രചന : അനശ്വര ജ്ഞാന ✍
മനസ്സ് കൊണ്ട് ഞാൻ ഇന്നൊരു വൃദ്ധ ആണ്!
അകാല വാർദ്ധക്യം പിടിപ്പെട്ട വൃദ്ധ! ഓർമ്മകൾക്ക് നല്ലോണം മറവിയേറ്റിട്ടുണ്ട് പക്ഷെ കാഴ്ച്ചകൾ നേരിയ തോതിൽ വ്യക്തമാണ്.
കേൾവി ശക്തിയും പരിമിതം തന്നെ,
അത്യാവശ്യം ഉള്ളതിനുമപ്പുറം ഒന്നും തന്നെ കേൾക്കാനും ഒന്നിലേക്കും ശ്രദ്ധ കൊടുക്കാനും അതിന് കഴിയുന്നില്ല!മനസ്സിന് വാർദ്ധക്യം പിടിപ്പെട്ടെങ്കിലും ആത്മാവിന് മൗനം നൽകുന്ന സൗന്ദര്യം അത് ഒന്ന് വേറെ തന്നെ ആണ്.
ശരീരത്തിന്റെ മിനുസത്തിനോ മൃതുത്വത്തിനോ അഴകിനോ യാതൊരു വിധ കേടുപാടുകളും സംഭവിച്ചിട്ടില്ല! ഞാൻ ഇടക്കൊക്കെ ഒന്ന് തൊട്ട് നോക്കും. വിരലുകളിൽ ചുളിവുകൾ തടഞ്ഞാൽ ശരീരത്തിനും വാർദ്ധക്യത്തിന്റെ ക്ഷയങ്ങൾ ബാധിച്ചു തുടങ്ങിയെന്ന് ഉറപ്പിക്കാമല്ലോ എന്ന് കരുതി ഞാൻ വെറുതെ ഇടക്കൊക്കെ സ്വയമേ ഒന്ന് തൊട്ട് നോക്കും.
ഉൾക്കാഴ്ച്ചകളുടെ കൂർമത കൊണ്ട് ചിലപ്പോൾ ഒക്കെ നേര്കാഴ്ച്ചകൾക്ക് മങ്ങൽ ഉള്ളത് പോലെ തോന്നാറുണ്ട്.
ക്ഷമ മനസ്സിനെ അടക്കി ഭരിക്കാൻ ആരംഭിച്ചത് മുതൽ കാലുകളുടെ വേഗതയും കുറഞ്ഞത് പോലെയുണ്ട്!
ഇതിന്റെ ഒക്കെ അടിസ്ഥാനം ഈ മൂന്നാം മാനത്തിലേക്ക് ഇടയ്ക്കിടെയുള്ള എത്തിനോട്ടം ആണ്.
ഒരു അടിമയെ സ്നേഹിക്കുന്നതിലും ഭീകരമായ അവസ്ഥ ആണ് ഒരുപാട് അടിമകളുടെ അടിമയെ സ്നേഹിക്കുന്നത്.അങ്ങനെ ഉള്ള
ഒരുവന് ഒരിക്കലും ശക്തൻ ആവാൻ കഴിയില്ല.
കരിമ്പുലിയുടെ വേഷമണിഞ്ഞ കരിമ്പൂച്ചയെ പോലെ ബലഹീനൻ ശക്തൻ ആണെന്ന് വരുത്തി തീർത്ത് ജീവിക്കാൻ തുടങ്ങിയാൽ…
അവന്റെ ജീവിതം പട്ടാപകൽ ഇരുട്ടത്തിരുന്നു വെളുക്കാത്ത രാത്രിയെ പഴിച്ചു പഴിച്ചു ഏതെങ്കിലും ഒരു അന്ധകാരത്തിലേക്ക് നട തള്ളപ്പെടും.
നിങ്ങൾ ഒരു വ്യക്തിയുടേയോ ഒരു കൂട്ടം വ്യക്തികളുടേയോ നിയന്ത്രണത്തിൽ ആണ് ജീവിക്കുന്നതെങ്കിൽ അത് അവരുടെ കഴിവ് അല്ല മറിച്ച് നിങ്ങളുടെ കഴിവ് കേടാണ്.
നിങ്ങൾ അനുവദിക്കാതെ മൗനസമ്മതം നൽകാതെ ആരും നിങ്ങളെ എവിടെയും ബന്ധിച്ച് വയ്ക്കുക ഇല്ല.
ഇത്തരം കഴിവ് കെട്ടവരാണ് അവരെ രക്ഷിക്കാൻ നീട്ടുന്ന കൈകൾക്ക് ചുളിവുകൾ സമ്മാനിക്കുന്നത്.
പണ്ടെങ്ങോ പാനം ചെയ്ത അമൃത് അമരത്വം പ്രധാനം ചെയ്തിട്ടുള്ളതിനാൽ ആത്മാവിനെ പരിപോഷിപ്പിച്ചുകൊണ്ട് അനശ്വരതയിൽ വിലയം കൊള്ളുക എന്നല്ലാതെ മറ്റൊരു വഴിയോ ലക്ഷ്യമോ ഇപ്പോൾ മുന്നിൽ ഇല്ല!
അവസ്ഥകളെ ഉന്മൂലനം ചെയ്യാൻ പ്രാപ്തി ഇല്ലാത്തവൻ മരണം വരെ അവസ്ഥകളിൽ തന്നെപ്പെട്ട് ഇഴഞ്ഞു ജീവിക്കും!
മാറാൻ സമയമായി!
✍️
