രചന : S ജയചന്ദ്രൻനായർ കഠിനംകുളം. ✍
ചോരചാറിപറന്നകാർമേഘമേ
ചോർന്നൊലിക്കുന്നഹൃത്തടംപേറിനീ,
കാലമെത്രപറന്നിടുംമേഘമായി
കാതമെത്ര പറന്നിടും ഭൂമിയിൽ.
കാഴ്ച കണ്ടുനിൻ കൺകളിലന്ധത,
ബാല്യരോദനംതീർത്തോബധിരത,
ആർത്തനാദവും മതവെറി ഘോഷവും
ഹൃദ്പുടത്തിലെ തന്ത്രികൾ പൊട്ടിയോ.
ചേതനയറ്റയമ്മതൻ മാറിലായ്
ചേർന്നമർന്നു നുണക്കുന്നയമ്മിഞ്ഞ,
ചോരവാർന്നുവോ കുഞ്ഞിചൊടികളിൽ
കാഴ്ച കണ്ടുനിൻഹൃത്തടം പൊട്ടിയോ.
ഉള്ളുകാളുന്ന വയറിന്റെ രോദനം
തിന്നുമാറ്റുവാനൊരു വറ്റുതേടിയാ-
കുഞ്ഞുപൈതങ്ങളലയുന്ന കാഴ്ചനിൻ,
ഹൃദ്ടത്തിലെ ചോര ചാൽകീറിയോ.
പശ്ചിമേഷ്യയും ഉക്രൈൻ ദേശവും,
കണ്ടുനിന്മുഖം വാടികരിഞ്ഞുവോ-
തീപുകതുപ്പി അഗ്നിസ്പുലിംഗങ്ങൾ,
നിന്റെ മാറ് പിളർത്തിയോ മേഘമെ.
മാനവാ നിന്റെ മാനുഷ്യകങ്ങളിൽ
ചോരനക്കുന്ന പേവിഷപക്ഷിയോ,
തീകനൾ കണ്ണുമായിരച്ചെത്തുന്ന
ചോരതേടുന്ന ചെന്നായ്മൃഗങ്ങളോ.
