം, അവരുടെ ഹൃദയങ്ങളിലേക്ക് പടർന്നു കയറും. ഹൃദയത്തിൽ വിരിയുന്ന അനേകായിരം പുഞ്ചിരികൾ അവർക്ക് ഉൾക്കൊള്ളാവുന്നതിൽ കൂടുതൽ ആയിരിക്കും.

കരകവിഞ്ഞൊഴുകുന്ന പുഴപോലെയാണ് പ്രണയകാലം. ചിന്തകളെ നിരന്തരമായി ഒരാളിൽ കെട്ടിയിട്ട്, അയാളിൽ മാത്രം ഒതുങ്ങുന്ന മുഹൂർത്തങ്ങൾ മാത്രം. ഒരാൾക്ക് മറ്റൊരാളിലേക്ക് ഒഴുകിച്ചേരാനുള്ള അദമ്യമായ ആഗ്രഹം. ചേർന്നൊഴുകുന്ന അരുവിയിൽ, ഹൃദയങ്ങളുടെ കളകളാരവം.
നിങ്ങളതെല്ലാം മറന്നുപോയിരിക്കുന്നു. എത്രയോ പുസ്തകങ്ങൾ നിറയെ നിങ്ങളുടെ പ്രണയം എനിക്കായി എഴുതി നിറച്ചു തന്നിട്ടുണ്ട്. എന്നിട്ടിപ്പോൾ എന്നോട് വെറുപ്പാണത്രെ!
നമ്മളിൽ ആരെയാണ് അഹംഭാവം വിഴുങ്ങിയത്? എന്നെയോ, നിന്നെയോ, അതോ രണ്ടുപേരിലും തത്തുല്യമായി പ്രണയത്തേക്കാൾ ഉപരിയായി നമ്മുടെ അഹങ്കാരങ്ങൾ പടർന്നു പന്തലിച്ചുവോ?

പ്രണയകാലത്ത്, നാം ഒരുപാടു ഊഞ്ഞാലകൾ ആടി തീർത്തിട്ടുണ്ട്. ആകാശത്തിലേക്ക് നീ പിറകിൽ നിന്ന് തള്ളി ഉയർത്തിവിടുമ്പോൾ, ധൈര്യത്തോടെ ഞാൻ ആഞ്ഞുകുതിക്കുമായിരുന്നു. ഭൂമിയിൽ നിന്നകന്നു അന്തരീക്ഷത്തിൽ എനിക്കായി നീ എന്തോ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നും, അത് കൈയ്യെത്തിപ്പിടിക്കാൻ നീ ജീവിതകുതിപ്പിലൂടെ എന്നെ നയിക്കുകയായിരുന്നെന്നും എനിക്ക് തോന്നിയിരുന്നു.
അന്തരീക്ഷത്തിൽ നീ എനിക്കായി ഒളിപ്പിച്ചുവെച്ച ഒരുപാട് പ്രണയലേഖനങ്ങൾ ഞാൻ കണ്ടെത്തിയിരുന്നു. നീ നിന്റെ മനസ്സ് ആകാശത്താണ് എഴുതി നിറച്ചിരുന്നത്. ഇടക്കെപ്പോഴോ അവയെല്ലാം ഒന്നുചേർന്നു മഴവില്ലുകളായി എന്റെ ചക്രവാളങ്ങളിൽ വിരിഞ്ഞു, എന്നെ പുൽകാൻ വരുന്നതുപോലെ എനിക്ക് തോന്നിയിരുന്നു.
നീ എന്റെ ഗന്ധർവ്വനാണോ എന്നുപോലും ചില നിമിഷങ്ങളിൽ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. എനിക്ക് പ്രണയം പകർന്നുതരാൻ മാത്രം ഭൂമിയിൽ എനിക്ക് മുന്നിൽ അവതരിക്കുന്ന എന്റെ ഗന്ധർവ്വൻ.

നീ അരികിൽ ഇല്ലാത്ത നിമിഷങ്ങളിൽ നീ ഗന്ധർവ്വ രാജ്യത്ത് എന്നെക്കാണാതെ ഉഴറുകയിരുന്നോ എന്നെനിക്കു തോന്നിയിരുന്നു.
പ്രണയത്തിന് ഒരു തലമുണ്ടല്ലോ, അത് മനുഷ്യനിൽ നിന്നുയർന്നു, ആത്മീയമായ ഒരു തലത്തിലേക്ക് ഉയർന്നുപോകും. അതിന്റെ പാരമ്യങ്ങൾ നമ്മൾ രണ്ടുപേരും അനുഭവിച്ചതാണ്.
ചുംബനങ്ങളിലോ രതികളിലോ തീരുന്നതല്ല പ്രണയം, അതൊരു സമർപ്പണമാണ്, ഞാൻ എന്ന വ്യക്തിയെ, നീയെന്ന, ഞാൻ ആരാധിക്കുന്ന ഒരു ആത്മീയശക്തിക്ക് സമർപ്പിക്കുന്ന പ്രയാണം. അത് ഒരു തിരിച്ചുപോക്കിനുള്ള സമർപ്പണമല്ല, ഒരാൾ ഈ ഭൂമിയിൽ നിന്ന് മടങ്ങുമ്പോൾ മാത്രം അടർന്നുമാറുന്ന സത്യം മാത്രമാണത്. ശരീരം ഉപക്ഷിച്ചു ഒരാൾ പോയാലും, ജീവിച്ചിരിക്കുന്ന ഒരാളിലൂടെ അവർ രണ്ടുപേരും അനശ്വരമാവുകയാണ്. അവരുടെ ചിന്തകളാണ് പിന്നെ ജീവിച്ചിരിക്കുന്ന ഒരാളിൽ ഉണ്ടാവുക. ചക്രവാളങ്ങളിൽ നിന്ന് അയാൾ അല്ലെങ്കിൽ അവർ കേൾക്കുക കൂടുവിട്ടുപോയയാൾ പകർന്നു നൽകിയ പ്രണയം മാത്രമായിരിക്കും.

ഇടക്കുണ്ടാകുന്ന ശണ്ഠകൾ ചിലപ്പോൾ, കൂടുതൽ കാർന്നു തിന്നാനുള്ള കൊതിയിൽ നിന്ന്, അത് കിട്ടാതെയാകുമ്പോൾ ഉണ്ടാകുന്ന നൈരാശ്യങ്ങൾ ആയിരിക്കാം. നിരന്തരമായ നൈരാശ്യങ്ങൾ വെറുപ്പിലേക്കും ചിലപ്പോൾ നയിച്ചേക്കാം. എന്നാൽ ആത്യന്തികമായി നിങ്ങൾ തേടുന്നത് പ്രണയത്തിന്റെ അത്യാഗ്രഹങ്ങൾ മാത്രമാണ്. ആഗ്രഹങ്ങൾക്കും അത്യാഗ്രഹങ്ങൾക്കും ഇടയിലെ അതിർവരമ്പുകൾ അറിയാതെ സ്വയം ക്ഷോഭിക്കുന്ന നമ്മൾ, നമ്മുടെ ക്ഷോഭം തന്റേത് മാത്രമെന്നു കരുതുന്ന ഇണയിലേക്ക് തിരിച്ചുവിടുന്നതുമായിരിക്കാം. ഒരാൾ കാണിക്കുന്ന വൈരാഗ്യം, വെറുപ്പ് അയാളുടെതന്നെ ഉള്ളിലെ പോരായ്മകളുടെ ബഹിർഗമനമാണെന്ന് മറ്റെയാൾ തിരിച്ചറിയണമെന്നുമില്ല.
അപ്പോൾ നമ്മുടെ മനസ്സ് ഗന്ധർവ്വ നിമിഷങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് താഴ്ന്നു വരുന്നു.

പടുത്തുയർത്തിയ പ്രണയത്തിന്റെ വികാരവായ്പുകളുടെ ജീവിതം നമുക്ക് മുന്നിൽ നാംത്തന്നെ തകർത്ത് തരിപ്പണമാക്കുന്നു.
ഞാൻ എന്നെ നിന്റെ മുന്നിൽ തുറന്നു വെച്ച് കഴിഞ്ഞു. ഇനിയും എന്റെ പ്രണയം നിനക്ക് വേണമെങ്കിൽ, ചെറിയ പിണക്കങ്ങൾ കൂട്ടിവെക്കാതെ, നമുക്കവ മറന്നു കളയാം.
ആകാശത്തേക്ക് തള്ളിവിടുന്ന ഊഞ്ഞാലുകൾക്ക് പകരം, ആകാശത്ത് പറക്കുന്ന വിമാനത്തിൽ കയറി, പ്രണയത്തിന്റെ പുതിയ ദ്വീപുകൾ നമുക്ക് കണ്ടെത്താം.
എന്റെ പ്രിയപ്പെട്ടവളേ, നിനക്കെന്റെ ഹൃദയം നിറഞ്ഞ പ്രണയദിനാശംസകൾ.

കാവല്ലൂർ മുരളീധരൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *