രചന : ജോബിഷ്‌കുമാർ ✍
പ്രിയപ്പെട്ടവളെ..
നോക്കൂ..
നാരക പൂക്കളുടെ
ഗന്ധമൊഴുകുന്ന
നിന്റെ പിൻകഴുത്തിൽ
എന്റെ ചുണ്ടുകൾ കൊണ്ട്
ഞാനൊരു കവിത വരച്ചിടട്ടെ..
നിന്റെ
വിരലുകളുടെ
ഇളം ചൂടിനാൽ നീയെന്നെ
തഴുകിയുണർത്തിയാൽ മാത്രം
ഉറവയെടുക്കുന്നൊരു
പുഴയുണ്ടെന്നിൽ
അതിനുള്ളിലേക്ക്
ഞാൻ നിന്നെ വലിച്ചെടുക്കാം
ചെമ്മണ്ണു വിരിച്ച പാതയുടെ
ഇരുവശങ്ങളിൽ
കണ്ണാന്തളിപ്പൂക്കൾ മാത്രം
വിടർന്നു തലയാട്ടുന്ന
ആ വഴിയിൽ കൂടി
നമുക്കൊരു യാത്ര പോകണം
മഞ്ഞും മഴയും
പ്രണയിച്ചു പെയ്യുന്ന
നിലാവ് മാത്രം കടന്നു
വരുന്നൊരു കുന്നിന്റെ മുകളിലേക്ക്
കാട്ടുചെമ്പക ഗന്ധം
സിരകളിൽ ലഹരിയാകുന്ന
ആ രാവിൽ നിനക്ക്
ഞാനെന്റെ പ്രണയം നൽകാം
നിന്നിലെ കുന്നുകൾ
കയറിയിറങ്ങി
നിന്നിലെ ചുഴികളിൽ
ശ്വാസം നഷ്ടപ്പെട്ട്
നിന്നിലെ ആഴങ്ങളിൽ
മുങ്ങിത്താഴ്ന്ന്
ഒടുവിലൊടുവിൽ നിന്നിലൊരു
കിതപ്പോടെ അലിഞ്ഞൊഴുകണം
പ്രിയപ്പെട്ടവളെ…
ശേഷം…
ഞാനെഴുതിയ
ഏറ്റവും മനോഹരമായ കവിത
നിന്നിൽ തന്നെയെന്നെനിക്ക്
നിന്റെ ചെവിയിൽ ചുണ്ടമർത്തി മന്ത്രിക്കണം
നീയൊരു മയക്കത്തിൽ
അതിനൊരു
ചുടുനിശ്വാസം മാത്രമേകി
അതേയെന്നുത്തരം നൽകുക
ഏറ്റവും പ്രണയത്തോടെ…
