രചന : അഹ്‌മദ് മുഈനുദ്ദീൻ.✍
നീയെത്ര ഭാഗ്യവതിയാണ്.
നിന്നെയും വഹിച്ചൊരാൾ
കടൽകടക്കുന്നു
മണലാരണ്യത്തിലും
നിൻ്റെ പേർ മുഴങ്ങുന്നു
നിൻ്റെ വിചാരത്താൽ
ഉന്മാദിയാവുന്നു
നീയെത്ര ഭാഗ്യവതിയാണ്.
എത്ര കവിതകളിലൂടെയാണ്
നിന്നെ ഒളിച്ചുകടത്തുന്നത്
കൊത്തിവെച്ച ചിത്രങ്ങൾക്ക്
കണക്ക് വെച്ചിട്ടില്ല
ചുണ്ടുകളിൽ നിന്ന്
അടർന്നുപോകാത്ത പാട്ടിൽ
നീയൂറിനിൽപ്പുണ്ടെന്ന്
നിനക്ക് മാത്രമല്ലേ അറിയൂ
നീയെത്ര ഭാഗ്യവതിയാണ്.
നീയറിയാത്ത നിന്നെ
എത്രയെളുപ്പത്തിലാണ്
കണ്ടെത്താനായത്.
നിന്നെ മാത്രം പ്രദക്ഷിണം വെച്ച്
പുഞ്ചിരിപ്രസാദം പ്രതീക്ഷിച്ച്
തൊഴുതുനിൽക്കുന്നത്
കാണുന്നില്ലേ
ഒരു ദ്വീപെന്ന പോലെ
ഒരു മണൽ കാറ്റെന്ന പോലെ
ഞാൻ ചുറ്റിപ്പിടിക്കുന്നു
നീയെത്ര ഭാഗ്യവതിയാണ്
നിൻ്റെ പേരുചൊല്ലി വിളിക്കുന്നത്
കേൾക്കുന്നില്ലേ.
ഈ ഒളിച്ചുകളിയിൽ
നീ പരാജയപ്പെടുകയേയുള്ളൂ
നിന്നോട് തോൽക്കാൻ കൊതിക്കുന്നൊരാളെ
നീയെങ്ങനെ തോൽപ്പിക്കാനാണ്.
