നെൽസൺ ഫെർണാണ്ടസ്,
നിങ്ങൾക്കറിയാമോ
ആയിരം അടിമകളെയും
ആയിരം കുതിരകളെയും
ആയിരം പടയാളികളെയും
വഹിച്ച് ഏഴുകടലുകൾക്കും
അപ്പുറത്ത് നിന്ന് ഒരു കപ്പൽ
പുറപ്പെട്ടിട്ടുണ്ടെന്നത്…?
ഒരു മഴത്തുള്ളിയുടെ
നിറഞ്ഞ മാറിടത്തെയോർത്ത്
ഭൂമി സ്ഖലിക്കുന്ന ദിവസമത്
തീരത്തണയുമെന്നത്…?
നെൽസൺ ഫെർണാണ്ടസ്,
എന്റെ മൃതദേഹം
ജീർണിച്ചു കഴിഞ്ഞിരിക്കുന്നു.
മണ്ണിനടിയിലെന്റെ
വിശപ്പിന്, ദാഹത്തിന്
ഒരു കൊക്കരണിയേക്കാൾ
ആഴം!
മണ്ണിനടിയിലെന്റെ
കാമത്തിന് ഒരു
കരിമ്പനയേക്കാൾ ഉയരം!
കുഴിമാടത്തിന് മുകളിൽ
നീളൻ പുല്ലുകൾ
വളർന്നുമുറ്റിയിരിക്കുന്നു.
തൊടിയിലലയുന്ന
കോഴികൾ, മറ്റു പക്ഷികൾ
അവയ്ക്കിടയിൽ
ചിക്കിച്ചികയാറുണ്ട്.
കാഷ്ഠിച്ച് നിറയ്ക്കാറുണ്ട്.
കാഷ്ഠത്തിന്റെ ഗന്ധം
മുറിയിലൂരിയിട്ട
വിയർത്തുനാറിയ
വസ്ത്രങ്ങളെ ഓർമ്മിപ്പിക്കുന്നു.
അവയ്ക്ക് എന്ത് സംഭവിച്ചിരിക്കാം ?
മേശപ്പുറത്ത് പാതിവായിച്ചുനിർത്തിയ
പുസ്തകവുമുണ്ട്.
അതിൽ തീവ്രതയാർന്ന
ഇണചേരലിന് ശേഷം തളർന്നു
മയങ്ങുന്ന രണ്ടു സിംഹങ്ങളുണ്ട്.
പാതി കുടിച്ചുനിർത്തിയ മദ്യക്കുപ്പിയുണ്ട്.
കുപ്പിക്കുള്ളിലൊരു കടന്നലുണ്ട്.
കൊമ്പിൻ മൂർച്ചയോട്
സിറിഞ്ച് തോൽക്കും.
പുകയുന്ന തലച്ചോറിലത്
കാലിഗ്രാഫി ഇമേജുകൾ വരയും.
രക്തം പൊടിയും…
മരണശേഷം ദാനം നൽകിയ
കണ്ണുകൾ ഒരു വൃദ്ധനിൽ
വെച്ചുപിടിപ്പിച്ചിരിക്കുന്നു.
അയാളോ, ന്യായവിലമരുന്നുഷോപ്പിന്റെ
കൗണ്ടറിൽ വരിയുടെ
ഏറ്റവുമൊടുവിൽ…
നെൽസൺഫെർണാണ്ടസ്,
എനിക്കെന്റെ കണ്ണുകൾ
തിരികെതരിക.
പാൻഡോറയുടെ പെട്ടകത്തിലെ
നീലശലഭങ്ങളെ തുറന്ന കണ്ണുകളാൽ
സ്വപ്നം കാണണമെനിക്ക്.
പാതിവായിച്ചു നിർത്തിയ
പുസ്തകത്തിൽ ഭോഗശേഷം
ഉറങ്ങുന്ന സിംഹങ്ങളുടെ
അകത്തിവെച്ച കാലുകൾക്കിടയിൽ
നിന്നും വായന തുടരണമെനിക്ക്.
വിയർപ്പുവാടയും, ശുക്ലക്കറകളും
നിറഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങൾ
അലക്കിമിനുക്കണമെനിക്ക്.
ഒരേകാന്തപഥികനീ ഭൂമിയിൽ
ജീവിച്ചിരുന്നുവെന്നതിന്റെ
തെളിവിനായി മാത്രം
മരണസർട്ടിഫിക്കറ്റിന്
അപേക്ഷ കൊടുക്കണമെന്നും
ആലോചിക്കുന്നു.
നെൽസൺ ഫെർണാണ്ടസ്,
നിങ്ങൾക്കറിയാമോ
ആയിരം അടിമകളെയും
ആയിരം കുതിരകളെയും
ആയിരം പടയാളികളെയും
വഹിച്ച് ഏഴുകടലുകൾക്കും
അപ്പുറത്ത് നിന്ന് ഒരു കപ്പൽ
പുറപ്പെട്ടിട്ടുണ്ട് എന്നത്…?
ഒരു മഴത്തുള്ളിയുടെ
നിറഞ്ഞ മാറിടത്തെയോർത്ത്
ഭൂമി സ്ഖലിക്കുന്ന ദിവസമത്
തീരത്തണയുമെന്നത്…?

സെഹ്റാൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *