രചന : ഷാജി പേടികുളം✍
റാഗിംഗിൻ്റെ ഭീകരമുഖം
കണ്ടിട്ടും കാണാതെ
കണ്ണുപൊത്തും സമൂഹമേ
ലജ്ജിക്കുന്നു ഞാൻ.
സഹപാഠിയെന്ന പ
രിഗണനയേകാതെ
പച്ചമാംസത്തിൽ
ചോര ചിന്തുംവണ്ണം
ചിത്രമെഴുതിയവർ
നാളെ സമൂഹത്തിൽ
സ്വന്തം മക്കളുടെ നെഞ്ചത്തു ചിത്രമെഴുതുമ്പോൾ
അലമുറയിട്ടു കരയാനെങ്കിലും നിങ്ങൾക്കാവുമോ?
നാളെയുടെ
വാഗ്ദാനമാകുവാൻ സ്വപ്നം കണ്ടൊരഭിമാനികൾ
അവരെ നഗ്നനരാക്കി ക്രൂരതകൾ ഫോട്ടോഷൂട്ടു നടത്തി രസിക്കവേ
ഇരകളനുഭവിച്ച വേദന
ആത്മസംഘർഷം
എൻ്റെ ഹൃദയത്തെ
തകർത്തപ്പോൾ
മനസ്സിനെ
ഭ്രാന്തമാക്കിയപ്പോൾ
ഞാൻ അലറി വിളിക്കേ
നിങ്ങൾ ഭയത്താൽ
കണ്ണുകൾ പൂട്ടി
കാതുകളടച്ച് വാ പൂട്ടി
മക്കളെ ചേർത്തു
പിടിച്ചൊളിച്ചിരുന്നോ?
സ്വന്തം മക്കളെക്കുറിച്ചോർത്തു വേദനിച്ചില്ലേ?
ഭയത്താൽ ശബ്ദമിടറിയോ ?
മൂകരായി ബധിരരായന്ധരായി
പ്രതികരിക്കുവാനാവാതെ
ജീവച്ഛവമായി മാറിയോ !
ഹാ! കഷ്ടം നിങ്ങളെയോർത്തു
ലജ്ജിപ്പു ചരിത്രപ്പുരുഷൻമാർ
അവരൊഴുക്കിയ ചോര
വീണു പരന്ന ഭൂവിൽ നാം
നാണക്കേടിൻ പ്രതിരൂപമായി
നിഴലുകളാകുന്നുവോ?
സാംസ്കാരിക നായകർ
കുംഭകർണ സേവ ചെയ്യുന്നു
നാടിൻ സേവകർ കീശ
നിറയ്ക്കുവാനോടിത്തളരുന്നു
വർണ വർഗീയ രാഷ്ട്രീയ
ചങ്ങലയില്ലാത്ത നാവുകൾ
ശബ്ദമുയർത്തട്ടെ
കണ്ടവരും കേട്ടവരുമുണ്ടെങ്കിൽ
പ്രതികരിക്കട്ടെ….
തനിയാവർത്തനങ്ങൾക്കായി
കാത്തിരിക്കാം.
